ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്ക് സാമ്പത്തിക മേഖലയുടെ അനുകൂല പ്രതികരണമെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിനുശേഷം രാജ്യത്തെ ഓണ്‍ലൈന്‍ പേമന്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് ഇതാണ് സൂചിപ്പിക്കുന്നതെന്നും അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്ത് നടപ്പാക്കിയ പരിഷ്കരണം സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കുന്നതാണ്. ഇതുകൂടാതെ അടുത്തു തന്നെ ഇതിന്റെ ഗുണങ്ങള്‍ ആഭ്യന്തര വാണിജ്യ രംഗത്ത് കണ്ടുതുടങ്ങും. ആഗോളതലത്തില്‍ രാജ്യത്തിനെ പുരോഗതിയിലേക്ക് നയിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കൊണ്ടുവരുന്നതിനായി തുടര്‍ച്ചയായി നിക്ഷേപങ്ങള്‍ കൊണ്ടുവരാനും വ്യാപാര വാണിജ്യ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും സര്‍ക്കാര്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഡിജിറ്റല്‍ ഇന്ത്യ, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയ പദ്ധതികള്‍ ധനകാര്യ ഇടപാടുകളില്‍ രാജ്യത്ത് സുതാര്യത കൊണ്ടുവരുന്നതാണ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ഓണ്‍ലൈന്‍ പേമെന്റ്, ഡിജിറ്റല്‍ വാലറ്റ് എന്നിവയുടെ ഉപയോഗത്തിലും വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദായ നികുതിയിനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചയിലും ഇത് പ്രതിഫലിക്കും. ഇതു കൂടാതെ രാജ്യത്ത് അഴിമതിയും കള്ളപ്പണവും പുറത്തുകൊണ്ടുവരുന്നതിനും നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സാധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: