മുംബൈ ഐഐടിയില്‍ സിവില്‍ എന്‍ജിനീയറിങ് ബി ടെക് വിദ്യാര്‍ത്ഥി എസ്. മധുസൂദന്‍ പരീക്ഷയുടെ ഉത്തരപേപ്പറില്‍ എഴുതിയതെല്ലാം നിരാശയെക്കുറിച്ച്. ശാസ്ത്രമാണ് സത്യമെന്ന് കരുതി പഠിക്കാനെത്തിയ തന്റെ സംശയങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്കാന് ഐഐടിയിലെ വിദ്യാഭ്യാസത്തിന് കഴിഞ്ഞില്ല.
സയന്‍സിന് അവസാനവാക്കാകാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ തത്വശാസ്ത്രത്തിനാകുമോ എന്നു പരതി. ലൈബ്രറിയില്‍നിന്നു വായിച്ച അത്തരം പുസ്തകങ്ങള്‍ക്കും പരമ സത്യമേതെന്നു പറയാന്‍ സാധിക്കുന്നില്ല. ജീവിതം മടുത്തു. നാളെ ഞാന്‍ ജീവനൊടുക്കും എന്നെഴുതിയാണ് മധുസൂദന്‍ ഉത്തരക്കടലാസ് തിരിച്ചു നല്‍കിയത്.
ജീവിതമവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ച മധുസൂദന്‍ പതിവുപോലെ അന്നും ലൈബ്രറിയിലെത്തി. ആര്‍ത്തിയോടെ വായിച്ചവയാണ് അവിടുത്തെ പുസ്തകങ്ങളെല്ലാം. മരിക്കാന്‍ പോകുന്ന താന്‍ ഇനിയെന്ത് വായിക്കാന്‍. എന്നു വിചാരിച്ച് ഷെല്ഫിനടുത്തുകൂടി നടക്കുമ്പോഴാണ് കൃഷ്ണന്റേയും അര്‍ജ്ജുനന്റേയും പുറംചട്ടയുള്ള ആ പുസ്തകം വിണ്ടും കണ്ണില്‍ പെട്ടത്. കഥാപുസ്തകം തനിക്ക് പറ്റിയതല്ല എന്ന തോന്നലില്‍ നേരത്തെ മറിച്ചു നോക്കാതെ തിരിച്ചു വെച്ച പുസ്തകം. മരിക്കും മുന്‍പ് കഥ വായിച്ചേക്കാം എന്നു കരുതി പുസ്തകമെടുത്തു.
അലക്ഷ്യമായി പേജുകള്‍ മറിച്ച് അവസാനഭാഗത്തെവിടെനിന്നോ വായനതുടങ്ങി. ആദ്യ പാരഗ്രാഫ് വായിച്ചപ്പോള്‍ തന്നെ കണ്ണു നിറഞ്ഞു. താന്‍ ഇതുവരെ തേടിയതിനെല്ലാം ഉത്തരം ഉണ്ടന്ന് ഗ്രന്ഥകാരന് പറയുന്നു. മനസ്സിലാകുന്ന ലളിത ഭാഷയില്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഒറ്റയിരുപ്പില്‍ പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ത്തു. ശാസ്ത്രമല്ല, ശ്രീകൃഷ്ണനാണ് പരമസത്യം എന്ന തിരിച്ചറിയുകയായിരുന്നു മധുസൂദന്‍. ഹരേകൃഷ്ണ പ്രസ്ഥാനമായ ഇസ്കോണിന്റെ സ്ഥാപക ആചാര്യന് ഭക്തിവേദാന്ത പ്രഭുപാദയുടെ പുസ്തകമായിരുന്നു അത്.
ആത്മഹത്യയുടെ വഴിയല്ല, കൃഷ്ണമാര്ഗമാണ് ശരിയെന്ന് ബോധ്യപ്പെട്ട മധുസൂദന്‍ ഇസ്ക്കോണ് പ്രവര്‍ത്തകനായി. മധു പണ്ഡിറ്റ് ദാസ് പ്രഭുവായി രാജ്യത്തെ ഹരേകൃഷ്ണ പ്രസ്ഥാനങ്ങളെ നയിക്കുകയാണ് ഇന്ന്. പത്ത് സംസ്ഥാനങ്ങളിലായി 16 ലക്ഷം സ്കൂള്‍ കുട്ടികള്‍ക്കു ദിവസവും സൗജന്യമായി ഉച്ചഭക്ഷണം നല്കുന്ന അക്ഷയ പാത്ര എന്ന ബൃഹത് പദ്ധതിയിലൂടെ ലോകം ശ്രദ്ധിച്ച മധു പണ്ഡിറ്റ് ദാസിനെ രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയായ അക്ഷയപാത്ര ഫൗണ്ടേഷന് ചെയര്മാന്, ഇസ്കോണ്‍ പ്രസിഡന്റ്, വൃന്ദാവന്‍ ചന്ദ്രോദയ മന്ദിരം ചെയര്മാന് തുടങ്ങിയ പദവികളെല്ലാം വഹിക്കുന്ന തിരുവനന്തപുരം സ്വദേശിയായ മധു പണ്ഡിറ്റ് ദാസയുടെ ജീവിതരേഖ മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്നതാണ്. ബെംഗളൂരുവിലെ ഇസ്ക്കോണ് ആസ്ഥാനത്ത് ഇരുന്ന് മധു പണ്ഡിറ്റ് ദാസ് പ്രഭു ജന്മഭൂമിയോട് സംസാരിക്കുന്നു.
പൂര്‍വാശ്രമം
ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായിരുന്ന ശിവശങ്കരന് നായരുടേയും വീട്ടമ്മയായ എല്‍. പുഷ്പയുടേയും മകനായി തിരുവനന്തപുരത്ത് തിരുമലയില്‍ ലക്ഷ്മീ മന്ദിര്‍ എന്ന കുടുംബവീട്ടിലാണ് ജനനം. അച്ഛന് ആദ്യം ബെംഗളൂരിലായിരുന്നു ജോലി. അതിനാല്‍ ആറാം ക്ലാസ് വരെ ഇവിടെയാണ് പഠിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളില്‍. കെ. കരുണാകരന്റെ മകന് കെ. മുരളീധരന് സഹപാഠിയായിരുന്നു. സയന്‍സിനോട് ചെറുപ്പത്തിലേ വല്ലാത്തൊരു അഭിനിവേശം ഉണ്ടായി. പാഠ്യപദ്ധതിക്കു പുറമെയുള്ള ശാസ്ത്രവിഷയങ്ങള്‍ തേടിപ്പിടിച്ച് വായിക്കും. തിരുവനന്തപുരം സയന്‍സ് ക്ലബില്‍ അംഗമായി.
സയന്‍സിലെ താല്പര്യം നിരീശ്വരവാദിയാക്കി. ഒരു തവണ അവധിക്കാലത്ത് കുടുംബാംഗങ്ങളെല്ലാവരും കൂടി ഗുരുവായൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു. എനിക്ക് അമ്പലത്തിലൊന്നും പോകേണ്ട എന്നു പറഞ്ഞ് ഞാന്‍ മാത്രം വിട്ടു നിന്നു. ഇപ്പോള്‍ ഗുരുവായൂരില്‍ പോകുമ്പോഴൊക്കെ അന്നത്തെ തിരസ്ക്കരണം മനസിലെത്തും. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയോടായിരുന്നു താല്പര്യം. സയന്‍സ് ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ ഒന്നാമതെത്തിയാണ് മുംബൈ ഐഐടിയില്‍ പ്രവേശനം കിട്ടിയത് പൂര്‍ണമായും സര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടെ. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, ഇന്‍ഫോസിസിന്റെ കോ ചെയര്‍മാനായിരുന്ന നന്ദന് നിലേക്കനി എന്നിവരൊക്കെ സഹപാഠികള്‍. ഹോസ്റ്റലിന്റെ ഇന്‍ചാര്‍ജ്ജായി പരീഖര്‍ അന്നേ പൊതുരംഗത്തുണ്ട്.
സയന്‍സില്‍ നിന്ന് ആത്മീയതയിലേക്ക്
ഐഐടിയിലെ പഠനം സയന്‍സിനോടുള്ള താല്പര്യം ഉയര്‍ത്തിയില്ല. കൂടുതല്‍ പഠിക്കുന്തോറും സയന്‍സിനോട് വിരക്തിയാണ് തോന്നിച്ചത്. സയന്‍സിന്റെ അന്വേഷണങ്ങള്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍ പരിധിയെന്നു മനസ്സിലായി. മനസ്സിനെക്കുറിച്ച് സയന്‍സ് പറയുന്നില്ല. ജീവന്റെ കാരണത്തെ തൊടാന്‍ സയന്‍സിനു കഴിയുന്നില്ല. ആത്മീയാന്വേഷണത്തിനു തുനിഞ്ഞിറങ്ങി. ലൈബ്രറിയിലെ തത്വശാസ്ത്രപരമായ പുസ്തകങ്ങളെല്ലാം വായിച്ചു. യുക്തിസഹമായ ഒരുത്തരം ഒന്നിലും കിട്ടിയില്ല.
ദാര്‍ശനികനും യുക്തിചിന്തകനും, ഗണിതശാസ്ത്രജ്ഞനുമായിരുന്ന ബെര്‍ട്രാന്‍ഡ് റസ്സലിന്റെ പുസ്തകം വായിച്ചപ്പോള്‍ ഇനി ജീവിച്ചിട്ടുകാര്യമില്ലന്നു തോന്നി. ഇനിയൊരു ജീവിതമുണ്ടെങ്കില്‍ ജ്ഞാനാന്വേഷണത്തെ താന്‍ തൊടില്ല എന്നാണ് അദ്ദേഹം എഴുതിയത്. ലോകം അംഗീകരിച്ച നൊബേല്‍ സമ്മാനജേതാവായ തത്വാന്വേഷകന്റെ സ്ഥിതിയിതാണെങ്കില്‍ താന്‍ എത്ര നിസ്സാരന് എന്നുകരുതിയാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്. അന്നു വായിച്ച ഇസ്കോണ്‍ സ്ഥാപക ആചാര്യന് ഭക്തിവേദാന്ത പ്രഭുപാദയുടെ പുസ്തകം പുതിയൊരു ജീവന് നല്‍കുകയായിരുന്നു.
ഭഗവത് ഗീതയിലെയും ഭാഗവതത്തിലെയും തത്ത്വങ്ങളെ അടിസ്ഥാനമാക്കി ഭക്തിയോഗം പ്രചരിപ്പിക്കുന്ന ഇസ്കോണില്‍ താല്പര്യം ഉണ്ടായി. ചിന്തകളും പ്രവൃത്തികളും സര്‍വ്വേശ്വരനായ കൃഷ്ണനെ പ്രസാദിപ്പിക്കാനായി സമര്‍പ്പണം ചെയ്യാന്‍ തീരുമാനിച്ചു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 1981 ല്‍ ഇസ്കോണില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് തൈക്കാട് ഇസ്ക്കോണ് യൂണിറ്റ് രൂപീകരിച്ചു. തുടര്‍ന്നാണ് ബെംഗളൂരില്‍ എത്തിയത്. ഒരു ചെറിയ മുറി ഓഫീസാക്കി പ്രവര്‍ത്തനം തുടങ്ങി. 1984ല്‍ ബെംഗളൂരു ഇസ്കോണിന്റെ പ്രസിഡന്റായി. ബെംഗളൂരുവിലെ ഇസ്കോണ്‍ ക്ഷേത്രവും സാംസ്കാരിക കേന്ദ്രവും സ്ഥാപിക്കുന്നതിന് നേതൃത്വം നല്കാന് കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
അക്ഷയ പാത്ര
ഇസ്കോണ്‍ കേന്ദ്രങ്ങളുടെ പത്തു മൈല്‍ ചുറ്റളവില്‍ ആരും പട്ടിണി കിടക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവരുതെന്നത് ഭക്തിവേദാന്ത പ്രഭുപാദയുടെ നിര്‍ദേശമായിരുന്നു. ബെംഗളൂരിലും ക്ഷേത്രം ഉയര്‍ന്നപ്പോള്‍ സൗജന്യ ഭക്ഷണവിതരണം തുടങ്ങി. വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് മാനവവിഭവശേഷിമന്ത്രി മുരളി മനോഹര്‍ ജോഷിയുമായുള്ള കൂടിക്കാഴ്ചയാണ് നിര്‍ണായകമായത്.
ബെംഗളൂരിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളിലായി 15,000 കുട്ടികള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം കൊടുക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം അത്ഭുതം കൂറി. ഇത്രയും പേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അക്ഷയപാത്രം വല്ലതും കൈയിലുണ്ടോ എന്ന് മന്ത്രി ചോദിച്ചു. ഒരിക്കലും അവസാനിക്കാത്ത ഭക്ഷണ വിതരണത്തിന്റെ പ്രതീകമാണ് അക്ഷയപാത്ര. മഹാഭാരതത്തില്‍ സൂര്യഭഗവാന് ദ്രൗപദിക്ക് സമ്മാനിച്ചതാണ് അക്ഷയപാത്രം. വനവാസകാലത്ത് താമസസ്ഥലത്ത് ദിവ്യ പുരുഷന്മാരും സന്യാസിമാരും വരുമ്പോള്‍ അവര്‍ക്ക് ഭക്ഷണം നല്കാന് ഈ അതുല്യപാത്രമില്ലാതെ ദ്രൗപദിക്കു കഴിയുമായിരുന്നില്ല.
അത്തവണത്തെ സ്വാതന്ത്യദിന പ്രസംഗത്തില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്കുന്ന അക്ഷയപാത്രം എന്ന പദ്ധതിയെക്കുറിച്ച് വാജ്പേയി സൂചിപ്പിക്കുകയും ചെയ്തു. ‘അക്ഷയപാത്ര’യുടെ യാത്ര അവിടെ തുടങ്ങുകയായിരുന്നു. ഇസ്കോണ്‍ എന്ന വിശ്വാസ അധിഷ്ഠിത സംഘടനയും ഇന്‍ഫോസിസിലെ സീനിയര്‍ എക്സിക്യൂട്ടീവുമാരും ഇന്ത്യയിലെ മറ്റ് ചില കമ്പിനികളും ചേര്‍ന്നാണ് അക്ഷയപാത്ര ഫൗണ്ടേഷന് രൂപം നല്‍കിയത്. ഉല്പാദനം, വിതരണം, തുടങ്ങി വിവിധ വിഷയങ്ങളില്‍ മികച്ച ചിന്തകളാണ് ഇതിലൂടെ ലഭിച്ചത്. ഉദ്ദേശ്യത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച രീതിയില്‍ ഉപയോഗിക്കാനായി. പ്രധാനപ്പെട്ട പല സര്‍വകലാശാലകളുമായും ടെക്നോളജി കമ്പനികളുമായും പങ്കാളിത്തമുണ്ട്.
അക്ഷയപാത്ര ഒരു സാമൂഹിക അടുക്കളയായി മാറിക്കഴിഞ്ഞു. ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനും റിപ്പോര്‍ട്ടുകള്‍ നല്‍കാനുമുള്ള ജീവനക്കാര്‍ ഇവിടെയുണ്ട്. എത്രത്തോളം ജനങ്ങളെ സേവിക്കാമോ അത്രത്തോളം സേവിക്കാനായി എല്ലാം കൃത്യമായാണ് ഇവിടെ നടത്തുന്നത്. ലോകത്ത് മറ്റൊരു സംഘടനയും ഇത്രയും കുറഞ്ഞ ചെലവില്‍ വൃത്തിയും ഗുണമേന്മയുമുള്ള ഭക്ഷണം തയ്യാറാക്കുന്നില്ല. ചോറ്, ചപ്പാത്തി, സാമ്പാര്‍, ദാല്‍, തൈര് എന്നിവയടങ്ങുന്ന സമീകൃതമായ ആഹാരമാണ് ഒരു ഊണ്. ലോകത്തിലെ പ്രമുഖരായ 100 സര്‍ക്കാരിതര സംഘടനകളുടെ കൂട്ടത്തിലാണ് അക്ഷയ പാത്രയ്ക്കു സ്ഥാനം. അക്ഷയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠിക്കാന്‍ ഹാര്‍വഡ് ബിസിനസ് സ്കൂള്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ഇന്ന് 10 സംസ്ഥാനങ്ങളില്‍ 16 ലക്ഷം സ്കൂള്‍ കുട്ടികള്‍ക്കു ദിവസവും ഭക്ഷണം നല്കുന്നു.
13,210 സ്കൂളുകളിലാണ് ഭക്ഷണം നല്‍കുന്നത്. 2020 ആകുമ്പോള്‍ നിത്യവും 50 ലക്ഷം കുട്ടികള്‍ക്കു സൗജന്യ ഭക്ഷണം നല്‍കണം എന്നതാണ് അടുത്ത ലക്ഷ്യം–അതോടൊപ്പം 300 കോടി ഉച്ചയൂണുകള്‍ എന്ന ലക്ഷ്യവും നേടണം. ഉച്ചഭക്ഷണം നല്‍കുക എന്നതു മാത്രമല്ല കുട്ടികളിലെ പോഷകാഹാരക്കുറവ്, നിരക്ഷരത, ബാലവേല എന്നിവയ്ക്കെതിരെ പോരാടുക എന്ന ലക്ഷ്യവും അക്ഷയ പാത്ര ഫൗണ്ടേഷനുണ്ട്.
എന്തുകൊണ്ട് കേരളമില്ല
പത്തു സംസ്ഥാനങ്ങളില്‍ അക്ഷയപാത്ര നടപ്പിലാക്കുമ്പോള്‍ കേരളത്തെ ഒഴിവാക്കിയെന്നു പറയുന്നതില്‍ കാര്യമില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ ഭക്ഷണ വിതരണത്തിനു സംസ്ഥാനസര്‍ക്കാരാണ് അനുമതി നല്കണ്ടത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേരളത്തിലെ പിന്നാക്ക പ്രദേശങ്ങളില്‍ അക്ഷയ പാത്രയുടെ സൗജന്യ ഭക്ഷണ പരിപാടി ആരംഭിക്കും. കേരളത്തില്‍ ഗുരുവായൂരിനടുത്ത് ഇസ്കോണ്‍ ക്ഷേത്രമുണ്ട്. എല്ലാ ജില്ലകളിലും ക്ഷേത്രം സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. തിരുവനന്തപുരത്ത് തിരുവല്ലത്ത് സ്ഥലം വാങ്ങിക്കഴിഞ്ഞു.
ഭാവിപരിപാടികള്‍
ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ വൃന്ദാവനില്‍ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഉയരും. അഞ്ചര ഏക്കര്‍ സ്ഥലത്ത് 700 അടി ഉയരമുള്ള ക്ഷേത്രമാണ് നിര്‍മിക്കുന്നത്–കുത്തബ് മിനാറിനേക്കാള്‍ മൂന്നിരട്ടി ഉയരം. എഴുപതു നിലകള്‍. ക്ഷേത്രത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് താമസ സൗകര്യവും ഉണ്ടാവും. കാല് ലക്ഷം കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ് മറ്റൊരു പദ്ധതി. ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് ആന്ധ്രയിലാകും സ്കൂള്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മാത്രം ആയിരം കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഇന്‍ഫോസിസ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ സഹകരണം വാഗ്ദാനം ചെയ്തു കഴിഞ്ഞു. പ്രൈമറി മുതല്‍ എന്‍ജിനീയറിങ്-മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സമുച്ചയങ്ങളാകും ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: