കാസര്‍കോട്: പഞ്ചായത്ത് കെട്ടിടനിര്‍മ്മാണ ചട്ട പ്രകാരം തുറന്ന കിണര്‍, കുഴല്‍ കിണര്‍, ഹാന്‍ഡ് പമ്പ് കിണര്‍ എന്നിവ സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ അനുമതി വാങ്ങണമെന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല അവലോകനസമിതി യോഗത്തില്‍ തീരുമാനമായി. 2002 ലെ കേരളഭൂജല നിയമപ്രകാരം ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോല്‍, ദേലംപാടി, കാറഡുക്ക, മുളിയാര്‍ എന്നീ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭയും വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് ഭൂജല അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അനുമതിയില്ലാതെ കുഴല്‍ കിണര്‍ കുഴിക്കുന്നവര്‍ക്കെതിരെ ഭൂജല വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകള്‍ നടപടി സ്വീകരിക്കും. പെര്‍മിറ്റില്ലാതെ കുഴല്‍ കിണര്‍ കുഴിക്കുന്ന ഏജന്‍സികളുടെ റിഗ്ഗ് പിടിച്ചെടുക്കും. രാത്രി 10 മണിക്ക് ശേഷം കുഴല്‍ കിണര്‍ നിര്‍മ്മാണം അനുവദിക്കില്ല. പുതുതായി കുഴല്‍ കിണര്‍ കുഴിക്കുന്നവര് കൃത്രിമ വാട്ടര്‍ റീചാര്‍ജ്ജിംഗ് നിര്‍മ്മിതികള്‍ സ്ഥാപിക്കണം. പുഴയില്‍ നിന്നും, കുടിവെളളത്തിന് വേണ്ടി തടയണ കെട്ടിയ സ്ഥലങ്ങളില്‍ നിന്നും അനധികൃതമായി കൃഷി ആവശ്യത്തിന് വെളളം ഉപയോഗിക്കുന്നവരുടെ പമ്പ് സെറ്റ് കണ്ടുകെട്ടും. കൃഷി ആവശ്യത്തിന് വേണ്ടി അനുവദിച്ച വൈദ്യുതി കണക്ഷനുകള്‍ അസ്വാഭാവികമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: