പറഞ്ഞുപറഞ്ഞ്, കേട്ടുകേട്ട് മടുത്ത വാക്കുകള്‍ വീണ്ടും വീണ്ടും പ്രയോഗിക്കേണ്ടി വരുന്നതില്‍ വിരസതയുണ്ട്. പക്ഷെ സാഹചര്യങ്ങള്‍ക്കൊന്നും വേണ്ടത്ര മാറ്റം ഇല്ലാത്തതിനാല്‍ ആവര്‍ത്തിക്കേണ്ടി വരുന്നു. സ്ത്രീ സുരക്ഷയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. എവിടെയെങ്കിലും ഒരു സ്ത്രീയ്ക്കുനേരെ അതിക്രമം നടന്നുവെന്നറിയുമ്പോള്‍, അപകടത്തിലാവുന്ന സ്ത്രീ സുരക്ഷയെയോര്‍ത്ത് ആണ്-പെണ് വ്യത്യാസമില്ലാതെ ആശങ്കപ്പെടാറുണ്ട്, അപലപിക്കാറുണ്ട്. എന്നിട്ടും കാര്യമായ മാറ്റം സമൂഹത്തിലുണ്ടാകുന്നില്ല, കുറ്റകൃത്യങ്ങള്‍ പെരുകുന്നതല്ലാതെ.
അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചോര്ത്താണ് ഓരോ സ്ത്രീയും ഇന്നാട്ടില് ജീവിക്കുന്നത്. ഇത് ഇവിടുത്തെ മാത്രം സ്ഥിതിവിശേഷമല്ലതാനും. ഇക്കാര്യത്തില്‍ സമൂഹത്തില്‍ പ്രശസ്തരായവരെന്നോ, സാധാരണക്കാരെന്നോ വേര്‍തിരിവില്ല. ഇരയാക്കപ്പെടുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും സമാനമായിട്ടുകൂടി, ആര്‍ക്കാണ് സംഭവിച്ചതെന്നുനോക്കി നിസാരവത്കരിക്കപ്പെട്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്. പെണ്ണിനോട് ആര്‍ക്കും എന്തും ആവാം എന്ന അവസ്ഥ. പ്രതികരിക്കില്ല, പരാതിപ്പെടില്ല എന്ന തോന്നല്‍. അഥവാ പ്രതികരിച്ചാലും അതിത്രയേ ഉണ്ടാവുകയുള്ളുവെന്ന മുന്‍വിധി. പിടിക്കപ്പെട്ടാലും ശിക്ഷയെയോര്ത്തുള്ള ഭയമില്ലായ്മ. ഇതെല്ലാമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകാന്‍ കാരണം.
കഴിഞ്ഞ ദിവസം പ്രമുഖ നടിക്കുനേരെയുണ്ടായ സംഘടിതമായ ആക്രമണം വാഹനത്തിനുള്ളില്‍ വച്ചായിരുന്നു. രണ്ടുമണിക്കൂറോളം ദേശീയപാതയിലൂടെ പാഞ്ഞ ആ വാഹനത്തിനുള്ളില്‍ വച്ചാണ് ഇരുട്ടിന്റെ മറവില്‍ അവര്‍ നടിയെ ഉപദ്രവിച്ചത്. ഒരു സ്ത്രീയെ കടന്നുപിടിക്കുന്നതിനും ആക്രമിക്കുന്നതിനും കീഴ്പ്പെടുത്തുന്നതിനും പകല്‍വെട്ടത്തുപോലും ധൈര്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചതില്‍ ആരാണ് ഉത്തരവാദി. രാത്രി സഞ്ചാരമാണ് ഒരു കാലത്ത് സ്ത്രീയെ ഭയപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് രാവും പകലും ഒരുപോലെ ഭയപ്പെടുത്തുന്നു. സ്ത്രീക്ക് സംരക്ഷണം നല്‍കുക എന്നത് പുരുഷന്റെ കടമയാണെന്ന് കരുതുന്നില്ല. അതവള്‍ക്ക് ആരില്‍ നിന്നും ലഭിക്കേണ്ട ഔദാര്യവുമല്ല. സുരക്ഷിതമായി ജീവിക്കുകയെന്നത് അവളുടെ അവകാശമാണ്. ആ അവകാശത്തെയാണ് മനസ് വികലമാക്കപ്പെട്ട ചില പുരുഷന്മാര് ഹനിക്കുന്നത്.
സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വരേണ്ടത് അനിവാര്യമാണ്. തനിച്ചായിപ്പോകുന്ന പെണ്ണിനെ ആര്‍ക്കും എന്തും പറയാം എന്നതാണ് സ്ഥിതി. അസമയത്ത് യാത്ര ചെയ്യുന്ന സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുകയും അവരുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നവരുമായ സദാചാരവാദികളും നിരവധി. ഇവിടെ അവള് ആരില്‍ നിന്നെല്ലാമാണ് രക്ഷനേടേണ്ടത്. സ്ത്രീസുരക്ഷയ്ക്കായി എത്രയെത്ര പദ്ധതികളാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. അതില്‍ എത്രയെണ്ണം ഇന്ന് ഫലപ്രദമായി നടക്കുന്നുണ്ട് എന്ന് അന്വേഷിച്ചാല്‍, സ്ത്രീ സുരക്ഷയ്ക്ക് എത്രമാത്രം പ്രാധാന്യം ഭരണകൂടം നല്‍കുന്നുണ്ടെന്ന് ബോധ്യമാവും.
അടിയന്തരഘട്ടത്തില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ ഒന്നും തന്നെ പ്രവര്‍ത്തനക്ഷമമല്ല. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ആവിഷ്കരിച്ച പിങ്ക് പോലീസ് സംവിധാനത്തിലും പാളിച്ചയാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബറിലാണ് സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വത്തിനായി പിങ്ക് പോലീസ് സംവിധാനം നിലവില്‍ വന്നത്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായാല്‍ 1515 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഉടന്‍ സഹായം എന്നതായിരുന്നു അവകാശവാദം. എന്നാല്‍ ഫലത്തില്‍ ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നതാണ് അവസ്ഥ. ഇതുപോലെ തന്നെയാണ് റെയില്‍വേയിലെ വനിതാ ഹെല്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചാലുള്ള അവസ്ഥയും. 1091 എന്ന ഹെല്പ് ലൈന്‍ നമ്പറും പല നഗരങ്ങളിലും പ്രവര്‍ത്തനരഹിതമാണ്.
സ്ത്രീക്ക് സുരക്ഷിതമായി ജീവിക്കാനുള്ള, തൊഴില്‍ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ അത്ര എളുപ്പമല്ല. അതിന് നിയമങ്ങള്‍ കൂടുതല്‍ ശക്തമാവേണ്ടതുണ്ട്. ഭരണകര്‍ത്താക്കള്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാവും പകലും സുരക്ഷിതത്വ ബോധത്തോടെ ജീവിക്കുകയെന്നത് ഏതൊരാളുടേയും അവകാശമാണ്. കേരളത്തിലെ സാമൂഹികാവസ്ഥ ആണിനും പെണ്ണിനും പരസ്പരം ഇടപഴകുന്നതിന് അനുകൂലമല്ലെന്ന പേരില്‍, അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ചുംബനസമരമെന്ന പ്രതീകാത്മക സമരം നടത്തിയവരെയല്ല നമുക്ക് ആവശ്യം. അതിനെല്ലാമുപരി പെണ്ണിന് അഭിമാനത്തോടെ ജീവിക്കാന്‍ സാഹചര്യം ഉരുത്തിരിഞ്ഞുവരുന്നതുവരെ പോരാടുന്നവരെയാണ്.
കേരളത്തില്‍ സ്ത്രീകളുടെ ജീവിതം ഒട്ടും സുരക്ഷിതമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാത്തവിധം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം വര്‍ധിച്ചുവരുന്നു. 2007 മുതല്‍ 2016 വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 9381 ല്‍ നിന്ന് 14061 ആയി വര്‍ധിച്ചിരിക്കുന്നുവെന്ന് കാണാം.
2016 ല്‍ 1644 ബലാത്സംഗ കേസുകളും 4035 പീഡനകേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് കേരള പോലീസിന്റെ കണക്കുകള്‍. അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ജില്ല മലപ്പുറമാണ്. 1406 കേസുകള്‍. വയനാടാണ് ഏറ്റവും കുറവ് കേസുകള്‍ . എറണാകുളം സിറ്റിയില്‍ 627 ഉം എറണാകുളം റൂറലില്‍ 792 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2007 ല്‍ യഥാക്രമം 62, 112 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ നഗരങ്ങളുടേയും കണക്കുകള്‍ പരിശോധിച്ചാല്‍ 2015 നെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രം. അപമാന ഭയമോര്‍ത്ത് പുറംലോകമറിയാതെ എല്ലാം സഹിച്ചുജീവിക്കുന്നവരും നിരവധി.
ശക്തമായ നിയമസംവിധാനങ്ങള്‍ ഉള്ള ഒരുനാട്ടിലാണ്, നിയമത്തെ പോലും വകവയ്ക്കാതെയുള്ള ചിലരുടെ അഴിഞ്ഞാട്ടം. നിയമം നടപ്പാക്കുന്നതിലുള്ള കാലതാമസം, പഴുതുകള്‍ അടച്ചുള്ള കുറ്റാന്വേഷണത്തിന്റെ അഭാവം, സ്വാധീനമുണ്ടെങ്കില്‍ കേസില്‍ നിന്നും രക്ഷപെടാനാവുന്ന സാഹചര്യം ഇതെല്ലാം ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നതിന് കാരണമാകുന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്ന് വരുത്തിത്തീര്‍ക്കുവാനാണ് അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍പോലും ശ്രമിക്കുന്നത്.
ഒറ്റപ്പെട്ടതല്ല എന്നത് തെറ്റിനെ ഒരര്‍ത്ഥത്തില്‍ സാധൂകരിക്കലാണ്. സ്ത്രീയുടെ അഭിമാനത്തെയാണ് ഇത്തരം മനോഭാവക്കാര്‍ അധിക്ഷേപിക്കുന്നതും. ഈ മനോഭാവങ്ങള്‍ക്കും മാറ്റം വരേണ്ടതുണ്ട്. ഒരു സംഭവമുണ്ടായാല്‍ മെഴുകുതിരി കത്തിക്കലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കലുമല്ല ആവശ്യം. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നീണ്ട പോരാട്ടമാണ്. ഇനിയുള്ള ചുവടുവയ്പ്പ് അതിനാവട്ടെ.
കെ.സി.റോസക്കുട്ടി (വനിതാ കമ്മീഷന് അദ്ധ്യക്ഷ)
സ്ത്രീകള്‍ക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിന് ഉദാഹരണമാണിത്.നിലവിലുള്ള സ്ത്രീസുരക്ഷാ നിയമം കര്‍ശനമായി നടപ്പിലാക്കിയെങ്കില്‍ മാത്രമേ ഇതിനെ തടയിടാനാകൂ. ചില പുരുഷന്മാര് സ്ത്രീകളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിലൂടെ ആനന്ദം കണ്ടെത്തുന്നു. ചിലര്‍ ഭീഷണിപ്പെടുത്തിയും മറ്റു പല രീതിയിലും പീഡിപ്പിച്ച് പണം സമ്പാദിക്കുന്നു. പീഡനക്കേസുകളില്‍ കേസ് നടത്തിപ്പിന്റെ കാലദൈര്‍ഘ്യം സ്ത്രീക്കുതന്നെ വിനയാകുന്നു. സ്ത്രീയുടെ പരാതിയിന്മേല് പോലീസ് എഫ്ഐആര്‍ എടുക്കുന്നത് വളരെ പ്രധാനമാണ്. പലപ്പോഴും ഇക്കാര്യത്തില്‍ പുരുഷന് രക്ഷപ്പെടാനുള്ള പല പഴുതുകളും ഉണ്ടാകും. ഇത് ഒഴിവാക്കണം. സ്ത്രീസുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന കാര്യത്തില്‍ പോലീസ് ജാഗരൂകരായി കേസുകള്‍ കൈകാര്യം ചെയ്യണം. കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം ആവശ്യമാണ്. കേസുകള്‍ കെട്ടിക്കിടക്കാതിരിക്കാന്‍ അതിവേഗ കോടതിവഴി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ആണ്‍കുട്ടികള്‍ക്കുമേല്‍ ശക്തമായ തിരുത്തല്‍ നടപടികള്‍ കുടുംബത്തില്‍ത്തന്നെ നടപ്പാക്കണം. കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കാന്‍, അവരില്‍ അവബോധം ഉണ്ടാക്കാന്‍ മാതാപിതാക്കള്‍ ജാഗരൂകരാകണം.
ജസ്റ്റിസ് ഡി. ശ്രീദേവി (വനിതാ കമ്മീഷന് മുന്‍ അദ്ധ്യക്ഷ)
സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ ഈയിടെയായി വളരെയധികം വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്കയുണ്ട്. സ്വന്തം കാറില്‍ സഞ്ചരിക്കുന്ന സ്ത്രീ പോലും സുരക്ഷിതയല്ല എന്നതാണ് അവസ്ഥ. സ്വന്തം ഡ്രൈവറെപ്പോലും വിശ്വസിക്കാനാകാത്ത അവസ്ഥ. ഈ രീതിയില്‍ പോയാല്‍ സമൂഹം എവിടെ എത്തും. ഇപ്പോഴത്തെ നിയമം കൃത്യമായി നടപ്പിലാക്കാന്‍ ആര്‍ജവമുള്ള ആരും ഇന്നില്ല. അതിന് ആര്‍ജവമുള്ളവര്‍ നിയമം കൈകാര്യം ചെയ്യണം.
90 ശതമാനം പുരുഷന്മാരും പണം എങ്ങനെയും വെട്ടിപ്പിടിക്കാം എന്ന ചിന്ത മാത്രമുള്ളവരാണ്. ഇന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് എല്ലാവരും ഞരമ്പുരോഗികളായി മാറുന്നു. അവര്‍ മനോരോഗികളെപ്പോലെയായിത്തീരുന്നതോടെ അവര്‍ ചെയ്യുന്നത് അവര്‍ പോലും അറിയാത്ത അവസ്ഥയിലെത്തുന്നു. മദ്യവും മയക്കുമരുന്നും ഇല്ലാതാക്കാന്‍ ബോധവല്കരണം കൊണ്ടു യാതൊരു കാര്യവുമില്ല. ഇവ പൂര്‍ണമായും ലഭിക്കാത്ത അവസ്ഥയുണ്ടാകണം. ഈ വിഷയത്തില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവരെല്ലാം രാഷ്ട്രീയ ഭേദമന്യേ സജീവമായി പ്രയത്നിക്കണം. അല്ലെങ്കില്‍ ഇനിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും നേരെയുള്ള അതിക്രമം തുടര്‍ന്നുകൊണ്ടേയിരിക്കും.
പാര്‍വതി(നടി, കൗണ്‍സലര്‍, സാമൂഹ്യപ്രവര്‍ത്തക)
പ്രശസ്തയായ നടിയുടെ നേരേ നടന്ന അതിക്രമമായതിനാല്‍ സമൂഹം ഇതിനെ ഗൗരവമായി എടുത്തു. അതുപോലെ ഓരോ പിഞ്ചുകുഞ്ഞിനുനേരെയും പീഡനങ്ങള്‍ നടക്കുന്നു. നമ്മുടെ ചുറ്റുപാടും ഓരോരുത്തരുടെയും വീട്ടിലും ഇത് സംഭവിക്കാം. ഇതിന് ഇനിയും പരിഹാരം ഉണ്ടാകുമെന്നു തോന്നുന്നില്ല. കാരണം ഇത്തരം കേസുകളില്‍ ആരെയും ശിക്ഷിച്ചിട്ടില്ല. ശിക്ഷാ നിയമത്തില്‍ മാറ്റം വന്നേതീരൂ. കുറ്റവാളികളെ കുറച്ചു ദിവസത്തേക്ക് ജയിലില്‍ അയച്ചതുകൊണ്ടു മാത്രം ക്രിമിനലുകളുടെ സ്വഭാവത്തില്‍ മാറ്റം ഉണ്ടാകുന്നില്ല. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷതന്നെ നല്‍കണം. ഇത്തരം വിഷയങ്ങളില്‍ സമൂഹം ഒന്നടങ്കം ഇരയോടൊപ്പം നില്ക്കാന് ബാദ്ധ്യസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: