കോഴിക്കോട്: അണികളില്‍ നിന്ന് ഒറ്റപ്പെട്ട സിഐടിയു നേതൃത്വം അവസാനം തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ തുറക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നു. ഒക്‌ടോബര്‍ 19ന് ലേഓഫ് ചെയ്ത മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംങ് മില്ലില്‍ ബിഎംഎസ്, ഐഎന്‍ടിയുസി സംഘടനകള്‍ സമരത്തിലാണെങ്കിലും സിഐടിയു ഇതുവരെ ിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ 16ന് ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തില്‍ സിഐടിയു പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാനാണ് തൊഴിലാളി സംഘടനകള്‍ തയ്യാറാകുന്നത്.
110 സ്ഥിരം ജീവനക്കാരടക്കം 250ലധികം തൊഴിലാളികളുള്ള കോട്ടണ്‍മില്ലില്‍ 2016 സപ്തംബര്‍ മാസം മുതല്‍ ശമ്പളം നല്‍കിയിട്ടില്ല. വന്‍ കുടിശ്ശിക ഉള്ളതിനാല്‍ ഒക്‌ടോബര്‍ 19ന് കെഎസ്ഇബി കമ്പനിയുടെ ഫ്യൂസ് ഊരി. വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതോടെ കമ്പനി ലേഓഫ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ബിഎംഎസും ഐഎന്‍ടിയുസിയും സമരം ആരംഭിച്ചു. എന്നാല്‍ സമരത്തില്‍ നിന്നും സിഐടിയു വിട്ടുനിന്നത് വന്‍ വിവാദത്തിലായി. സമരത്തില്‍ പങ്കെടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും സിപിഎം നേതൃത്വത്തിന്റെ നീരസം ഉണ്ടാകുമെന്ന ഭയത്തില്‍ നേതൃത്വം സമരത്തില്‍ നിന്ന് വിട്ടുനില്ക്കുകയായിരുന്നു. തിരുവണ്ണൂര്‍ കോട്ടണ്‍ മില്ലിലെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കയ്യെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തൊഴില്‍മന്ത്രിയും മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ടി.പി. രാമകൃഷ്ണന്‍ തൊഴിലാളികള്‍ സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തൊഴില്‍മന്ത്രി സംഘടനയെ തള്ളിപ്പറഞ്ഞത്.
എന്നാല്‍ കോട്ടണ്‍മില്ല് തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ അതിന്റെ ക്രെഡിറ്റ് നഷ്ടപ്പെടുമെന്നതിനാലാണ് സിഐടിയു സമരത്തിനിങ്ങിയതെന്നാണ് ഒരുവിഭാഗം പറയുന്നത്.
















