തിരുവനന്തപുരം: എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ ഹൈടെക്കാക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറായി. 4,775 സ്കൂളുകളിലായി 45,000 ക്ലാസ് മുറികളും ഐടി ലാബുകളും സ്ഥാപിക്കുന്നതിന് 553 കോടിരൂപയുടെ പ്രോജക്ടാണ് കിഫ്ബിയുടെ പരിഗണനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഡിപിആര്‍ ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ ഉഷാ ടൈറ്റസിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും കിഫ്ബിയിലേക്കുള്ള ആദ്യ ഡിപിആര്‍ ആണിത്.
ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളില്‍ ഹൈടെക് പദ്ധതിയുടെ പൈലറ്റടിസ്ഥാനത്തിലുള്ള വിന്യാസം നടക്കുകയാണ്. ഡിപിആര്‍ അനുസരിച്ച് മൂന്നു ഘട്ടങ്ങളിലായിരിക്കും ഹാര്ഡ്വെയര് വിന്യാസം നടക്കുന്നത്. ഒന്നാംഘട്ടമായി ഏപ്രില്‍-മെയ് മാസങ്ങളില്‍ 10,000 ക്ലാസ്മുറികള് (ഏകദേശം 1000 സ്കൂളുകള്‍) പൂര്‍ത്തിയാക്കും. രണ്ടാംഘട്ടത്തില്‍ ജൂലൈ-സപ്തംബര്‍ മാസത്തോടെ 25,000 ക്ലാസ്മുറികളും (2500 സ്കൂളുകള്‍) ഹൈടെക്കാക്കും. ഒക്ടോബര്‍-ഡിസംബര്‍ മാസത്തോടെ മൂന്നാംഘട്ടവും പൂര്‍ത്തിയാക്കും.
സര്‍ക്കാര്‍, എയ്്ഡഡ് മേഖലകളില്‍ നിന്നുള്ള 2,685 ഹൈസ്കൂളുകളും 1,701 ഹയര്‍സെക്കന്ററി സ്കൂളുകളും 389 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളും ഉള്‍പ്പെടുന്നതാണ് പദ്ധതി. എല്ലാ ക്ലാസ് മുറികളിലും ലാപ്ടോപ്, മള്‍ട്ടിമീഡിയ പ്രോജക്ടര്‍, വൈറ്റ്ബോര്‍ഡ്, ശബ്ദസംവിധാനം എന്നിവ ലഭ്യമാക്കും. ഐടി ലാബില്‍ ഡെസ്ക്ടോപ്, യുപിഎസ്, മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, എല്‍സിഡി ടിവി, എച്ച്ഡി ക്യാമറ തുടങ്ങിയവ ലഭ്യമാക്കും. പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ സ്കൂളുകളില്‍ സ്ഥാപിക്കും. ഐടി ലാബും ക്ലാസ്മുറികളും തമ്മില്‍ നെറ്റ്വര്ക്കിംഗ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: