പറവകള്‍ക്ക് കൂടൊരുക്കുന്ന തിരക്കിലാണ് വയനാട് . മഴപ്പക്ഷികള്ക്ക് ബ്രഹ്മഗിരി മലനിരകള്‍ താവളവും. കുറുവദ്വീപും കൊറ്റില്ലങ്ങളും പറവകളെ മാടി വിളിക്കുന്നു. ദേശാടനപക്ഷികളും
ഇവിടെ കുറവല്ല. ബംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്, ചിക്കാഗോ യൂണിവേഴ്സിറ്റി, സിംഗപ്പൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ രണ്ട് പക്ഷി ജനുസ്സുകളെ പശ്ചിമഘട്ടത്തില്‍ രേഖപ്പെടുത്തി.
മോണ്ടേസിംഗല് ,ഷോലികോള എന്നിവയാണ് ഈ ജനുസ്സുകള്‍. അഗസ്ത്യ ഷോലക്കിളി എന്ന പുതിയ ഇനം പക്ഷിയെയും ഗവേഷണസംഘം കണ്ടെത്തി. ഇതു സംബന്ധിച്ചുള്ള പ്രബന്ധം ലണ്ടനിലെ ബിഎംസി എവല്യൂഷണറി ബയോളജി ജേണല്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഗവേഷകരായ വി.വി. റോബിന്, സി.കെ. വിഷ്ണുദാസ്, ഡോ. ഉമ രാമകൃഷ്ണന്, ഡോ. സുഷമ റെഡ്ഡി, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഡാനിയല്‍ ഹൂപ്പര്‍, സിംഗപ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്ക് റെന്ഡിക്ട് എന്നിവരടങ്ങുന്നതാണ് ഗവേഷകസംഘം.
തിരുവനന്തപുരം അഗസ്ത്യമലയിലെ അഷാംബു ചിലപ്പന്‍, വയനാട്ടിലെ ബാണാസുരമല, വെള്ളരിമല എന്നിവിടങ്ങളില്‍ മാത്രം കാണുന്ന ബാണാസുര ചിലപ്പന്‍, നീലഗിരി മലകളില്‍ കാണുന്ന നീലഗിരി ചിലപ്പന്‍, മൂന്നാര്പളനി മലകളിലുള്ള പളനി ചിലപ്പന്‍ എന്നിവയാണ് മോണ്ടേസിംഗല്ജനുസ്സിലുള്ള പക്ഷികള്‍. പളനി ഷോലക്കിളി, പാലക്കാടിന് വടക്ക് മാത്രം കാണുന്ന വടക്കന്‍ ഷോലക്കിളി, അഗസ്ത്യമലയില്‍ മാത്രം കാണപ്പെടുന്ന അഗസ്ത്യ ഷോലക്കിളി എന്നിവയാണ് ഷോലികോള ജനുസ്സില്‍. ഇതില്‍ അഗസ്ത്യ ഷോലക്കിളിയുടെ സാന്നിധ്യം അഗസ്ത്യ വനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് തിരിച്ചറിഞ്ഞത്. ഷോല എന്ന പദത്തില്‍ നിന്നാണ് ഷോലിക്കോള എന്ന ലാറ്റിന്‍ പദം രൂപപ്പെടുത്തിയത്.
പക്ഷികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും പരിണാമചരിത്രം ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനസിലാക്കിയും പക്ഷികളുടെ പാട്ട്, രൂപത്തിലും നിറത്തിലുമുള്ള വ്യത്യാസം എന്നിവ വിശകലനം ചെയ്തും നടത്തിയ വര്ഗീകരണണത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പക്ഷി ജനുസ്സുകളെ പശ്ചിമഘട്ടത്തില്‍ മാത്രമായി അടയാളപ്പെടുത്തിയത്. പശ്ചിമഘട്ടത്തില്‍ 20 തനത് പക്ഷിജാതികള്‍ ഉണ്ടെന്ന് ഗവേഷണത്തിലൂടെ സ്ഥിരീകരിക്കാനായി. തിരുവനന്തപുരം മ്യൂസിയത്തില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു പക്ഷിയുടെ സ്പെസിമെന്‍ ഗവേഷണസംഘത്തില്പ്പെട്ട സി.കെ. വിഷ്ണുദാസ് 2009ല്‍ കണ്ടെത്തിയതാണ് ഷോലികോള ഇനത്തിലെ പുതിയ പക്ഷിയെക്കുറിച്ചുള്ള ഗവേഷണത്തിനു വഴിയൊരുക്കിയത്.
പശ്ചിമഘട്ടത്തിലെ ‘ആകാശദ്വീപു’കളിലും രാജ്യത്തിനു പുറത്തടക്കം മ്യൂസിയങ്ങളിലുമായി നടത്തിയ അഞ്ച് വര്‍ഷത്തിലധികം നീണ്ട ഗവേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണ് പ്രബന്ധത്തിലുള്ളതെന്ന് വിഷ്ണുദാസ് പറഞ്ഞു. പശ്ചിമഘട്ടത്തില്‍ 1400 മീറ്റര്‍ ഉയരത്തില്‍ 700 കിലോമീറ്ററില്‍ നീണ്ടുകിടക്കുന്നതും താഴ്വരകളും വിടവുകളംകൊണ്ട് ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളാണ് ‘ആകാശദ്വീപുകള്‍’. പുല്‍മേടുകള്‍ നിറഞ്ഞതും ചരിവുകളും താഴ്വരകളും വനനിബിഡവുമായ ആവാസവ്യവസ്ഥകളാണിത്.
‘ആകാശദ്വീപു’കളിലുള്ള 23 ഇനം പാടുന്ന പക്ഷികളെക്കുറിച്ച് ഡോ.ഉമ രാമകൃഷ്ണന്, വി.വി.റോബിന്, സി.കെ.വിഷ്ണുദാസ്, പൂജ ഗുപ്ത എന്നീ പക്ഷി ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധം കഴിഞ്ഞ വര്‍ഷം ലണ്ടനില്‍നിന്നുള്ള പ്രൊസീഡിംഗ് ഓഫ് റോയല്‍ സൊസൈറ്റി ബിയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
പശ്ചിമഘട്ട മലനിരകളിലെ ജീവജാതികളുടെ പരിണാമത്തെ കാലാവസ്ഥയ്ക്കു പുറമേ ആഴമുള്ള താഴ് വരകളും വിടവുകളും 3സ്വാധീനിക്കുവെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രബന്ധം. കാലാവസ്ഥാവ്യതിയാനം പശ്ചിമഘട്ടത്തിലെ ജീവജാതികളുടെ വന്‍തോതിലുള്ള തിരോധാനത്തിനു കാരണമായേക്കാമെന്ന് ഈ പ്രബന്ധത്തിലൂടെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പാലക്കാടുള്ളതാണ് പശ്ചിമഘട്ടത്തിലെ ഏറ്റവും പഴക്കമുള്ള വിടവ്. 40 കിലോമീറ്ററാണിതിനു വീതി. ചെങ്കോട്ട വിടവും ചാലിയാര്‍ നദിതടവുമാണ് പഴക്കത്തില്‍ തൊട്ടുപിന്നില്‍. ‘ആകാശദ്വീപു’കളിലെ ചോലക്കാടുകളില്‍ കാണപ്പെടുന്ന 23 ജാതി പാടുന്ന പക്ഷികളുടെ ജനിതകഘടന അപഗ്രഥിച്ചും ഫൈലോജനിറ്റിക് അനാലിസിസിലൂടെ ജനിതതക വ്യതിയാനം രേഖപ്പെടുത്തിയും ഇവയുടെ പരിണാമത്തെ പശ്ചിമഘട്ടത്തിന്റെ പരിണാമവുമായി ബന്ധിപ്പിക്കുകയാണ് ഗവേഷകര്‍ ചെയ്തത്.
ഒരു താഴ്വരയുടെ രൂപപ്പെടല്‍ ജീവജാതികളുടെ വ്യാപനത്തിനു തടസമായി മാറുമ്പോള്‍ രണ്ട് വശങ്ങളിലും വ്യത്യസ്ത ജാതികള്‍ പിറവിയെടുക്കുന്നതായി പ്രബന്ധത്തില്‍ വിശദീകരിക്കുന്നു. പഠനവിധേയമാക്കിയതില്‍ 10 ഇനം പക്ഷികള്‍ പാലക്കാട് വിടവിന്റെയും ഒരെണ്ണം ചാലിയാര്‍ നദീതടത്തിന്റെയും സ്വാധീനത്താല്‍ രൂപപ്പെട്ടതാണെന്ന് ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. പര്‍വതനിരകളുടെ ഘടനയൊടൊപ്പം കാലാവസ്ഥയും പക്ഷിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥയുടെ സ്ഥാനചലനത്തിനു വഴിയൊരുക്കുന്നതായി പ്രബന്ധത്തില്‍ സമര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: