കാസര്‍കോട്: ഉത്തര കേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഭരണി മഹോത്സവത്തിന് നാളെ കൊടിയേറും. രാത്രി 9 മണിക്ക് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ നിന്ന് ദേവീദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ തിടമ്പുകളും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് അടിച്ചു തളി, ശുദ്ധികര്‍മ്മങ്ങള്‍, കലശാട്ട് തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ക്കു ശേഷം രാത്രി 12.30 മണിക്ക് കൊടിയേറ്റ ചടങ്ങു നടക്കും. തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങിയ ശേഷം കല്പിച്ചു നല്കുന്ന ഓല, മുള, കയര്‍, ദീപത്തിന് എണ്ണ മുതലായ സാധനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പ്രതീകാത്മകമായി ഭരണി മഹോത്സവത്തിന്റെ കൊടിയേറ്റ ചടങ്ങിന് ഉപയോഗിക്കുന്നത് രണ്ടു ക്ഷേത്രങ്ങളും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ ദൃഷ്ടാന്തങ്ങളാണ്.
23ന് ഭൂതബലി ഉത്സവ ദിവസം വൈകുന്നേരം 4.30ന് ഭജന, 6.30ന് സന്ധ്യാദീപം, കലശാട്ട്, രാത്രി 8 മണിക്ക് ഭൂതബലിപ്പാട്ട്, 9 മണിക്ക് പൂരക്കളി, 10.30ന് ഗാനമേള, പുലര്‍ച്ചെ 4.30ന് ഭൂതബലി ഉത്സവം നടക്കും.
24ന് താലപ്പൊലി ഉത്സവ ദിവസം രാവിലെ 7 മണിക്ക് ഉത്സവബലി, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് ഭജന, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി 8മണിക്ക് പൂരക്കളി, രാത്രി 10ന് നൃത്തശില്പം, പുലര്‍ച്ചെ 4.30ന് താലപ്പൊലി ഉത്സവം നടക്കും.
25ന് ആണ് പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവം. രാവിലെ 7 മണിക്ക് ഉത്സവബലി, വൈകുന്നേരം 4.30ന് ഭജന, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി 9 മണിക്ക് പൂരക്കളി, രാത്രി 11 മണിക്ക് ഉദുമ തെക്കേക്കര തിരുമുല്ക്കാഴ്ച, 11.45 ന് ചിറമ്മല്‍ പ്രദേശ് തിരുമുല്ക്കാഴ്ച, 12.30 ന് ഉദുമ പടിഞ്ഞാര്‍ക്കര തിരുമുല്ക്കാഴ്ച, രാത്രി 1.15 ന് പള്ളിക്കര തണ്ണീര്‍പ്പുഴ തിരുമുല്ക്കാഴ്ച, 2 മണിക്ക് മംഗലാപുരം തിരുമുല്ക്കാഴ്ച സമര്‍പ്പണങ്ങള്‍ നടക്കും. 26 ന് പുലര്‍ച്ചയോടെ കൊടിയിറങ്ങി ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ ഭരണിമഹോത്സവത്തിന് സമാപനമാകും. ഉത്സവത്തിന്റെ ഭാഗമായി 25ന് വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ച വരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ.എസ്.ആര്.ടി.സിയും സ്വകാര്യബസ്സുകളും പ്രത്യേക സര്‍വ്വീസ് നടത്തും. 26 ന് രാവിലെ പരശുരാം എക്പ്രസ്സിന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ.ബാലകൃഷ്ണന്, വൈസ് പ്രസിഡണ്ടുമാരായ ടി.കണ്ണന് ചളിയങ്കോട്, കെ.കുഞ്ഞിക്കണ്ണന് കരിപ്പോടി, ജനരല് സെക്രട്ടറി പി.വി.അശോക് കുമാര്‍, സെക്രട്ടറിമാരായ പി.കുമാരന് പള്ളിക്കര, ബാലകൃഷ്ണന് കണ്ണംവയല്‍, ട്രഷറര്‍ കൃഷ്ണന് ചട്ടഞ്ചാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: