ന്യൂദല്‍ഹി: ടാറ്റാ മോട്ടോഴ്സിന്റെ ഇലക്ട്രിക് ബസ്സുകളുടെ പരീക്ഷണ ഓട്ടം ചണ്ഡീഗഢില്‍ തുടങ്ങി. 31 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്നതാണ് ഒമ്പത് മീറ്റര്‍ നീളമുള്ള ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത ബസ്സ്. ടാറ്റ അള്‍ട്രാ ഇലക്ട്രിക് ബസ് പതിനഞ്ച് ദിവസം പരീക്ഷണ ഓട്ടം നടത്തും.
ചണ്ഡീഗഢ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്ടേക്കിംഗും സംസ്ഥാന ഗതാഗത വകുപ്പുമാണ് പരീക്ഷണ ഓട്ടത്തിന് നേതൃത്വം നല്‍കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി നഗരത്തില്‍ വൈദ്യുത ബസ്സുകള്‍ അവതരിപ്പിക്കാനാണ് ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം.
നേരത്തേ പര്‍വാണു-ഷിംല റൂട്ടില്‍ ഒമ്പത് മീറ്റര്‍ ഇലക്ട്രിക് ബസ്സുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന ട്രയല്‍ റണ്‍. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്തതിലൂടെ ബസ് 160 കിലോമീറ്റര്‍ ഓടിയതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
നിലവില്‍ നാഗ്പുരില്‍ ഇലക്ട്രിക് ബസ്സുകളുടെ സമാന പരീക്ഷണ ഓട്ടത്തില്‍ ടാറ്റ മോട്ടോഴ്സ് പങ്കെടുക്കുന്നതായി എന്‍ജിനീയറിംഗ് ഗവേഷണ കേന്ദ്രം മേധാവി ഡോ. എകെ ജിന്‍ഡാല്‍ പറഞ്ഞു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ബസ്സുകള്‍ ഫല്‍ഗ് ഓഫ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: