ഗുണ്ടകളെ പിടികൂടുമെന്നു പോലീസ്. ഇപ്പോള്‍ സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയിരിക്കുകയാണ്. ഇതനുസരിച്ച് 2010 പേര്ക്കെതിരെയാവും കാപ്പ ചുമത്തുക. പക്ഷേ പോലീസ് ഗുണ്ടകളെ പിടികൂടി വരുമ്പോള്‍ ഇടയ്ക്കു വച്ച് നിലയ്ക്കും. ഗുണ്ടകളെ നിലനിര്‍ത്തേണ്ടത് ചിലരുടെയെങ്കിലും ആവശ്യമാണ്. അങ്ങനെ ഫലത്തില്‍ പോലീസിന്റെ കൈയില്‍ അദൃശ്യമായ വിലങ്ങു വീഴും. ഇത്തവണ കുറെക്കൂടി ശക്തമായാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യുമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിലും പോലീസിലും സമ്മര്‍ദം ഏറിയിരിക്കുകയാണ്. കഴിഞ്ഞിടെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാനത്തു നടക്കുന്ന ഗുണ്ടാ രാജിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. ഭരണ പക്ഷത്തെ സിപിഐയും ഇക്കാര്യത്തില്‍ സിപിഎമ്മുമായി ഇടഞ്ഞിരിക്കുകയാണ്. പന്ന്യന്‍ രവീന്ദ്രന് കടുത്ത ഭാഷയിലാണ് പോലീസിനെ വിമര്‍ശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് പാലിക്കാത്തവരെ പോലീസില്‍ നിന്നും പുറത്താക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
പഴയകാല പോലീസിന്റെ ബീജമുള്ളവര് ഇപ്പഴുമുണ്ട്. കേരളത്തെ അധോലോകമാക്കാന് അനുവദിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. കേരളത്തിലെ അക്രമം ഇടതുമുന്നണി ഭരണത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്നാണ് സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഢി പറഞ്ഞത്. ക്രമസമാധാന തകര്‍ച്ചയെ സിപിഎം ഇപ്പോഴും വേണ്ട ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നത് ജനങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. കേരളം കുറ്റവാളികളുടെ സ്വര്‍ഗമായിരിക്കുന്നു.
ഇതിനിടെയാണ് കൊടും കുറ്റവാളികളായ 1850ലധികം പേരെ അവരുടെ ശിക്ഷാ കാലാവധി തികയും മുന്‍പ് ജയില്‍ മുക്തരാക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ ഫയല്‍ ഗവര്‍ണ്ണര്‍ക്കു മുന്‍പാകെ സര്‍ക്കാരില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായി പാലിക്കേണ്ടതൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. കൊടും ലൈംഗിക കുറ്റവുമടക്കമുള്ള വലിയ കൊലയാളിക്കൂട്ടത്തെ മോചിപ്പിക്കാനുള്ള വഴിയാണ് പക്ഷേ, ഗവര്‍ണ്ണര്‍ പി.സദാശിവം അടച്ചത്. ഗുണ്ടാരാജില്‍ ജനം ജീവനും സ്വത്തിനും ആശങ്കപ്പെടുമ്പോഴാണ് കൊടും കുറ്റവാളികളുടെ ശിക്ഷാകാലാവധി ഇളവു ചെയ്യാന്‍ സിപിഎം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.
സിപിഎമ്മിന് ക്രിമിനലുകളോടു മാത്രമെന്താണിത്ര മമത..അല്ലെങ്കില്‍ ഭരണം കിട്ടിയാല്‍ നേരത്തെ ഇറക്കാമെന്ന് ഇവര്‍ക്കു വാക്കുകൊടുത്തിട്ടുണ്ടോ. ആര്‍ക്കു വേണ്ടിയാണ് ഇവരെ ഇത്രപെട്ടെന്ന് ഇറക്കാന്‍ ശ്രമിച്ചത്. ആകെ വകവരുത്താനാണ്. എല്ലാം ശരിയാക്കാമെന്നു വാഗ്ദാനം നല്കി ഭരണത്തിലേറിയത് ഇങ്ങനെ ജനത്തെ ശരിയാക്കാനായിരുന്നെന്ന് ആരു കണ്ടു. അല്ലെങ്കിലും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ക്രിനലുകള്ക്കാണ് സ്വാതന്ത്ര്യം കിട്ടുക എന്നത് ആരോപണം മാത്രമല്ലെന്നു തെളിയിക്കാനുള്ള വ്യഗ്രതയിലാണോ സിപിഎം. പിണറായി വിജയന്റെ സര്‍ക്കാര്‍ ഭരണത്തിലേറി മാസങ്ങള്‍ക്കിടയില്‍ നടന്ന 13 രാഷ്ട്രീയ കൊലപാതകങ്ങളില്‍ എട്ടും കണ്ണൂരിലാണ്. ഇതില്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തു മാത്രം നാല് കൊലപാതകങ്ങള്‍ നടന്നു.
ഭരണം നന്നാണെന്നും ക്രമ സമാധാന നില ഭദ്രമാണെന്നും സിപിഎംകാരുപോലും പറയുമെന്നു തോന്നുന്നില്ല. സംസ്ഥാനത്തെ ഗുണ്ടാരാജില്‍ അവരിലും നടുക്കമുണ്ടാകാം. അതുകൊണ്ട് പോലീസ് പറയുന്നതു ആത്മാര്ഥതയോടെയാണെങ്കില്പ്പോലും വിശ്വസിക്കാന്‍ പ്രയാസം. സിപിഎം ഭരിക്കുമ്പോഴൊക്കെ പാര്‍ട്ടി വളരുകയും സംസ്ഥാനം തകരുകയുമാണെന്നുള്ള ആരോപണം പണ്ടേയുണ്ട്. ഇന്നു പക്ഷേ സംസ്ഥാനത്തോടൊപ്പം പാര്‍ട്ടിയും തകരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: