അഭയദേവിന്റെ ആദ്യചലച്ചിത്രമായിരുന്നു ‘വെള്ളിനക്ഷത്രം’. ബഹുഭാഷാ പണ്ഡിതനും ഹിന്ദി പ്രചാരകനുമായിരുന്ന പള്ളം അയ്യപ്പന്‍പിള്ള ആര്യസമാജക്കാരോടു ചേര്‍ന്നശേഷമാണ് അഭയദേവായത്. തുടക്കത്തില്‍ കോണ്‍ഗ്രസ് ചേരിയിലായിരുന്ന ഇദ്ദേഹം പിന്നീട് കമ്യൂണിസ്റ്റ് അനുഭാവിയായി. കോട്ടയത്തു നടന്ന ടി.വി. തോമസ് അദ്ധ്യക്ഷത വഹിച്ച ഒരു പാര്‍ട്ടി യോഗത്തില്‍ അഭയദേവ് പാടിയ ഒരു വിപ്ലവഗാനം ടി.വിയെ ഹഠദാകര്ഷിക്കുകയും ഉദയായുടെ ചിത്രത്തില്‍ പാട്ടെഴുതാന്‍ ടി.വി. അഭയദേവിനെ ശുപാര്‍ശ ചെയ്യുകയുമാണുണ്ടായത്. ഉദയായുടെ പ്രാരംഭകരിലെ പ്രമാണിമാരെല്ലാം കോണ്‍ഗ്രസ് ചേരിയിലുള്ളവരായിരുന്നു. ടിവിയുടെ ശുപാര്‍ശ കുഞ്ചാക്കോ സ്വീകരിച്ചു. പങ്കാളികളാര്ക്കും എതിര്‍പ്പുണ്ടായില്ല ചേരികള്‍ വിരുദ്ധമായിരിക്കേയും ടിവിയോട് അവര്‍ക്കുണ്ടായിരുന്ന ആദരമതിപ്പ് നിസ്തര്ക്കമാംവിധം വലുതായിരുന്നു. അഭയദേവ് വെള്ളിനക്ഷത്രത്തില്‍ എട്ടു പാട്ടുകളെഴുതി. തുടര്‍ന്നുവന്ന നല്ലതങ്കയിലും കുഞ്ചാക്കോ അഭയദേവിന്റെ പാടുകള്‍ ഉപയോഗിച്ചു.
ആലപ്പി വിന്‍സന്റ,് മാത്തപ്പന്, മുളവന ജോസഫ് കണ്ടിയൂര്‍ പത്മനാഭന്‍കുട്ടി, കുട്ടിയമ്മ തുടങ്ങിയവരാണ് ഗായക പീതാംബരത്തിനും ലളിതയ്ക്കും അംബുജത്തിനും പുറമെ ‘വെള്ളിനക്ഷത്രത്തിലഭിനയിച്ചത്. ഒരാള്‍ കൂടിയുണ്ടായിരുന്ന അക്കൂട്ടത്തില്‍. മലയാളിത്തം നിറശ്രീയായ ഒരു പെണ്‍കുട്ടി. താരതമ്യേന വളരെ ചെറിയ വേഷമാണവരഭിനയിച്ചത്.
ഉദയായുടെ ഓര്‍ക്കസ്ട്രാ വിഭാഗത്തിലെ ഹാര്മോണിസ്റ്റും ഓര്‍ഗന്‍ വായനക്കാരനുമായിരുന്ന കുട്ടനാട്ടിലെ പുതുക്കരിക്കാരന് ടി.ജെ. മാത്യുവുമായുള്ള പരിചയത്തിന്റെ പേരിലാണ് ഭരണങ്ങാനത്തുനിന്നും പിതാവിനെയും കൂട്ടി ത്രേസ്യാമ്മ എന്നുപേരുള്ള ക്രിസ്ത്യാനി പെണ്കിടാവ് അഭിനയ മോഹവുമായി ഉദയായിലെത്തിയത്. ചെറിയ വേഷത്തിനെന്തെങ്കിലും പരിഗണിക്കാമെന്നായിരുന്നു മറുപടി. പ്രതീക്ഷയോടെ അവര്‍ അവിടെ താമസിച്ചുകൊണ്ടു കാത്തിരുന്നു. കാത്തിരുന്നതല്ല; ഇരുത്തിയതാണെന്നും അതിന്റെ പുറകില്‍ നല്ലതല്ലാത്ത താല്പര്യങ്ങളുണ്ടായിരുന്നുവെന്നുമാണ് ചേലങ്ങാട്ടിന്റെ ഭാഷ്യം!
ചിത്രത്തില്‍ ഒരു കോണ്‍ഗ്രസ് യോഗം നടക്കുന്ന സീനുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളും നാട്ടുകാരും പങ്കെടുക്കുന്ന യോഗത്തില്‍ തൃക്കൊടിയുമേന്തിനിന്ന് പാടുന്ന രംഗമായിരുന്നു ത്രേസ്യാമ്മയ്ക്ക് നല്‍കിയതെന്നാണ് വിന്സന്റില് നിന്നുള്ള അറിവില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിക്കാണുന്നത്. അതല്ല ഒരു ജാഥയുടെ മുന്പില് തൃക്കൊടിയും പിടിച്ചു പാടിക്കൊണ്ടുപോകുന്ന ഏതാനും ഷോട്ടുകള്‍ മാത്രമായിരുന്നുവെന്ന് ചേലങ്ങാട്ടും പറയുന്നു.
തൃക്കൊടി, തൃക്കൊടി
വാനില്‍ ഉയരട്ടെ ഈ തൃക്കൊടി
എന്ന ഗാനം റിക്കാര്‍ഡ് ചെയ്തതു കേട്ടു പഠിച്ച് വരികള്‍ക്കൊത്തു ചുണ്ടനക്കി പാടിയത് ത്രേസ്യാമ്മയായിരുന്നു എന്നതിലും പാടുമ്പോള്‍ കൈയില്‍ തൃക്കൊടി ഏന്തിയിരുന്നു എന്നതിലും തര്‍ക്കമില്ല!
നേരില്‍ കാണുന്നതിനേക്കാള്‍ വശ്യമായിരുന്നു സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ത്രേസ്യാമ്മയുടെ മുഖം. തികച്ചും ഫോട്ടോജനിക്. കുഞ്ചാക്കോയും വിന്‍സന്റും അവളെ പ്രത്യേകം ശ്രദ്ധിച്ചു.
അടുത്ത ചിത്രമായ ‘നല്ലതങ്ക’യില്‍ നായികവേഷത്തിലഭിനയിച്ചത് ത്രേസ്യാമ്മയാണ്. പേരൊന്നു പരിഷ്കരിച്ചു. മിസ്സ്. കുമാരി എന്നാക്കി. കുമാരി പിന്നീട് മലയാള സിനിമയുടെ ആ പാദത്തിലോ ഏറ്റവും പ്രിയങ്കരിയായ നായികയായി, ‘നീലക്കുയിലി’ലും ‘മുടിയനായ പുത്രനി’ലും ‘മറിയക്കുട്ടി’യിലും ‘പാടാത്തപൈങ്കിളി’യിലുമൊക്കെ മികച്ച അഭിനയം കാഴ്ചവച്ചു.
തൃക്കൊടിയേന്തി പാടുന്ന ദേശീയ വികാരമുണര്‍ത്തുന്ന ഗാനരംഗമുണ്ട്. കഥാകൃത്തും പ്രാരംഭകരില്‍ ടിവിയും കുഞ്ചാക്കോയും ഒഴികെ മറ്റെല്ലാവരും തന്നെ കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളുമാണ്. ശരിതന്നെ. പക്ഷെ ദേശസ്നേഹത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളൊന്നും ‘വെള്ളിനക്ഷത്ര’ത്തിന്റെ കഥയിലുണ്ടായിരുന്നില്ല.
”അക്കാലത്തെ നാടക-നോവല്‍ പ്രസ്ഥാനങ്ങളില്‍ നടപ്പുള്ളതുപോലെ ഒരു ത്രികോണ പ്രേമകഥ” മാത്രം ആയിരുന്നു ചിത്രത്തിന്റേത്.
നിര്‍മാതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. കേരളത്തില്‍വച്ച് നിര്‍മിച്ച മലയാള ചിത്രം കാണാന്‍, (ചിത്രീകരണം ആലപ്പുഴയിലായിരുന്നതുകൊണ്ട് ആലപ്പുഴക്കാര് പ്രത്യേകിച്ചും) വലിയ താല്പര്യത്തോടെയാണ് ജനങ്ങള്‍ തിയറ്ററിലെത്തിയത്. ആലപ്പുഴയിലെ കോസ്റ്റല്‍ തിയറ്ററില്‍ പ്രദര്‍ശന ദിവസത്തിന്റെ ആദ്യദിവസം ചിത്രം കാണാന്‍ തടിച്ചുകൂടിയവരില്‍ ടിക്കറ്റ് കിട്ടാതെ വന്നവര്‍ ബഹളം കൂട്ടിയപ്പോള്‍ സുരക്ഷയ്ക്കുവേണ്ടി പോലീസിനെ വരുത്തി ബലംപ്രയോഗിക്കേണ്ടിവന്ന സന്ദര്‍ഭംപോലുമുണ്ടായി. തിരുവനന്തപുരത്ത ചിത്രായില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന (ഇന്നത്തെ മുഖ്യമന്ത്രിക്ക് സമം) ടി.കെ. നാരായണപിള്ളയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. നിര്‍മാതാക്കള്‍ ഉന്നത നേതാക്കളായിരുന്നതുകൊണ്ടു മാത്രമല്ല, അന്നതൊരു രീതിവഴക്കമായിരുന്നതുകൊണ്ടായിരുന്നു അതങ്ങനെ.
ഉദയാ സ്റ്റുഡിയോയിലെ ലാബറട്ടറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത് ആലപ്പുഴയിലെ പ്രിന്‍സിപ്പല്‍ പോര്‍ട്ട് ഓഫീസറായിരുന്ന പി.എന്‍. ഗോപാലപിള്ളയാണ്.
ശ്രദ്ധ നേടുക എന്നതോടൊപ്പം ക്ഷണിച്ചുകൊണ്ടുവരുന്ന ഉന്നതരുടെ പ്രീതി സമ്പാദനവും ചടങ്ങുകള്‍ ഈവിധം ഏകോപിപ്പിക്കുന്നതിന്റെ പുറകില്‍ തീര്ച്ചയായുമുണ്ടായിരുന്നിരിക്കണം.
ഉദയായുടെ സാരഥികളെല്ലാം കൂടിയാലോചിച്ചിട്ട് എല്ലാവിധത്തിലും ഐശ്വര്യം തികഞ്ഞതാണെന്ന് ബോധ്യപ്പെട്ടിട്ടാണ് ചിത്രത്തിന് ‘വെള്ളിനക്ഷത്രം’ എന്നുപേരിട്ടത്.
നിര്‍മാതാക്കളുടെ വിശ്വാസത്തോടും ജനങ്ങളുടെ പ്രതീക്ഷയോടും പേരിലെ ഐശ്വര്യത്തോടും പക്ഷെ സ്ക്രീനില്‍ തെളിഞ്ഞ ചിത്രം ഒത്തുപോയില്ല.
കടുത്ത നിരാശയാണ് ചിത്രം തിയറ്ററില്‍ സമ്മാനിച്ചത്.
വെള്ളിനക്ഷത്രം ഉദയ മുഹൂര്‍ത്തത്തില്‍ തന്നെ പൊലിഞ്ഞു. വന്‍ പരാജയമായി.
സ്വാഭാവികമായും സഹനിര്‍മാതാക്കളായി വന്നവരുടെ മനസ്സിടിഞ്ഞു. ആദ്യവസാന നേതൃത്വം വഹിച്ച കുഞ്ചാക്കോയോടും വിന്‍സന്റിനോടും അവര്‍ക്ക് നീരസം തോന്നി.
‘വെള്ളിനക്ഷത്ര’ത്തിന്റെ പരാജയ കാരണം വിശകലനം ചെയ്യുവാനും പരിഹാരങ്ങള്‍ കണ്ട് വാശിബുദ്ധിയോടെ രംഗത്ത് തുടര്‍ന്നു നഷ്ടം ലാഭമാക്കി മാറ്റുവാനുമുള്ള വാണിജ്യബദ്ധത പ്രാരംഭകരിലെ പ്രമാണിമാര്ക്കുണ്ടായില്ല. അവര്‍ ഈ വ്യവസായം തുടര്‍ന്നുകൊണ്ടുപോകാന്‍ താല്പര്യമോ ജാഗ്രതയോ കാണിച്ചില്ല. ടി.എം. വര്‍ഗീസിന്റെയും ജോണ്‍ ഫിലിപ്പോസിന്റെയും മുഖ്യ വഴി മറ്റൊന്നായിരുന്നു. വെണ്ടര്‍ കൃഷ്ണപിള്ളയേയും ചേപ്പാട്ടു മാത്തുക്കുട്ടിയേയും സംബന്ധിച്ചിടത്തോളം സിനിമ അവരുടെ തട്ടകവുമായിരുന്നില്ല. അവരുടെ വ്യവസായ താല്പര്യങ്ങള് വേറെയായിരുന്നു. പോയതുപോകട്ടെ എന്ന നിലപാടാണ് വെണ്ടറും മറ്റുമെടുത്തത.് ഉദയാ പ്രസ്ഥാനത്തില്‍ അസ്വാര്യസങ്ങള്‍ തിരനിട്ടീ. പരാതികളും ആരോപണപ്രത്യാരോപണങ്ങളും വ്യവഹാരങ്ങള്‍ക്കു വഴിതെളിച്ചു. തന്ത്രങ്ങളും കുതതന്ത്രങ്ങളും അവലംബിക്കുക കലക്കവെള്ളം നിറഞ്ഞുതുളുമ്പോള് പതിവ്. ആരാരോടു നീതി കാണിച്ചു. ആരാരെ വെട്ടിപ്പിടിച്ചു എന്നതിന്റെ നിയമന്യായ പുരാവൃത്തം. സിനിമയുടെ ചരിത്രത്തില്‍ ‘ഉദയാ’ നിഷ്ക്രിയമാകാതെ ചലച്ചിത്ര വ്യവസായത്തിന് അവലംബമായി തുടര്‍ന്നു എന്നുള്ളതിനാണ് പ്രസക്തി.
അവിടെ തേരു തെളിക്കുന്നവനേ തേരാളിയാകുന്നുള്ളൂ. ട്രാക്കില്‍ ഓടുന്നവര്‍ക്കേ ബാറ്റണ്‍ കൈമാറുവാന്‍ കഴിയുന്നുമുള്ളൂ. ചരിത്രത്തിന്റെ അന്വേഷണ മുഖത്ത് അങ്ങനെയുള്ളവരേ സംഗതമാകുന്നുള്ളൂ. വ്യക്തികളേക്കാള്‍ ചരിത്രം പിന്‍പറ്റുക സിനിമയെയാണ്. സിനിമ തുടരുന്നതുകൊണ്ടാണ് ആ പ്രഭാ ധാവള്യത്തില്‍ നേടിയവരും നഷ്ടപ്പെട്ടവരുമടക്കം വ്യക്തികള്‍ പരാമര്‍ശത്തിനുള്ള യോഗ്യത നേടുന്നത്. വക്കാലത്തു താളുകളെയും ബാലന്‍സ് ഷീറ്റുകളെയും മറികടന്നു സിനിമയെ, സിനിമയോട് ചേര്‍ന്നുനിന്നവരെ പിന്‍പറ്റുകയാണ് ഇവിടെ അവലംബിക്കുന്ന ചരിത്രവഴി. ഉദയാ തുടര്‍ന്നപ്പോള്‍ തുടര്‍ന്നുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കുഞ്ചാക്കോയാണ്. ആദ്യപാദങ്ങളില്‍ ആലപ്പി വിന്‍സന്റ് കുഞ്ചാക്കോയോടൊപ്പം നിന്നുവെങ്കിലും ഉത്സാഹിയുടെ ആവേശമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. അഭിനേതാവായും സംഘാടകനായുമായിട്ടായിരുന്നു ഇടപെടലുകള്‍ എപ്പോഴും. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത ജന്മപ്രകൃതം വിന്‍സന്റ് തീരം മാറി ഒഴുകുവാന്‍ പ്രേരകമാകുവാന് ഏറെ താമസമുണ്ടായില്ല.
താന്‍ ഇടചേര്ന്നിട്ടുള്ള എല്ലാ മേഖലകളിലും സാഹസികതയോട് ചേര്‍ന്നുപോകുന്ന പോരാട്ടവീര്യം കുഞ്ചാക്കോ കാണിച്ചുപോന്നിട്ടുണ്ട്. ആ പ്രകൃതമുള്ള അദ്ദേഹത്തിലെ വ്യവസായ കുതുകി മറ്റുള്ളവരെപ്പോലെ സിനിമയില്നിന്നങ്ങനെ പിന്മാറുവാന് ഒരുക്കമായിരുന്നില്ല. ആദ്യപരാജയം കുഞ്ചാക്കോയെ കൂടുതല്‍ ജാഗരൂകനാക്കി. സംഘാംഗങ്ങള്ക്കിടയിലുണ്ടായിരുന്ന ധാരണകള്‍ തെറ്റിയപ്പോള്‍ പിന്നെ ഒന്നിച്ചു തുടരുക അസാധ്യമായി. മറ്റുള്ളവര്‍ പിന്‍വാങ്ങുന്നതിന്, അതിനവരെ പ്രേരിപ്പിക്കുകയും നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നതിന് സന്ദര്‍ഭം ഒരുങ്ങുകയും ഒരുക്കുകയും ചെയ്തു. അതിനിടയില്‍ മുന്‍പേ സൂചിപ്പിച്ചതുപോലെ അവകാശ തര്‍ക്കങ്ങളും അനുബന്ധ നടപടികളും വേണ്ടുവോളം നടന്നിട്ടുണ്ടാകാം.
ഉത്തരവാദിത്തങ്ങള്‍ തന്റെ ചുമതലയിലായപ്പോള് അല്ലെങ്കില്‍ അപ്രകാരമാക്കിയെടുത്തു കഴിഞ്ഞപ്പോള്‍ സിഎംഐ സഭയില്‍ വൈദിക പഠനത്തിനുപോയി. പൂര്‍ത്തിയാക്കാതെ മടങ്ങിവന്ന പുന്നൂസ് എന്ന അപ്പച്ചനെ കുഞ്ചാക്കോ, ‘ഉദയാ’യിലേക്ക് സഹസാരഥിയായി വിളിച്ചുകൂടെ നിര്‍ത്തി. കുഞ്ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന് ബോബന് കുഞ്ചാക്കോയുടെ സാരഥ്യനാളുകളില് ഭാഗം പിരിഞ്ഞ് സ്വന്തം ‘നവോദയാ’ സാമ്രാജ്യം ആരംഭിക്കുന്നതുവരെ എം.സി. പുന്നൂസെന്ന അപ്പച്ചനായിരുന്നു ഉദയായുടെയും അനുബന്ധ ശൃംഖലയായ എക്സല്‍ പ്രൊഡക്ഷന്സിന്റെയും ഭരണകാര്യദര്ശിത്വം.
‘വെള്ളിനക്ഷത്ര’ത്തിന്റെ ഛായാഗ്രാഹകനും സംവിധായകനുമായി വിന്‍സന്റ് മദ്രാസില്‍നിന്ന് കണ്ടെത്തിക്കൊണ്ടുവന്ന ഫെലിക്സ് ജെ. ബെയ്സ് നിഗൂഢതകളുള്ള ഒരു കഥാപാത്രമായിരുന്നു. ‘വെള്ളിനക്ഷത്രം’ ഒരുക്കുന്നതിലും സ്റ്റുഡിയോ സ്ഥാപനത്തിലും സജീവമായ നേതൃത്വം നല്കുമ്പോഴും സ്വയം ഒരു ഫോട്ടോഗ്രാഫില്പോലും ഉള്പ്പെടാതിരിക്കുകവാന് ബെയ്സും പത്നിയും വളരെ കരുതലോടെ ശ്രദ്ധിച്ചിരുന്നു.
ചിത്രം പൂര്‍ത്തിയായശേഷം അവര്‍ അപ്രത്യക്ഷരാവുകയായിരുന്നു. ഇരുവരെയും പിന്നീടാരും കണ്ടിട്ടില്ല. യൂറോപ്പില്‍ എവിടെയോ ഉണ്ടെന്ന് പറഞ്ഞുകേള്‍വിയല്ലാതെ കൃത്യമായി ഒന്നും അറിഞ്ഞിട്ടുമില്ല. അതേച്ചൊല്ലി പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഫെലിക്സ് ജെ. ബെയ്സ് എന്ന പേരുതന്നെ യഥാര്‍ത്ഥമാണോ എന്നുമുറപ്പില്ലായിരുന്നു. അഡോള്‍ഫ് ഹിറ്റ്ലറുടെ നിര്‍ദ്ദേശപ്രകാരം ഗീബല്‍സിന്റെ കീഴില്‍ ശിക്ഷണം തേടി സാമ്രാജ്യത്വ വികസനത്തിന്റെ തുടര്‍ന്നുള്ള വെട്ടിപ്പിടിക്കലിന് പ്രാരംഭമായി ഇന്ത്യയിലെ മര്‍മ്മപ്രധാനങ്ങളായ സ്ഥലങ്ങളുടെ ദൃശ്യ വിശദാംശങ്ങള്‍ പകര്‍ത്തുവാന്‍ നിയുക്തനായ ജര്‍മന്‍ ചാരനായിരുന്നു ഇയാളെന്ന ഒരു പരാമര്‍ശം വിന്‍സന്റ,് ചേലങ്ങാട്ടിനോട് നടത്തിയിരുന്നത്രെ! ഈ വിവരം പുറത്തറിഞ്ഞാലുള്ള ഭവിഷ്യത്തുകളെ ഭയന്ന് തന്റെ ജീവിതകാലത്ത് ഈ വിവരം വെളിപ്പെടുത്തരുതേയെന്ന് വിന്‍സന്റ് അഭ്യര്‍ത്ഥിച്ചിരുന്നതായി ചേലങ്ങാട്ടിന്റെ മകന് പറഞ്ഞുകേട്ടിട്ടുണ്ട്. ചേലങ്ങാട്ട് ഏതായാലും വാക്കുപാലിച്ചു; വിന്‍സന്റിന്റെ മരണശേഷം മാത്രമേ ഈ വിവരം പുറത്തുപറഞ്ഞുള്ളൂ.
ബെയ്സിനെ വെറുംകൈയോടെ കുഞ്ചാക്കോ ഇറക്കിവിട്ടെന്നും ഉദയായുടെ മണ്ണില്‍ വീണ ആദ്യ കണ്ണീര് ബെയ്സിന്റേതായി എന്നും ചേലങ്ങാട്ടെഴുതി കണ്ടു. ബെയ്സിന് പ്രതിമാസം ആയിരം രൂപ കുഞ്ചാക്കോ (നാല്പതുകളുടെ അവസാനത്തില്‍ അതിന്റെ മൂല്യം എത്രയായിരുന്നു എന്ന് സങ്കല്‍പ്പിക്കുക!) ശമ്പളം നല്‍കിയിരുന്നതായി വായിച്ചതും ചേലങ്ങാട്ടിന്റെ കുറിപ്പുകളില്‍ നിന്നുതന്നെയാണല്ലോ!
അടുത്തലക്കത്തില്‍:
വിജയത്തിന്റെ രുചിമധുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: