കൊച്ചിയിലെ കൊതുക്, തിരക്ക്, മാലിന്യം, ട്രാഫിക് ജാം, അക്രമം, അനീതി, മാഫിയ. കൊച്ചിയില്‍ താമസിച്ചുകൊണ്ട് കൊച്ചിക്കാരും കൊച്ചിക്കാരായവരും നിത്യേനെ പറയുന്ന പരാതികള്‍. അരുതായ്മക്കൊരു പേരു തന്നെയായിട്ടുണ്ട് കൊച്ചി. എന്നിട്ടും അവരെയൊന്നും വിടാതെ കൊച്ചി കിനാവള്ളിപോലെ അവരെ ചുറ്റുന്നു. അല്ലെങ്കില്‍ അവരെന്ന കിനാവള്ളി കൊച്ചിയെ ചുറ്റുകയാണോ. നഗരത്തിന്റെ തിന്മകള് വാരിപ്പൂശിത്തന്നെയല്ലേ ഈ നഗരത്തിന്റെ ആഹ്ളാദ അസ്വസ്ഥതകള്‍ ഇവര്കൊണ്ടു നടക്കുന്നത്.
കൊച്ചിയില്‍ എല്ലാമായി ഇനി ഒന്നിനും പറ്റില്ല, അതുകൊണ്ടു തന്നെ ജീവിക്കാനും ആകില്ല എന്ന പറഞ്ഞ് കൊച്ചിയുടെ അറ്റത്തേക്കും പുറത്തേക്കും ദൂരേക്കുമൊക്കെ എല്ലാം ചുട്ടുപെറുക്കി പോയവരുമുണ്ട്. ജീവിതത്തിന്റെ അഭിമാന മുദ്രയെന്നു വിശ്വസിച്ച് കൊച്ചിയുടെ ഇല്ലാത്ത ഇടങ്ങളിലേക്കു വരുന്നവരും ധാരാളം. മുളന്തുരുത്തി, ചോറ്റാനിക്കര, അരൂര്‍, കുത്തിയതോട്, എരമല്ലൂര്‍, ചേര്‍ത്തല ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും മറ്റും ചേക്കേറിയവര്‍ അനവധിയെന്ന് സ്ഥല ബ്രോക്കര്‍മാര്‍ പറയുന്നു. പിന്നെ പുത്തന്‍ കുരിശ്, കോലഞ്ചേരി , മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്കും മറ്റും വേറെ. അത്രയ്ക്കൊന്നും വിലയില്ലാതിരുന്ന ഇവിടെ സ്ഥലത്തിനു തീവില ഉണ്ടാക്കിയത് ഇങ്ങനെ കൊച്ചിയില്‍ നിന്നുംപോയവരാണെന്നും പേര്.
ഇന്ന് കൊച്ചിക്കാര് കൊച്ചിയില്‍ നന്നേ കുറവ്. കൊച്ചിയില്‍ വന്ന് കൊച്ചിക്കാരായവരാണ് അധികവും. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും പെട്ടവര്‍ കൊച്ചിയിലുണ്ട്. കേരളത്തിന്റെ വ്യവസായ ഹബ്ബാണ് കൊച്ചി. അതുപോലെ തന്നെ പലര്‍ക്കും ഈ കൃത്രിമ നഗരം അഭിനവ സ്വര്‍ഗമാണ്. ഏതാണ്ട് അറുപതു ലക്ഷത്തോളം അന്യസംസ്ഥാന ജീവനക്കാരാണ് കൊച്ചി ഗള്‍ഫാക്കി ഇവിടെ ജോലി ചെയ്യുന്നത്. കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല തുടങ്ങിയ സമ്പന്ന മേഖലകളില്‍ നിന്നും ഒരുകാലത്ത് കൊച്ചിയിലേക്ക് വലിയ ഒഴുക്കായിരുന്നു. വിദേശങ്ങളില്‍ വസിക്കുന്നവര്‍ കൊച്ചിയില്‍ അന്തസിന് വീടോ ഫ്ളാറേറാ വാങ്ങിയിട്ടിരുന്ന കാലമാണത്. ഇന്നു നൂറു കണക്കിനു ഫ്ളാറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
വ്യക്തമായ പ്ളാനില്ലാതെ വളര്‍ന്ന നഗരമാണ് കൊച്ചി. അതുകൊണ്ടു തന്നെ പുരോഗതിയും വികസനവുമൊക്കെ അക്ഷരാര്‍ഥത്തില്‍ കൊച്ചിയെ മുരടിപ്പിക്കുകയല്ലേയെന്നു സംശയം. ഇവിടത്തെ തിക്കും തിരക്കും കുറക്കാനെന്ന പേരിലുള്ള മെട്രോ നമുക്കു പുതുമയാണെങ്കിലും യൂറോപ്പിലൊക്കെ അതു വന്നിട്ട് അരനൂറ്റാണ്ടു കഴിഞ്ഞു. അതുകൊണ്ട് അവിടെ നേട്ടമുണ്ടായിട്ടുണ്ടാകാം. ഇവിടെ അത്രയ്ക്കൊന്നും ഉണ്ടാവില്ല. ജനപ്പെരുപ്പവും വാഹന വര്‍ധനയും അതനുസരിച്ചുള്ള നിരത്തോ അനുബന്ധ സൗകര്യമോ ഇല്ലാത്തതാണു കാര്യം. ചില മേല്‍പ്പാലങ്ങള്‍ വന്നത് ആശ്വാസം.
അധികൃതരുടെ അനാസ്ഥയും അവിവേകവും കൊണ്ട് വേണ്ടവിധം ഉപയോഗപ്പെടാതെ വിലക്ഷണമായിത്തീര്ന്ന നഗരമാണ് കൊച്ചി. ചില പൊക്കക്കെട്ടിടങ്ങള് മാത്രമാണ് അവര്‍ക്കു പുരോഗതി. ഒന്നു മഴ പെയ്താല്‍ വെള്ളക്കെട്ടായി അഴുക്കുചാലാവുകയായി കൊച്ചി. പിന്നെ പകര്‍ച്ചവ്യാധികളുടെ താണ്ഡവം. എല്ലാത്തരം കള്ളത്തരങ്ങളുടേയും ആശാന് കളരിയാണ് കൊച്ചി. അത്തരക്കാര്‍ക്ക് പറുദീസയും. ഇതുകൊണ്ടു കൂടിയാവണം കൊച്ചിക്കാര് എവിടെച്ചെന്നാലും ജീവിക്കുമെന്നു പറയുന്നത്. ചരിത്രം നന്മകളാല് നെഞ്ചില്‍ ചേര്‍ത്ത കൊച്ചി പഴയ ബ്ളാക് ആന്റ് വൈറ്റ് ചിത്രങ്ങളിലും ഫോട്ടോകളിലും മാത്രം കാണാമെന്നു വന്നിരിക്കുന്നു. കൊച്ചി കണ്ടാല്‍ അച്ചി വേണ്ടെന്ന പഴഞ്ചൊല്ല് തിരുത്താറായോ, അച്ചി മതി കൊച്ചി വേണ്ടെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: