ബാലുശ്ശേരി: പള്ളിക്കുളത്തില്‍ മുങ്ങിമരിച്ച സഹോദരങ്ങള്‍ക്ക് ജന്മനാട് കണ്ണീരോടെ വിടനല്‍കി. ഉത്തര്‍പ്രദേശിലെ കാന്‍ഷിറാം ജില്ലയിലെ സമസ്പൂര്‍ ഗ്രാമത്തിലെ മുസീര്‍ഖാന്‍ ആലം ചോട്ടി ബേഗം ദമ്പതികളുടെ മക്കളായ റിഹാന്‍ (ആറ്) ഫര്‍ഹാന്‍ (നാല്) എന്നിവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ ബാലുശ്ശേരിമുക്ക് ജുമാസമ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിച്ചു. റിഹാന്‍ പഠിക്കുന്ന ഇന്ത്യന്‍ പബ്ലിക്ക് സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
പള്ളിക്കുസമീപത്തെ ഫഌറ്റിലാണ് മുസീര്‍ഖാന്‍ ആലവും ഭാര്യയും ആറ് മക്കളും താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച സ്‌കൂളും അംഗനവാടിയും വിട്ട് ഫഌറ്റില്‍ എത്തി ഭക്ഷണം കഴിച്ച ശേഷം പള്ളിക്ക് സമീപത്ത ഗ്രൗണ്ടില്‍ കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. കളി കഴിഞ്ഞ് വരുമ്പോള്‍ കുട്ടികള്‍ കുളത്തിലിറങ്ങി ആമ്പല്‍പ്പൂവ് പറിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. സന്ധ്യമയങ്ങിയിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് കരയിലും വെള്ളത്തിലുമായി കുട്ടികളുടെ ചെരുപ്പ് കാണപ്പെട്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അച്ചനും അമ്മയും ഉത്തര്‍പ്രദേശ്കാരാണെങ്കിലും ഒന്‍പത് വര്‍ഷമായി കുടുബം ഇവിടെയാണ്. കുട്ടികള്‍ ജനിച്ചതും വളര്‍ന്നതും ബാലുശ്ശേരിയിലാണ്. ആറുമാസം മുമ്പ് ഉണ്ടായ വലിയ അപകടത്തില്‍ നിന്നും ഫര്‍ഹാന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ താമസിച്ച ഫഌറ്റിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണ ഫര്‍ഹാന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
















