പാലക്കാട്: ഒരു കോടി രൂപയുടെ നിരോധിച്ച കറന്‍സി നോട്ടുകള്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റില്‍.
പൊള്ളാച്ചി തെപ്പകുളം സ്വദേശി രാജാ മുഹമ്മദ് (37), മഞ്ചേരി സ്വദേശികളായ തോട്ടത്തത്തില് അമീറുദ്ദീന്‍ (45), മുള്ളന്‍പാറ ഔനിപുറത്ത് അബ്ദുള്‍ റഷീദ് (39), ആലപ്പുഴ കൊമ്മാടി സ്വദേശി വിജയകുമാര്‍ (47) എന്നിവരാണ് പിടിയിലായത്.
പഴയ 1000, 500 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. ഇവരില്‍ നിന്ന് പുതിയ 2000 രൂപയുടെ രണ്ടു ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പാലക്കാട്-കോട്ടായി റോഡില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറുകള്‍ സിഐ ആര്.ശിവശങ്കരന്റെ നേതൃത്വത്തില്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
തമിഴ്നാട്, മലപ്പുറം രജിസ്ട്രേഷനുകളിലുള്ള രണ്ട് കാറുകളാണ് പിടിയിലായത്. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിരോധിച്ച നോട്ടുകള്‍ ജൂണ്‍ 30 വരെ ബാങ്കില്‍ മാറാന്‍ അവസരമുണ്ട്. ഇതിന്റെ മറവില്‍ പണം ഗള്‍ഫിലെത്തിച്ച് എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വഴി മാറ്റാനുള്ള ശ്രമമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വന്‍സംഘമാണ് ഇതിന് പിന്നിലുള്ളതെന്നാണ് സൂചന. ആറുകോടി രൂപയാണ് സംഘം പലയിടത്തു നിന്നായി ശേഖരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
പിടിയിലായ സംഘത്തോടൊപ്പം കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നു. ഇവയിലായിരുന്നു ബാക്കി പണമെന്ന് കരുതുന്നു. ഒറ്റപ്പാലം കേന്ദ്രീകരിച്ച് നോട്ടിടപാട് നടത്തുന്ന വന്സംഘങ്ങളുണ്ട്. ഇവരുമായി സംഘത്തിനുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
നിരോധിച്ച നോട്ടുകള്‍ മാറുന്നതിനായി ചില ബാങ്ക് മാനേജര്‍മാര്‍ സഹായിക്കുന്നതായും പോലീസ് സംശയിക്കുന്നു. സിപിഒമാരായ ആര്.വിനീഷ്, കെ.ആര്.സുദേവന് എന്നിവരും നോട്ട് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: