എല്ലാം മറക്കുന്ന ലോകമേ നീയൊരു
വല്ലാത്ത നാടകശാലതന്നെ.”
കാവ്യഗന്ധര്വന് ചങ്ങമ്പുഴയുടെ കാപട്യമില്ലാത്ത ഈ വരികള്‍ കാപട്യം നിറഞ്ഞ ലോകം കണ്ടില്ല, കേട്ടില്ല. മലയാള ഭാഷയുടെ മനോഹാരിത മുഴുവന്‍ തെല്ലുപോലും കൃത്രിമത്വം കലര്‍ത്താതെ ഒളിമങ്ങാ വിളക്കിലെ തിരിനാളം പോലെ മലയാളി മനസ്സിലേക്കാവാഹിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന അനശ്വര കവിയെ ആര്‍ക്കും മറക്കാന്‍ കഴിയുകയില്ല.
ജൂണ്‍ 17 ന് അദ്ദേഹത്തിന്റെ 69-ാം ചരമവാര്‍ഷികം. ‘രമണന്’ എന്ന കാവ്യം പിറവി കൊണ്ടപ്പോള്‍ അദ്ദേഹം തന്നെ ഓര്‍ത്തുകാണില്ല ഇത്രയും വായനക്കാരുണ്ടാകുമെന്ന്. പുസ്തകം വാങ്ങാന്‍ കഴിവില്ലാത്തവര്‍ ഒറ്റരാത്രികൊണ്ട് പകര്‍ത്തിയെഴുതി പുസ്തകം തിരിച്ചേല്‍പ്പിച്ച സംഭവംവരെ ഉണ്ടായിട്ടുണ്ട്.
‘രമണന്’ ചങ്ങമ്പുഴയെ അനശ്വരതയിലേക്കുയര്ത്തിയപ്പോള് അതിനു പിന്നില്‍ നിഴല്‍പോലെ നിശ്ശബ്ദനായി നിന്നിരുന്ന എ.കെ. ഹമീദിനെ ആരും കണ്ടില്ല. അറിഞ്ഞുമില്ല.
എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായിരുന്നു ഹമീദിന്റെ പിതാവ്. ഹമീദും അച്ഛന്റെ പാതയില്‍ത്തന്നെ വ്യാപാരരംഗത്തേക്കു കടന്നു. ആദ്യം എറണാകുളത്ത് ഒരു മിഠായി ഫാക്ടറി നടത്തിയെങ്കിലും പിന്നീട് ബ്രോഡ്വേയില് കൊച്ചിന് ഹൗസ് എന്ന പേരില്‍ വസ്ത്രവ്യാപാരം തുടങ്ങി.
ഹമീദിന് വിദ്യാഭ്യാസയോഗ്യത കുറവാണെങ്കിലും മലയാള ഭാഷാ പണ്ഡിതനെന്ന് നിസ്സംശയം പറയാം. എഴുത്തും വായനയും ഇഷ്ടപ്പെട്ടിരുന്ന ഹമീദിന്റെ നൂറ്റി അന്‍പതില്‍ കൂടുതല്‍ കവിതകള്‍ കേരളനാദം, ചന്ദ്രിക, സാരസന്‍, മുസല്മാന് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്നിട്ടുണ്ട്.
എറണാകുളം ക്ലോത്ത് ബസാര്‍ റോഡിന്റെ ഒരറ്റത്ത് മുനാവിര്‍ ഇസ്ലാം വായനശാല വായനാമുറിയോടുകൂടി ഉണ്ടായിരുന്നു. ഇന്ന് അതറിയുന്നവര്‍ അപൂര്‍വ്വം. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായനശാലയായിരുന്നു അത്. എ.എസ്. ബാവ കുടുംബഭാഗക്കേസില്‍ വായനശാലാ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞതോടെ പ്രവര്‍ത്തനം നിലച്ചു. നല്ല പുസ്തകശേഖരവും നഷ്ടമായി.
വായനശാലയുടെ സെക്രട്ടറിയായിരുന്നു ഹമീദ്. ചങ്ങമ്പുഴ അങ്ങോട്ടു വന്നു തുടങ്ങിയതോടെ അവരുടെ സുഹൃദ്ബന്ധം ഉടലെടുത്തു. സമപ്രായക്കാരായ അവര്‍ ആത്മമിത്രങ്ങളായി. ഇടപ്പള്ളിയിലെ ഒരു വാര്യത്ത് ചങ്ങമ്പുഴ, കുന്നിക്കുഴി വി. നാരായണപിള്ള, ചന്ദ്രത്ത് കൃഷ്ണപിള്ള, ഹമീദ്, കെ.പി.ജി. നായര്‍, ഇടപ്പള്ളി രാഘവന്‍പിള്ള തുടങ്ങിയവര്‍ നിത്യവും ഒത്തുകൂടി സാഹിത്യചര്‍ച്ച നടത്തുമായിരുന്നു.
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യയാണ് ചങ്ങമ്പുഴയ്ക്ക് ‘രമണന്’ എഴുതാനുള്ള പ്രേരണയായത്. 1936 ല്‍ രമണന് പൂര്‍ത്തിയാക്കി. മാസങ്ങളോളം ചങ്ങമ്പുഴ പ്രസാധകരുടെയും സുഹൃത്തുക്കളുടെയും സഹായം തേടി അലഞ്ഞെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. സുഹൃത്തിന്റെ മനോവിഷമം കണ്ട് ഹമീദ് ധൈര്യപൂര്‍വ്വം ഏറ്റെടുത്തു.
20 ദിവസംകൊണ്ട് അച്ചടി പൂര്‍ത്തിയായെങ്കിലും പുസ്തകം അനക്കമില്ലാതിരുന്നു. ചങ്ങമ്പുഴ നന്ദിസൂചകമായി ആദ്യത്തെ പതിപ്പില്‍ പ്രസാധകന് ഹമീദ് എന്ന് ചേര്‍ത്തു. ഒരു രൂപ വിലമതിക്കുന്ന രമണന് കവി തന്നെ കൊണ്ടുനടന്നു വിറ്റു. ചങ്ങമ്പുഴയെ പലരും സഹായിക്കാന്‍ വരുന്നതിനു മുന്‍പുള്ള കാലമായിരുന്നു അത്.
ഒന്നാം പതിപ്പിറക്കി നാലുവര്‍ഷം കഴിഞ്ഞാണ് രമണന് വീണ്ടും അച്ചടിച്ചത്. അപ്പോഴേക്കും കാട്ടുതീപോലെ രമണന് എല്ലായിടത്തും പടര്‍ന്നുപിടിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് പട്ടാളത്തില്‍ ചേരാന്‍ പോയവരും ജോലിക്കായി അന്യദേശത്തു പോയവരും രമണനെ കൂടെ കൊണ്ടുപോയി. ഇതിനോടകം തൃശൂരിലെ മംഗളോദയം രമണനെ ദത്തെടുത്തുകഴിഞ്ഞിരുന്നു.
ചങ്ങമ്പുഴ വാനോളം ഉയര്‍ന്നപ്പോള്‍ ഹമീദ് സാമ്പത്തികമായി തകര്‍ന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വ്യവഹാരങ്ങളുടെ കെട്ടുപാടുകളില്‍പ്പെട്ട് വീട്മാറിക്കൊണ്ടിരുന്ന കാലത്ത് ഹമീദിന്റെ പല സൃഷ്ടികളും നഷ്ടമായി. വൈക്കം മുഹമ്മദ് ബഷീര്‍, കെ.സി. ജോര്‍ജ്, ചൊവ്വര പരമേശ്വരന്, കേശവദേവ്, വക്കം അബ്ദുള്‍ഖാദര്‍, പോഞ്ഞിക്കര റാഫി, ഗുപ്തന്നായര് തുടങ്ങിയ പല സാഹിത്യകാരന്മാരുടെയും ഇടമായിരുന്നു കൊച്ചിന് ഹൗസ്.
കൊച്ചിന് യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു ഹമീദ്. ചങ്ങമ്പുഴ ജോലി തേടി ചെന്നൈയിലേക്ക് വണ്ടി കയറിയപ്പോള്‍ തന്റെ കയ്യിലെ മോതിരം അഴിച്ചുനല്‍കി ഹമീദ്. ആത്മമിത്രത്തിന്റെ പുസ്തകപ്രസാധകനായ അദ്ദേഹത്തിന്റെ ഒരു സമാഹാരം പോലും പുറത്തിറങ്ങിയില്ല; വിശ്വപ്രസിദ്ധ കാവ്യമായ ‘വസീദത്തുല് ബുര്‍ദ’യുടെ തര്‍ജ്ജമയല്ലാതെ.
ഇരുപത്തിഅഞ്ച് വര്‍ഷത്തെ പ്രയത്നഫലമായി തയ്യാറാക്കിയ മലയാള നാനാര്‍ത്ഥ നിഘണ്ടു ഇന്നും പുറംലോകമറിയാതെയിരിക്കുന്നു. ചങ്ങമ്പുഴയുടെ മകന് ശ്രീകുമാറിന്റെ മകന് ഹരികുമാര്‍ ചങ്ങമ്പുഴ കവിതകള്‍ ഉള്‍പ്പെടുത്തി വെബ് പോര്‍ട്ടല്‍ തയാറാക്കിയിട്ടുണ്ട്-www. changampuzha.com.
ദുഃഖകരമായ ഒരു സത്യം കൂടി. ചങ്ങമ്പുഴ അന്തരിച്ച് ഓരോ വാര്‍ഷികം നടക്കുമ്പോഴും ഹമീദിനെ ആരും അറിയിച്ചില്ല. ക്ഷണിച്ചതുമില്ല. ഇന്ന് ചങ്ങമ്പുഴയില്ല. രമണനെ കറുത്ത അച്ചടിമഷിയിലാക്കിയ പ്രകാശ് പ്രിന്റിംഗ് വര്‍ക്സും ഇല്ല.
ചങ്ങമ്പുഴയെ അനശ്വരതയിലേക്കുയര്ത്തിയ ‘രമണന്’ എന്ന വിലാപകാവ്യത്തെ ലോകത്തിനു മുന്പില് കൊണ്ടുവന്ന ഹമീദും , തേങ്ങലുകള്‍ ഉള്ളിലൊതുക്കി 1988 ഒക്ടോബര്‍ 12 ന് യാത്രയായി. ചിന്തിക്കാന്‍ ബാക്കിവച്ച്.
മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകില്‍
ഇക്കല്ലറതന്‍ ചവിട്ടുപടിയിലൊ-
രല്പ്പമിരുന്നു കരഞ്ഞേച്ചുപോകണേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: