മലപ്പുറം: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ അതിനെ തടയാന്‍ ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ഡിഎംഒ ഡോ.കെ.സക്കീന. കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ കൊതുകു നശീകരണം ഉറപ്പുവരുത്തിയാല്‍ മാത്രമേ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനാകൂ.
വേങ്ങരയിലാണ് ഡെങ്കിപ്പനി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
മറ്റ് സ്ഥലങ്ങളില്‍ നിന്ന് വേങ്ങരയിലെത്തി താമസിച്ചവരില്‍ പലര്‍ക്കും ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വേങ്ങര ടൗണ്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. നഗരത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും വൃത്തിഹീനമാണെന്ന് കണ്ടെത്തി. ഇത്തരക്കാരെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം പിഴയും ഈടാക്കുന്നുണ്ട്.
ജില്ലയില്‍ ഇതിനോടകം 223 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇനിയും മരണങ്ങള് കൂടാന്‍ സാധ്യതയുണ്ടെന്നും ഡിഎംഒ പറഞ്ഞു.
കരുവാരക്കുണ്ട്, കീഴുപറമ്പ്, വേങ്ങര, തിരൂരങ്ങാടി, വേങ്ങര, ചാലിയാര്‍ എന്നിവിടങ്ങളിലാണ് കൂടുതലായും ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്. ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കാനുള്ള സൗകര്യം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രമാണ്.
കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രതയോടെ പെരുമാറണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.
ഓരോതരം കൊതുകുകളും മുട്ടയിടാന്‍ വ്യത്യസ്ത സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. ഒരു സ്പൂണ്‍ വെള്ളം ധാരാളം മതി കൊതുകിന് മുട്ടയിട്ട് പെരുകാന്‍. പാത്രങ്ങളിലും മറ്റും ശേഖരിക്കുന്ന വെള്ളമാണ് ഡെങ്കിപ്പനിയും ചികുന്‍ഗുനിയയും പരത്തുന്ന കൊതുകുകള്‍ക്ക് താല്പര്യം.
പകര്‍ച്ചപ്പനി നിയന്ത്രണത്തിന് കൊതുക് നിവാരണം അനിവാര്യമാണ്.
അതില്‍തന്നെ ഏറ്റവും ഫലപ്രദമായ മാര്‍ഗം കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുന്നതാണ്. കൊതുകുകളുടെ മുട്ടകള്‍ വിരിയാന്‍ ഏഴുമുതല്‍ 10 ദിവസം വരെ എടുക്കും. വീടിന്റെ പരിസരങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, തുണി നനക്കുന്ന സ്ഥലം, ചിരട്ടകള്‍, തൊണ്ടുകള്‍, ടയറുകള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം എന്നിവ കളയുന്നതോടെ ലാര്‍വകളെ നശിപ്പിക്കാന്‍ കഴിയും. ഡിഎംഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: