പാലക്കാട്: ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പ് പ്രകാരം പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ജില്ലയില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 30397 പേരാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നത് 29,438 പേരായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 959 കുട്ടികള്‍ വര്‍ധിച്ചു.2015 ലാവട്ടെ 30078 പേരും 2014ല്‍ 28344 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന ഒന്നാം ക്ലാസുകാരുടെ എണ്ണത്തില്‍ 1004 പേരുടെ വര്‍ധനയുണ്ടായതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയപ്പോള്‍ അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസുകാരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞു.
15,242 ആണ്‍കുട്ടികളും15,155 പെണ്‍കുട്ടികളുമാണ് ഇത്തവണ ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ന്നത് 7,574 പേരായിരുന്നെങ്കില്‍ ഇത്തവണയില് 7866 ആണ്. എയ്ഡഡ് സ്കൂളുകളില്‍ ചേര്‍ന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2016 ല്‍ 16,028 ആയിരുന്നെങ്കില്‍ ഇത്തവണ 16740 ആണ്.എന്നാല്‍ അണ് എയ്ഡഡ് സ്കൂളില്‍ ചേര്‍ന്നവരുടെ എണ്ണം 5836 ല്‍ നിന്ന് 5791 ആയി കുറഞ്ഞു.
ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി ആകെ 3,47669 കുട്ടികളുണ്ട്. കഴിഞ്ഞ വര്‍ഷമിത് 3,51,074 ആയിരുന്നു. ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2016 നേക്കാള്‍ 3405 വിദ്യാര്‍ഥികള്‍ കുറഞ്ഞു.ഈ വര്‍ഷം സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നത് 1,132887 പേരാണ്.
എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ 1,91,753 ഉം അണ് എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ 42,629ഉം. 3,4,6,7 ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ട്. മൂന്നാം ക്ലാസില്‍ 147 പേരും നാലില്‍ 614 പേരും ആറില്‍ 492 പേരും ഏഴില്‍ 458 പേരുമാണ് വര്‍ധിച്ചത്.
ഏറ്റവും കൂടുതല്‍ കുറവുണ്ടായിരിക്കുന്നത് എട്ടാം ക്ലാസിലാണ്. 2598 പേരുടെ കുറവുണ്ടായി. അഞ്ചാം ക്ലാസില്‍ 171 പേരും ഒമ്പതില്‍ 1281 പേരും പത്തില്‍ 698 പേരുടെ കുറവുമാണുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: