കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പ്രതികളും അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതായി അന്വേഷണസംഘം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തി രാജേഷിനെ വധിക്കാന്‍ ശ്രമിച്ചത്. പ്രതികള്‍ക്ക് താമസ സൗകര്യം ഒരുക്കിക്കൊടുത്ത മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അണങ്കൂര്‍ സ്വദേശികളായ രണ്ടു പേരും ഒരു തളങ്കര സ്വദേശിയും പെരിയടുക്ക സ്വദേശിയുമായ മറ്റൊരാളുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവരെ കണ്ടെത്താന്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ആളുമാറി രാജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതിനിടെ അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മാരുതിയുടെ ബ്രെസ കാറിലാണ് അക്രമികളെത്തിയതെന്നും ആദ്യം ഇന്നോവയാണ് പ്രതികള്‍ സഞ്ചരിച്ചതെന്ന് രാത്രിയായതിനാല്‍ തെറ്റിദ്ധരിച്ചതാണെന്നും പോലീസ് വ്യക്തമാക്കി.
പ്രതികള്‍ക്ക് സംഭവത്തിനു ശേഷം ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് ഇപ്പോള്‍ മൂന്നു പേരെ പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്കൊടുവിലാണ് സഹായികളായ മൂന്നു പേരെ പിടികൂടിയത്. ഇവര്‍ വഴി പ്രതികളിലേക്കെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. രാജേഷ് വധശ്രമത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: