ഒന്നിനും ഒരു നിശ്ചയമില്ലാത്തപോലെയാണ് ഇന്ന് ലോകം. ജീവിതം തന്നെ അനിശ്ചയമായിത്തീര്ന്നിരിക്കുന്നു. ഏതാണ്ടെല്ലാ കാര്യത്തിലും ഇങ്ങനെ തന്നെ.നമ്മുടെ മക്കളെ എന്തു പഠിപ്പിക്കും എവിടെ പഠിപ്പിക്കും എന്നൊന്നും ഒരു നിശ്ചയമില്ലാത്ത അവസ്ഥ. ലക്ഷങ്ങള്‍ ചെലവാക്കി പഠിച്ചാലും എന്തായിത്തീരുമെന്നൊന്നും ആര്‍ക്കും അറിയില്ല. കോഴ്സ് തീരുമ്പോള്‍ ഒന്നിനും ഉറപ്പില്ലെങ്കിലും ഒന്നുറപ്പാണ് കടങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പലിശ നീണ്ടുപോകുന്നു.
പണ്ട് ഡിഗ്രിക്കും മറ്റും പഠിക്കുമ്പോള്‍ വിഷയത്തിന് ഒരു സ്ഥിരതയുണ്ടായിരുന്നു. ചുരുങ്ങിയ പക്ഷം ഇന്നതിനൊക്ക അപേക്ഷിക്കാമെന്നെങ്കിലും ഉറപ്പായിരുന്നു. ഇന്ന് ആ പ്രതീക്ഷ വേണ്ട. വിദ്യാഭ്യാസം കള്ളക്കച്ചവടമായതോടെ നിത്യവും എന്നോണം ഓരോ കോഴ്സുകള്‍ ഉണ്ടാവുന്നതുകൊണ്ട് ഒന്നിനും ഒരു നിശ്ചയമില്ലായ്മ. പക്ഷേ ഇതൊന്നും കാര്യമാക്കാതെ ലക്ഷങ്ങള്‍ മുടക്കി എന്തിനും ഒരുമ്പെട്ടിറങ്ങുന്നവരുടെ കാര്യമല്ല, ബഹുഭൂരി പക്ഷം വരുന്ന സാധാരണക്കാരുടെ പ്രശ്നമാണ് ഇതിലെ ആശങ്ക. വീടും പറമ്പും പണയംവെച്ച് മക്കളെ പഠിപ്പിക്കുന്നവര്‍ വട്ടം കറങ്ങുന്ന അവസ്ഥ. മക്കള്‍ പുതിയ ലോകത്തു ജീവിക്കുമ്പോള്‍ പുതിയതാകണമെന്ന് പഴയവരായിക്കൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ നിഷ്ക്കളങ്കമായി കരുതിപ്പോരുന്നതില് അവരെക്കുറ്റപ്പെടുത്താന് പറ്റുമോ.
ഇതുപോലെ തന്നെ ക്രൂരമായ പ്രശ്നങ്ങളുണ്ട് നമ്മുടെ മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. അവര്‍ പല തരത്തില്‍ പീഡിപ്പിക്കപ്പെടുന്നു. വിദ്യാര്‍ഥികള്‍ കൊലചെയ്യപ്പെടുകയും ആത്മഹത്യയിലേക്കു നയിക്കപ്പെടുകയും ചെയ്യുന്നു. മര്‍ദന ജയിലുകളായിത്തീരുകയാണ് പലസ്ഥാപനങ്ങളും. ക്രൂരമായ ചെയ്തികളാണ് പലയിടങ്ങളിലും അരങ്ങേറുന്നത്. അതിന്റെ പേരില്‍ ഇന്നു നടക്കുന്ന ഗംഭീര സമരങ്ങള്‍ തന്നെ നമുക്കു കാണാവുന്നതാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: