കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ല പ്രസിഡണ്ടും ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ.കെ.ശ്രീകാന്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷം അംഗീകരിച്ച പദ്ധതി പ്രകാരം വിദ്യാനഗര്‍ -നീര്ച്ചാല്-മുണ്ട്യത്തടുക്ക 4 കോടി, ചിറപ്പുറം-ചയ്യോത്ത് റോഡിന് 2.41 കോടി, ബളാല്‍ -രാജപുരം റോഡിന് 2.5 കോടി രൂപയും നീക്കിവെച്ചിരിക്കുകയാണ്. ജില്ലാ വികസന സമിതി അംഗീകാരം നല്കിയ പദ്ധതി എല്‍എസ്ജിഡി എഞ്ചിനീയറുടെ ആക്ഷേപം മൂലം നടപ്പാക്കാന്‍ സാധിക്കാതെ പോവുകയാണ്. ജില്ലാ പഞ്ചായത്ത് ഭരണ സമിതി ഏകകണ്ഠമായി അംഗീകാരം നല്കിയിട്ടു പോലും സാങ്കേതികത്വത്തിന്റെ പേരില്‍ അട്ടിമറിക്കാന്‍ ചീഫ് എഞ്ചിനീയര്‍ ശ്രമിക്കുകയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. നിലവിലെ യാതൊരു സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിരുദ്ധമല്ല ഈ പദ്ധതി. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ അനുവാദം നിഷേധിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. 2 കോടിയില്‍ കുറവുള്ള ജില്ലാ പഞ്ചായത്തിന്റെ മറ്റു ചില റോഡുകള്‍ക്ക് ഇതേ പദ്ധതിയില്‍ പ്രകാരം സര്‍ക്കാര്‍ അനുവാദം നല്കിയപ്പോള് ഈ 3 റോഡുകള്‍ക്ക് അനുവാദം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 9 കോടി രൂപ പാഴായി പോവാനുള്ള സാഹചര്യമുള്ളതിനാല്‍ അടിയന്തിരമായി ഇടപെട്ട് ഈ റോഡുകള്‍ മെക്കാഡം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: