പാലക്കാട് : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വായനപക്ഷാചരണം ഇന്ന് തുടങ്ങും. ‘പ്രകൃതിയും പരിസരവും വായിക്കുക ‘എന്ന സന്ദേശം നല്കുന്ന വിധമുള്ള പരിപാടികളാണ് നടത്തുക. ജില്ലാ പഞ്ചായത്തിന്റെ ഭാരതപ്പുഴ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പുഴയുണര്ത്തുപാട്ടുമായാണ് തുടക്കം.
ശ്രീവരാഹം സോമന് സംവിധാനം ചെയ്ത് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച പി.എന്‍.പണിക്കരെക്കുറിച്ചുള്ള ‘ വായനയുടെ വളര്ത്തച്ഛന് ‘ ഡോക്യൂമെന്ററിയും പ്രദര്‍ശിപ്പിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെ.ഡി.പ്രസേനന്‍ എംഎല്‍എ നിര്‍വഹിക്കും.
നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന് അധ്യക്ഷയാവും. എ.ഡി.എം. എസ്.വിജയന് വായനാദിന പ്രതിജ്ഞ ചൊല്ലും സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന് നായര്‍ മുഖ്യപ്രഭാഷണം നടത്തും. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പരുവാശ്ശേരിയില്‍ നടത്തിയ സമഗ്ര സര്‍വെയുടെ റിപ്പോര്‍ട്ട് 21ന് പ്രകാശനം ചെയ്യും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആവിഷ്കരിച്ച മാതൃകാ വാര്‍ഡ് പദ്ധതിയുടെ ഭാഗമായാണ് ഇക്കണോമിക്സ് -സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് രണ്ട് ദിവസം കൊണ്ട് സര്‍വെ പൂര്‍ത്തിയാക്കിയത്. രാവിലെ 10.30ന് പരുവാശ്ശേരി വൃദ്ധ വിശ്രമകേന്ദ്രത്തില്‍ നടക്കുന്ന പരിപാടിക്ക് ശേഷം വാര്‍ഡിലെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക വാര്‍ഡ് സഭ ചേരും.
23ന് സാക്ഷരതാ മിഷനുമായി സഹകരിച്ച് തുല്യതാ രജിസ്ട്രേഷന് കാംപെയ്ന് പറളിയില്‍ തുടങ്ങും. പത്താംതരം-പ്ലസ് ടു തുല്യതാ പഠനത്തിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.ഇതോടൊപ്പം സാക്ഷരതാ പ്രേരക്മാര്‍ക്കും പഠിതാക്കള്‍ക്കുമായി ക്വിസ് മത്സരവും നടത്തും.
ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പത്ത് പുസ്തകങ്ങള്‍ രാവിലെ 10ന് തോലനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി എ.കെ.ബാലന് പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാകും. ഹൈസ്കൂളിനുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: