വായനയില്‍ ആത്മകഥകള്‍ക്ക് വലിയ ഡിമാന്റാണ് ഇപ്പോഴുള്ളത്.പ്രശസ്ത പുസ്തക പ്രസാധകരുടെ ഈയിടെ നടന്ന വിപണനമേളയില്‍ ആത്മകഥകളാണ് കൂടുതലും വിറ്റുപോയത്.നോവല്‍,കഥ,കവിത എന്നിവയ്‌ക്കു പകരം പ്രശസ്ത വ്യക്തികളുടെ ആത്മകഥ കൂടുതല്‍ വായിക്കപ്പെടുന്നത് വായന ആവശ്യപ്പെടുന്ന നന്മകളില്‍ ഒന്നാണ്.
സാഹിത്യ വിഭവം വായിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഗൗരവവും ചരിത്ര സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ ആഴ്ന്നിറങ്ങുന്നതിന്റെ കൗതുകങ്ങളും ഇത്തരം വായനയില്‍ കാണാം.രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തു വന്‍ സംഭാവനകള്‍ നല്‍കിയവരുടേയും വ്യക്തിഗത വിജയം നേടിയവരുടേയും ജീവിതം വായനയിലൂടെ അറിയുകയും അത് ഉത്തേജക ഭരിതമാവുകയും ചെയ്യുന്നത് വായനയിലൂടെ കിട്ടുന്ന വലിയ സേവനമാണ്.
ഗാന്ധി,ഹെലന്‍ കെല്ലര്‍,ഹിറ്റ്‌ലര്‍,ഇഎംഎസ്,ഇന്നസെന്റ് എന്നിവരുടെ പുസ്തകങ്ങള്‍ ഇങ്ങനെ വില്‍ക്കപ്പെട്ടതില്‍ ചിലതാണ്.നാളുകളായി ഇത്തരംപുസ്തകങ്ങളുടേത് വലിയ വില്‍പ്പനയാണ്.വേഗം വായിക്കാന്‍ കഴിയുകയും രസാനുഭൂതി കൂടുതല്‍ ഉണ്ടാവുകയും ചെയ്യുന്നത് നോവല്‍,കഥ എന്നീ സാഹിത്യ സരണികളിലൂടെയാണെന്ന് വായനക്കാര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ അത്തരം രസങ്ങള്‍ കിട്ടില്ലെന്നു കരുതപ്പെടുന്ന ആത്മകഥകള്‍ വലിയ വായനകള്‍ പിടിച്ചടക്കുന്നത് പുതിയൊരു മാറ്റമാണ്.
എന്നാല്‍ ഉന്നതമായ ആവേശവും ഉണര്‍വും പ്രധാനം ചെയ്യുന്ന ആത്മകഥകള്‍ ഭാവനയ്‌ക്കുപകരം യാഥാര്‍ഥ്യത്തോടും ചരിത്രത്തോടും കൂടുതല്‍ അടുത്തുനില്‍ക്കുന്നു എന്നതാണ് പ്രധാനം.നോവലും കഥയും കവിതയുമൊക്കെ സൃഷ്ടിക്കുന്ന താല്‍ക്കാലികാനുഭൂതി പക്ഷേ,ജീവിതത്തെ ഏതെങ്കിലും രീതിയില്‍ മാറ്റിമറിക്കുന്നത് അപൂര്‍വമായിരിക്കാം.എന്നാല്‍ ആത്മകഥ എവിടെങ്കിലും ഒരുമാറ്റത്തിന്റെ തരിമ്പ് വായനക്കാരില്‍ ഉണ്ടാക്കാതെ പോവില്ല.ഗാന്ധിയുടേയും ഹിറ്റ്‌ലറിന്റെയും ആത്മകഥകള്‍ രണ്ടുതരത്തിലാണ് വായിക്കപ്പെടുക.
ഗാന്ധിയുടേത് ത്യാഗത്തിന്റെയും സത്യസന്ധതയുടേയും ഉദാരതയാകുമ്പോള്‍ ഹിറ്റ്‌ലറിന്റേത് വെറുപ്പിന്റെ പ്രത്യയശാസ്ത്രം എന്താണെന്നു ഭീകരമായി ബോധ്യപ്പെടുത്തുന്നു.ഇന്നസെന്റിന്റെ ക്യാന്‍സര്‍ വാര്‍ഡ് എന്ന പുസ്തകം വായിക്കുമ്പോള്‍ മാരക രോഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്യാന്‍സറില്‍ നിന്നുള്ളമോചനത്തെക്കുറിച്ച് വലിയ പ്രതീക്ഷ നല്‍കും.വായന കൂടുതല്‍ കനപ്പെട്ടതായി എന്നു തന്നെയാണ് ആത്മകഥകളുടെ കൂടുതല്‍ വില്‍പ്പന നല്‍കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: