മഞ്ചേരി: പനി ബാധിതരെ കൊണ്ട് മഞ്ചേരി മെഡിക്കല്‍ കോളേജ് നിറഞ്ഞു കവിഞ്ഞു.
300 പേര്‍ക്ക് ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. രോഗികളെ കിടത്തി ചികിത്സിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് ആശുപത്രി അധികൃതര്‍. വരാന്തയിലാണ് നൂറുകണക്കിന് ആളുകളെ കിടത്തിയിരിക്കുന്നത്.
പനി ബാധിതര്‍ക്ക് മാത്രമായി പ്രത്യേകം വാര്‍ഡ് ആരംഭിക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ട് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള മെഡിക്കല്‍ വാര്‍ഡിന് മുന്നില്‍ പനി വാര്‍ഡ് എന്ന് ബോര്‍ഡ് വെച്ചതല്ലാതെ രോഗികളുടെ ദുരിതം കുറയ്ക്കുന്നതിനായി ഒന്നും ചെയ്തില്ല.
ആശുപത്രി പരിസരം കൊതുകുകളുടെ ആവാസ കേന്ദ്രമായിരിക്കയാണ്. മുകള്‍ നിലയിലെ കക്കൂസില്‍ നിന്നുള്ള കുഴലുകള്‍ പൊട്ടി മലിനജലം കെട്ടിടത്തില്‍ നിന്നും താഴേക്ക് പതിക്കുന്നു. ആശുപത്രി പരിസരത്ത് മലിനജലം കെട്ടി നില്‍ക്കാനും അതുവഴി കൊതുക് വ്യാപകമാകാനും കാരണമാകുന്നു.
ആശുപത്രിയിലെ കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സെപ്ടിക് ടാങ്ക് തുറന്ന് കിടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാങ്ക് മൂടിയ സ്ലാബുകള്‍ തകര്‍ന്ന് വീണതാണ്. തുറന്നു കിടക്കുന്ന ടാങ്കിലേക്ക് ജനങ്ങള്‍ അബദ്ധത്തില്‍ വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മറച്ചിരിക്കയാണ്. കാഷ്വാലിറ്റി, അത്യാഹിത വാര്‍ഡ്, ജനത ഫാര്‍മസി എന്നിങ്ങളിലെത്തുന്നവര്ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും ഈ സെപ്റ്റിക് ടാങ്ക് ഭീഷണിയായിരിക്കയാണ്.
ഇന്നലെയും ആയിരത്തോളം പേരാണ് പനി ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഒരു മണിക്ക് ഒ പി അവസാനിച്ച ശേഷം അത്യാഹിത വിഭാഗത്തിനു മുന്നില്‍ പനി ബാധിതരുടെ നീണ്ട ക്യൂ കാണപ്പെട്ടു. രാവിലെ 10 മണിക്കെത്തിയ രോഗികള്‍ക്ക് പോലും ഡോക്ടറെ കാണാന്‍ ഉച്ച കഴിയേണ്ടി വന്നു. ലബോറട്ടറിക്ക് മുമ്പിലും നീണ്ട ക്യൂ കാണപ്പെട്ടു. പരിശോധനാ ഫലം കിട്ടാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നതും രോഗികളെ ദുരിതത്തിലാഴ്ത്തി. വാര്‍ഡിലെ ഓരോ കട്ടിലുകളിലും ഒന്നിലധികം രോഗികളാണ് കിടക്കുന്നത്. വരാന്തയിലും ഗോവണിയിലും രോഗികള്‍ പായ വിരിച്ച് കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: