കാസര്‍കോട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയിലുണ്ടായ കലാപ ബാധിതര്‍ക്ക് നല്‍കാനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ശേഖരിച്ച് പാര്‍ട്ടി ഓഫീസിന് സമീപത്തെ ഗോഡൗണില്‍ സൂക്ഷിച്ച ടണ്‍ കണക്കിന് വസ്ത്രങ്ങള്‍ പുഴയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പുഴ മലിനമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ.ജീവന് ബാബു അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് തഹസില്‍ദാറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. അന്വേഷണത്തില്‍ പുഴ കൈയ്യേറിയ സ്ഥലത്താണ് തുണികള്‍ ഉപേക്ഷിച്ചതെന്നും കുറച്ചു വസ്ത്രങ്ങള്‍ മണ്ണിട്ട് മൂടി പുഴ നികത്തിയതായും കണ്ടെത്തി. പാര്‍ട്ടി ഓഫീസിന് സമീപം തുണികള്‍ കണ്ടെത്തിയ സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന് മാധ്യമ പ്രവര്ത്തകരെത്തുന്നതിനു മുമ്പ് ഇവിടെ നിന്നും തുണികള്‍ നീക്കം ചെയ്യുകയായിരുന്നു. കോളനികളിലെ ആളുകള്‍ക്ക് കൊടുക്കാനെന്ന് പറഞ്ഞാണ് ഇത് പാര്‍ട്ടി ഓഫീസിന് സമീപത്തു നിന്നും കൊണ്ടുപോയത്. പാര്‍ട്ടി ശാഖാ തലങ്ങളിലെ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങളാണ് യഥാസ്ഥലത്തെത്തിക്കാന്‍ കഴിയാതെ പാര്‍ട്ടി ഓഫീസിന് സമീപത്തെ ഗോഡൗണില്‍ സൂക്ഷിച്ചത്. ഇവ ഉപയോഗ ശൂന്യമായവയാണെന്നായിരുന്നു ബന്ധപ്പെട്ടവര്‍ നല്കിയ വിശദീകരണം. ഇതാണ് ഇപ്പോള്‍ പുഴയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഏതു മാലിന്യവും പുഴയിലൊഴുക്കുകയെന്ന ശീലമാണ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്. തുണിയിട്ട് മൂടിയ സ്ഥലത്ത് കണ്ടല്‍ കാട് നശിപ്പിച്ചാണ് പുഴ കൈയ്യേറിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തഹസില്‍ദാര്‍ ജയരാജ് വൈക്കത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാപകമായ രീതിയില്‍ ലീഗ് നേതൃത്വം അന്ന് പ്രചരങ്ങള്‍ നടത്തിയാണ് ഇത്രയും വസ്ത്രങ്ങള്‍ ശേഖരിച്ചത്. ഇവ ഇത്തരത്തില്‍ കൈമാറ്റം ചെയ്യാതെ നശിപ്പിച്ചത് ലീഗ് അണികള്‍ക്കിടയില്‍ തന്നെ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: