ഗുരുവിനോടുള്ള അടങ്ങാത്ത പ്രേമം കൊട്ടി അടച്ച വാതിൽ തുറന്ന് വരുന്ന ഒരു നനുനനുത്ത കുളിരായി ആത്മാവിനെ ശുദ്ധീകരിച്ച് ചരാചരങ്ങളോടുള്ള സ്നേഹമായി എന്നിൽ തുടിക്കുന്നു.
ആ കണ്ണുകളിൽ നോക്കി ചലിക്കാത്ത പ്രതിമ പോലെ ലോകം മറന്ന് എന്നെ മറന്ന് ഒരു 30 സെക്കന്റ് ആനന്ദസാഗരത്തിൽ നിർവൃതി നേടിയ ആ നിമിഷം. പ്രേമം തുളുമ്പുന്ന ആ കണ്ണുകൾ ഒരായിരം ചോദ്യശരമായി. കൈപ്പത്തി ചലിപ്പിച്ച് എന്തു വേണം എന്ന ചോദ്യമായി കുളിരുള്ള ഒരു കാറ്റായി കാരുണ്യത്തിന്റെ ആ ശരീരം മെല്ലെ നീങ്ങി. പിന്നീടിന്നു വരെ ജീവിത പ്രതിസന്ധി കൊടുംകാറ്റായി ആഞ്ഞടിക്കുമ്പോൾ ഈ അപൂർവ്വ നിമിഷങ്ങൾ കുളിരായി എന്നിൽ പടരും.
പുട്ടപർത്തി എന്ന് പറഞ്ഞാൽ പാമ്പിന്റെ പൊത്ത് എന്നാണ്. ഇന്നും കൗപീനം ഉടുത്ത കൃഷിക്കാർ മാത്രം ജീവിക്കുന്ന ഗ്രാമം. 1926 നവംബർ 23 തിരുവാതിര നാളിൽ സുന്ദരനായ ആൺകുഞ്ഞ് ഈശ്വരാംബക്ക് പിറന്നു. 13 വയസു വരെ ആ കുഞ്ഞു സത്യൻ അനുഭവിക്കാത്ത വേദനയില്ല. മന്ത്രവാദികൾ ആ ശരീരം കീറി മുറിച്ച് വേദനയുടെ കൊടുമുടിയിൽ ആ ബാലനെ തൃശങ്കു സ്വർഗ്ഗത്തിൽ നിർത്തി.
1940 ഒക്ടോബർ 20 തന്റെ പതിമൂന്നാമത്തെ വയസിൽ പുസ്തകങ്ങൾ വലിച്ചെറിഞ്ഞ് അടുത്തുള്ള ഹനുമന്തയ്യയുടെ തോട്ടത്തിലേക്ക് നടന്നു. ഒരു പാറയിൽ കയറി ഇരുന്ന് ആ പിഞ്ചു ബാലൻ ഇന്നത്തെ പ്രശസ്തമായ ഭജൻപാടി. മാനസഭജരെ ഗുരു ചരണം ദുസ്തര ഭവസാഗര തരണം. ലോകം മുഴുവൻ അതേറ്റു പാടി. ഇതെല്ലാം കണ്ട് പരിഭ്രമിച്ച ഈശ്വരാംബ ബാലസായിയോട് ഒരു സത്യം വാങ്ങിച്ചു. സന്യാസിയായി ഹിമാലയ ഗുഹകളിലേക്കോ മറ്റെവിടെക്കോ കർമ്മമണ്ഡലം മാറ്റില്ല എന്ന്. ആ സത്യം പാലിച്ചു സായി.
ലോകം മുഴുവനും വിശ്വാസികളും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടായിരുന്ന സ്വാമി ഇന്ത്യ വിട്ട് ഒരിക്കൽ മാത്രമേ യാത്ര പോയുള്ളു. അതും ഈസ്റ്റ് ആഫ്രിക്കയിലെ പാവങ്ങളെ സഹായിക്കാൻ മാത്രം. ഈശ്വരാംബയുടെ ആരും കൊതിക്കുന്ന കോമളനായ ആ ബാലൻ പിന്നീട് ലോകത്തേ മുഴുവൻ പുട്ടപർത്തി എന്ന ഗ്രാമത്തിലേക്ക് ആകർഷിച്ചു. ഒരു മനുഷ്യ ജൻമം പൂർത്തിയാക്കാൻ കഴിയാത്ത കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സ്വാമി എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചു. സര്‍ക്കാരിന് കഴിയാതെ പോയ കുടിവെള്ള വിതരണം ഏറ്റെടുത്ത് നടത്തി സത്യസായി കുടിവെള്ള പദ്ധതി മാർഗ്ഗദർശിയായി.
സത്യസായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നല്ല നവ മുകുളങ്ങൾക്ക് മാത്രം. പഠനം മുതൽ എല്ലാം സൗജന്യം. മിടുക്കൻമാരായി പുറത്തിറങ്ങുന്ന കുട്ടികൾ ഒരു മുതൽക്കൂട്ട് തന്നെയാണ് ഭാരതത്തിന്.
അവിടുത്തെ അന്തരീക്ഷം കുട്ടികളെ നല്ല പൗരൻമാരാക്കുന്നു . ആശ്രമത്തിന് ഒരു കിലോമീറ്റർ ദൂരെ ഒരു ആശുപത്രി നിർമ്മിച്ചു സ്വാമി. കിലോമീറ്ററുകൾ ചുറ്റി പരന്നു കിടക്കുന്ന ആ ആതുരാലയം കണ്ടാൽ ഒരു ആരാധനാലയമാണ് എന്ന പ്രതീതി ഉളവാക്കും. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ സൗജന്യമായി സേവനം ലഭിക്കുന്നു. രോഗത്തിന്റെ തീവ്രത മനസിലാക്കി രോഗികൾക്ക് സമയം അനുവദിക്കുന്നു മരുന്നോ രക്തമോ കൂടെ നിക്കാന്‍ ആളോ ഒന്നും അവിടെ ആവശ്യമില്ല. സ്വാമിയുടെ ഭക്തർ പൊന്നുപോലെ നോക്കും.
പുട്ടപർത്തി എന്ന ആ ഗ്രാമത്തിൽ ലോകം മുഴുവനുമുള്ള സ്വാമിയുടെ ഭക്തരായ മെഡിക്കൽസംഘങ്ങൾ കൃത്യമായി വന്നിറങ്ങാനും തിരിച്ചു പോകാനും വേണ്ടി മാത്രം ഒരു എയർപോർട്ട് നിർമ്മിച്ചു. മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും നേഴ്സുമാരും അടങ്ങുന്ന ചെറുസംഘങ്ങൾ വന്നിറങ്ങി അവർക്ക് അനുവദിച്ച അത്രയും ശസ്ത്രക്രിയ ചെയ്ത് തിരിച്ചു പോകുന്നു. 60 വയസു കഴിഞ്ഞവർക്ക് അപൂർവ്വം മാത്രം അവിടെ പരിഗണന . ചെറുപ്പക്കാർക്കാണ് സേവനം കൂടുതൽ ലഭിക്കുക.
ലക്ഷങ്ങൾ ചിലവ് വരുന്ന ഹാർട്ട് സർജറി മുതൽ എല്ലാം അവിടെ സൗജന്യമായി ചെയ്ത് കൊടുക്കുന്നു. സ്വാമിയുടെ സ്വപ്നങ്ങൾ ഇന്നും ഒരു കണിക പോലും മാറാതെ തുടർന്നു വരുന്നു.
ആശ്രമ കവാടത്തിൽ തണൽ വിരിച്ചുനിൽക്കുന്ന ആൽമരത്തിന് ധാരാളം കഥ പറയാനുണ്ട്. ഈ ആൽമരം ബാലസായിയുടെ പ്രിയ കൂട്ടുകാരനാണ്. ബാലൻമാരായ മറ്റു കുട്ടികളുമായി ബാലസായി കളിക്കുമ്പോള്‍ കൂട്ടുകാർക്ക് ഈ ആൽമരത്തിൽ നിന്നും പഴങ്ങൾ എറിഞ്ഞു വീഴ്‌ത്തി പങ്കുവച്ച് വിശപ്പ് അകറ്റുമായിരുന്നു.
ആശ്രമത്തിൽ ഒരു ജീവജാലങ്ങൾക്കും വിലക്കില്ല. മരങ്ങൾ കൊണ്ട് നിറഞ്ഞ അവിടെ പറവകളുടെ ശബ്ദം മാത്രം ഒഴുകും. വാനരൻമാർ മനുഷ്യരെപ്പോലെ നടമാടും.
തെരുവ് നായകൾ ഭയമില്ലാതെ മനുഷ്യന്റെ സഹചാരിയാകും. സ്വാമിയുടെ ശരീരം ഇന്നില്ല എന്നാൽ സ്വാമി നിറഞ്ഞു നിൽക്കുന്നു ഇവിടെ. സ്വാമിയുടെ ഭക്തരായ കച്ചവടക്കാർ അവിടെ ഇന്നും പിടിച്ചു നിക്കുന്നു.
ഒന്നിനും ഒരു മാറ്റവും സംഭവിക്കാതെ സ്വാമി ഇന്നും അവിടെ ജീവിക്കുന്നു . വിശ്വാസികൾക്ക് ഒരു കുളിരായി, തണലായി ആതുരസേവനത്തിൽ പുതിയ വാതിൽ തുറന്ന പൊക്കം കുറഞ്ഞ
ഒഴുകി നടന്നിരുന്ന സത്ഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: