”പൂര്‍വം രാമതപോവനാദിഗമനം ഹത്വാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീദാഹനം
പശ്ചാദ് രാവണകുംഭകര്‍ണ്ണനിധനം ഏതദ്ധി രാമായണം”
ആദി മഹാകാവ്യമായ രാമായണത്തെ സംഗ്രഹിക്കുന്ന ഏകശ്ലോകീ രാമായണമാണിത്. പഴമയുടെ പ്രൗഢിയുമായി പുതുമയോടെ ഇതൊരു താളിയോലയില്‍ ലഭിച്ചാലോ? അപൂര്‍വം, അതുല്യം, സുന്ദരം എന്നിങ്ങനെയാകും വിചാര, വികാരങ്ങള്‍. പിന്നെയുള്ള ആകാംക്ഷ ഇന്നിത് എങ്ങനെ സാധ്യമാകുമെന്നാകും.
ഭഗവദ് ഗീതയും, സഹസ്രനാമങ്ങളും താളിയോലയിലെഴുതി നല്കിയ ഒരാളുണ്ട് എറണാകുളത്ത്, ആര്. രാജേഷ് കുമാര്‍. താളിയോലകളുടെ പുനരാവിഷ്കാരത്തിന് ഏറെ കഠിനപാതകള്‍ താണ്ടി രാജേഷ്. ഈ വഴികള്‍ ഒരു സംസ്കാരത്തിന്റെ തിരിച്ചുവരവിനുള്ള എഴുത്തുകളുമായി.
അഷ്ടമംഗലത്തിലെ ഗ്രന്ഥം
ചെറുപ്പത്തില്‍ അഷ്ടമംഗലത്തില്‍ കണ്ട ഗ്രന്ഥം മനസ്സിലുയര്‍ത്തിയ ആകാംക്ഷ താളിയോലകള്‍ക്കു പിന്നാലെ രാജേഷിനെ നയിച്ചു. തുടക്കത്തിലെ കൗതുകം പിന്നെ പിന്നാമ്പുറത്തേക്ക് മാറിയെങ്കിലും കുറച്ചുനാളുകള്‍ക്കു ശേഷം ശ്രദ്ധ വീണ്ടും ഇതിലേക്കു തിരിഞ്ഞു. സാഹിത്യകാരന് സി. രാധാകൃഷ്ണനാണ് അതിനു കാരണമായത്. അദ്ദേഹം പുറത്തിറക്കിയ മരച്ചട്ടയില്‍ പൊതിഞ്ഞ പുസ്തക രൂപത്തിലുള്ള രാമായണം കാണാനിടയായത് ചിന്തകള്‍ക്ക് വീണ്ടും തീപ്പിടിപ്പിച്ചു. കുടപ്പനയോലകളാണ് താളിയോലയായി ഉപയോഗിക്കുന്നത്. ഇതു ലഭിക്കാനുള്ള സാധ്യതക്കുറവും സംസ്കരണത്തിലെ ബുദ്ധിമുട്ടും തുടക്കത്തില്‍ തടസ്സമായി. ഇത് രാജേഷിന്റെ യാത്ര വഴി തിരിച്ചുവിട്ടു.
പ്രതിബന്ധങ്ങളില്‍ മുട്ടുമടക്കിയില്ല ഇദ്ദേഹം. കെട്ടിലും മട്ടിലും താളിയോല ഗ്രന്ഥങ്ങളെന്നു തോന്നിക്കുന്ന രീതിയില്‍ സഹസ്രനാമങ്ങളും ഭഗവദ് ഗീതയുമെല്ലാം കടലാസില്‍ തയാറാക്കി നല്‍കിയാലെന്തെന്ന ചിന്തയായി പിന്നീട്. അതുപക്ഷേ, മറ്റൊരു വിപ്ലവമായിരുന്നു. ആദ്യം ആര്‍ട്ട് പേപ്പറിലും പിന്നീട് ഇറക്കുമതി ചെയ്ത കടലാസിലും ഇവ തയാറാക്കി. ആദ്യവും അവസാനവും പലകകള്‍ ചേര്‍ത്ത് നൂല്കൊണ്ട് ബന്ധിച്ച ഇവ കണ്ടാല്‍ ഗ്രന്ഥങ്ങളെന്നേ തോന്നൂ. ചുവന്ന പട്ടില്‍ പൊതിഞ്ഞാണ് ആവശ്യക്കാര്‍ക്ക് നല്‍കുക. താളിയോലയുമായി രൂപ സാദൃശ്യത്തിന് കുടപ്പനയോലയുടെ ഞെരമ്പുകള്‍ കടലാസില്‍ മുദ്രണം ചെയ്തെടുക്കും.
ലളിതാസഹസ്രനാമം, വിഷ്ണുസഹസ്രനാമം, ഹരിനാമകീര്‍ത്തനം, ദേവീമാഹാത്മ്യം, അധ്യാത്മ രാമായണം എന്നിവ കടലാസ് താളിയോലകളായി മാറി. വിവിധ പ്രസിദ്ധീകരണ ശാലകളിലെ നിത്യസാന്നിധ്യവുമായി ഇവയെല്ലാം. ഒട്ടേറെ പുരസ്കാരങ്ങളും ഈ സംരംഭങ്ങള്‍ക്ക് ലഭിച്ചു.
ലോകത്തിലാദ്യമായി താളിയോല ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിച്ച മഹാകാവ്യമായി അധ്യാത്മ രാമായണം. യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറമാണ് ഈ ബഹുമതി നല്‍കിയത്. ലളിതാസഹസ്രനാമത്തിന് 2014ലും രാമായണത്തിന് 2016ലും അച്ചടി മികവിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
ചിത്രരാമായണത്തിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രാമായണം തയാറാക്കിയത്. തൃശൂരില്‍ നിന്നുള്ള ചിത്രകാരന് കെ. ബിനിലാണ് ചിത്രങ്ങള്‍ വരച്ചത്. പ്രശസ്ത ഗ്രാഫിക് ഡിസൈനര്‍ ഷിബു പ്രഭാകര്‍ ഡിസൈനും നിര്‍വഹിച്ചു. ശ്രീരാമപട്ടാഭിഷേകമാണ് ചിത്രീകരിച്ചത്.
കുടപ്പനയോലയില്‍
കടലാസിനെ താളിയോലയാക്കിയ ആത്മവിശ്വാസം കുടപ്പനയോലയിലേക്ക് കണ്ണെറിയാന്‍ രാജേഷിന് ധൈര്യം നല്കി. പക്ഷേ, എഴുത്തിന് ഓല സജ്ജമാക്കുന്ന രീതി ഏറെക്കുറെ അജ്ഞാതമായിരുന്നു. ആവശ്യം സൃഷ്ടിയുടെ മാതാവെന്നു പറയുന്നതു പോലെ നിരന്തരമായ അന്വേഷണം അതിലേക്ക് വഴി തുറന്നു. 2013 ഒക്ടോബര്‍ രണ്ടിന് താളിയോലയിലെ ആദ്യ ഗ്രന്ഥം പുറത്തിറങ്ങി.
എറണാകുളത്തെ ആര്‍ക്കൈവ്സ് ലൈബ്രറിയില്‍ നിന്നും, ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ ലേഖനത്തില്‍ നിന്നുമുള്ള വിവരങ്ങള്‍, തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ അബിത, പന്തളം എന്‍എസ്എസ് കോളേജിലെ പ്രൊഫസര്‍ പത്മകുമാര്‍ എന്നിവരുടെ നിര്‍ദേശങ്ങളും സ്വയം ഓല സംസ്കരിച്ചെടുക്കാന്‍ രാജേഷിന് ഊര്‍ജ്ജമായി. എങ്കിലും, കുടപ്പനയോല സംസ്കരിക്കാനുള്ള പരിചിത കരങ്ങള്‍ തേടുന്നു ഇദ്ദേഹം, അങ്ങനെയുള്ളവരുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ.
സംസ്കരണം
കട്ടപ്പനയില്‍ നിന്നാണ് കുടപ്പനയോല ലഭിക്കുന്നത്. ഇത് ചെമ്പു പാത്രത്തില്‍ 10 മിനിറ്റ് പുഴുങ്ങി വെയില് കൊള്ളാതെ ഉണക്കിയെടുത്താണ് എഴുത്തിന് സജ്ജമാക്കുന്നത്. പാല്, മഞ്ഞള്‍, കഷായക്കൂട്ട്, ഗോമൂത്രം എന്നീ നാലു മാര്‍ഗങ്ങളിലൂടെയാണ് പ്രധാനമായും പുഴുങ്ങുന്നത്. മഞ്ഞളും കോലരക്കും ചേര്‍ത്തുള്ള രീതിയാണ് രാജേഷ് സ്വീകരിച്ചത്.
എത്ര നേരം പുഴുങ്ങണമെന്ന് ആദ്യമൊന്നും അറിയില്ലായിരുന്നുവെന്ന് രാജേഷ് പറയുന്നു. ”ഒരു മണിക്കൂര്‍ വരെയെടുത്ത സമയമുണ്ട്. നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇപ്പോഴത്തെ സമയക്രമം സ്വീകരിച്ചത്”, രാജേഷ് വ്യക്തമാക്കി.
ഇതിനു ശേഷവും പ്രതിസന്ധികള്‍ വിട്ടൊഴിഞ്ഞില്ല. താളിയോലയ്ക്ക് സമം ഓല വെട്ടിയെടുത്ത് അച്ചടിക്കാന്‍ പല പ്രസ്സുകാരും തയാറായില്ല. നാരായം കൊണ്ട് എഴുതി തയാറാക്കല്‍ സാധ്യമല്ലാത്തതിനാല്‍ അച്ചടിക്കുക മാത്രമായിരുന്നു വഴി. പിന്നീട് ഒറ്റപ്പാലത്തുള്ള സുഹൃത്ത് വഴി അവിടെയുള്ള പ്രസ്സിലാണ് ആദ്യ പതിപ്പില്‍ മഷി പുരണ്ടത്. ഇതു തയാറാക്കി വീട്ടില്‍ കൊണ്ടുവന്ന ശേഷം അക്ഷരങ്ങളില്‍ കരിയിടും. എന്നാലേ തെളിച്ചമുണ്ടാകൂ.
ലളിതാസഹസ്രനാമമാണ് ആദ്യം പൂര്‍ത്തിയാക്കിയത്. വിഷ്ണുസഹസ്രനാമം, ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന, ഭഗവദ്ഗീത എന്നിവയും പുറത്തിറക്കി. ഇതില്‍ ഭഗവദ്ഗീത സംസ്കൃതത്തിലാണ്.
താളിയോല ഗ്രന്ഥങ്ങള്‍ തയാറാക്കാന്‍ വലിയ ചെലവുണ്ട്. 287 പേജുള്ള ഭഗവദ്ഗീതയ്ക്ക് 12,000 രൂപ. മറ്റുള്ളതിന് 7,500 മുതല്‍ 8,500 രൂപ വരെ വരും. കടലാസ് സൃഷ്ടിക്ക് 450 രൂപ മുതല്‍ വരുന്ന സ്ഥാനത്താണിത്. ഒരു ഓല അച്ചടി രൂപത്തിലേക്ക് മാറ്റുന്നതിന് പത്തു രൂപയെങ്കിലും ചെലവു വരുമെന്ന് രാജേഷ് പറഞ്ഞു. എന്നാല്‍, കടലാസില്‍ നിന്നു വ്യത്യസ്തമായി ഇതില്‍ രണ്ടു ഭാഗത്തും എഴുതാമെന്നത് നേട്ടം. ഓല രൂപത്തിലുള്ളത് ഇതുവരെ പത്തെണ്ണം വിറ്റു. ഗായകന് യേശുദാസ് അടക്കം പലരും ഇതിന് ആവശ്യക്കാരായെത്തി. ഇനിയും ചിലരെത്തുന്നു. ലളിതാസഹസ്രനാമങ്ങളാണ് കൂടുതല്‍ ചെലവായത്. ചെമ്പട്ടില് പൊതിഞ്ഞ് നല്കുന്ന ഇവയ്ക്കൊപ്പം ഒരു നാരായവും ഉണ്ടാകും. താളിയോലകള്‍ ചെമ്പട്ടില് പൊതിയുന്ന പഴയ രീതിയാണ് ഇവിടെ പുനരാവിഷ്ക്കരിക്കുന്നത്.
പകര്‍പ്പെടുക്കാം
ഈ ശ്രമത്തിനിടെ സുപ്രധാനമായ മറ്റൊരു കണ്ടെത്തലുമുണ്ടായി. പഴയകാല ഗ്രന്ഥങ്ങളുടെ നേര് പകര്‍പ്പെടുക്കാം, അതും താളിയോലയില്‍. 200 വര്‍ഷം പഴക്കമുള്ള ദേവീ മാഹാത്മ്യത്തിന്റെ പകര്‍പ്പെടുത്തു, മങ്ങലില്ലാതെ. നാശോന്മുഖമായ പല ഗ്രന്ഥങ്ങളെയും നിലനിര്‍ത്താന്‍ ഇതിലൂടെയാകും. വൈദ്യം, ജ്യോതിഷം, വിഷചികിത്സ തുടങ്ങിയവയിലെ അപൂര്‍വ ഗ്രന്ഥങ്ങളുടെ ആയുസ് ഇനിയൊരു 200 വര്‍ഷമെങ്കിലും വര്‍ധിപ്പിക്കാം.
പക്ഷേ, ഇതിനൊരു വെല്ലുവിളിയുണ്ട്. പഴയകാല ഗ്രന്ഥങ്ങള്‍ കൈയിലുള്ളവര്‍ അത് പുറത്തെടുക്കാന്‍ സമ്മതിക്കില്ല. സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വായനശാലകള്‍ക്കും പുരാവസ്തു കേന്ദ്രങ്ങള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ഒരേ നിലപാട്. വരുംതലമുറയ്ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളില്‍ എന്തിനിത്ര കടുംപിടിത്തമെന്നാണ് രാജേഷിന്റെ ചോദ്യം.
കുടുംബം ഒപ്പം
സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ രാജേഷ് ജോലി തിരക്കുകള്‍ക്കിടെയാണ് ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. എറണാകുളത്ത് വടുതലയിലാണ് താമസം. അച്ഛന് കെ. രാമകൃഷ്ണന് നായര്‍, അമ്മ കെ. രാജലക്ഷ്മി, ഭാര്യ അധ്യാപികയായ സംഗീത, മക്കള്‍ പത്താം ക്ലാസുകാരി പാര്‍വതി, നാലാം ക്ലാസില്‍ പഠിക്കുന്ന പവിത്ര എന്നിവരെല്ലാം പിന്തുണയുമായി രാജേഷിനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: