മുണ്ടൂര്‍: പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ മുണ്ടൂര്‍ പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പഞ്ചായത്തിലെ മൂത്തേടത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കയറംകോടം, എഴക്കാട്, നരകശ്ശേരി, പുനത്തില്‍ തുടങ്ങിയ പ്രദേശങ്ങളിലും പടര്‍ന്നിട്ടുണ്ട്.
പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഒരുവനിതാ ഡോക്ടര്‍ മാത്രമുള്ള ആരോഗ്യകേന്ദ്രത്തില്‍ നിത്യേന നൂറ്റമ്പതിലധികം രോഗികളാണ് ചികില്‍സ തേടിയെത്തുന്നത്. ജീവിതശൈലിരോഗ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്ന വ്യാഴാഴ്ച ചികിത്സയ്ക്കും മരുന്നിനുമായി 250 മുതല്‍ 300 വരെ പേരാണ് എത്തുന്നത്.
സാധാരണ ദിവസങ്ങളില്‍പ്പോലും വൈകിട്ട് മൂന്നുവരെ നീളുന്ന ഒ.പിയുടെ പ്രവര്‍ത്തനം ഇത്തരം ദിവങ്ങളില്‍ നാലരയോടെയാണ് അവസാനിക്കുന്നത്. പ്രതിരോധ കുത്തിവെപ്പുള്ള ബുധനാഴ്ചകളിലും സ്ഥിതി വ്യത്യസ്തമല്ല. ഡോക്ടര്‍ ഉച്ചഭക്ഷണത്തിനു പോലും പോകാതെയാണ് ചികിത്സിക്കുന്നതെന്ന് രോഗികള്‍ പറയുന്നു.മാസാന്തര അവലോകനയോഗങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പൊതുപരിപാടികള്‍, ഒആര്‍ഐ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഡോക്ടര്‍ പോകേണ്ടിവരുമ്പോള്‍ താളം തെറ്റുന്ന ഒപിയുടെ പ്രവര്‍ത്തനം അടുത്ത ദിവസങ്ങളില്‍ വൈകിട്ടാണ് അവസാനിപ്പിക്കുന്നത്.
മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരില്‍ ഒരാളുടെ സേവനം മാത്രമാണ് ഇപ്പോഴുള്ളത്.മറ്റുരണ്ട് പേരിലൊരാള്‍ സ്ഥലം മാറിപ്പോവുകയും ഒരാള്‍ അവധിയിലുമാണ്.ജൂനിയര്പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെയും ജനറല്‍ നഴ്സിന്റെയും തസ്തികകളിലും ഒന്നു വീതം ഒഴിഞ്ഞു കിടക്കുകയാണ്.
ജീവനക്കാരുടെ കുറവ് ദൈനം ദിന പ്രവര്‍ത്തനങ്ങളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നതോടൊപ്പം നിലവിലുള്ള ജീവനക്കാര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കു പോലും അവധിയെടുക്കാന്‍ പറ്റാത്ത അവസ്ഥയും സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: