നാദാപുരം: വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക് വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു പണം തട്ടുന്ന യുവാവ് റിമാന്‍ഡില്‍. കഴിഞ്ഞ ദിവസം കുമ്മങ്കോട് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ദേവര്‍ഷോല അന്‍ഷാദിനെ(18)യാണ് ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തത്.
തന്റെ കൂട്ടുകാരിയെന്ന വ്യാജേന വാട്‌സ് ആപ്പില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ നല്‍കി കുമ്മങ്കോട് സ്വദേശിനിയുമായി അന്‍ഷാദ് ബന്ധം സ്ഥാപിച്ചത്. യുവതിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് തന്റെ ഫോട്ടോയും ചേര്‍ത്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപെടുത്തുകയായിരുന്നു. താന്‍ ആവശ്യപ്പെടുന്ന പണം നല്‍കിയാല്‍ തന്റെ ദൗത്യം ഉപേക്ഷിക്കാമെന്ന് പറഞ്ഞ അന്‍ഷാദ് യുവതിക്ക് തന്റെ ബാങ്ക് അക്കൗണ്ട് നമ്പരും നല്‍കി. പണം തരാമെന്ന വ്യാജേന കല്ലാച്ചിയില്‍ വിളിച്ചു വരുത്തിയ അന്‍ഷാദിനെ സ്ഥലത്ത് നേരത്തെ നിലയുറപ്പിച്ച പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായാണ് പോലീസ് നല്‍കുന്ന സൂചന. ഇയാളുടെ മൊബൈല്‍ ഫോണില്‍ പ്രത്യേക സോഫ്റ്റ് വെയര്‍ വഴി ഒളിപ്പിച്ചു വെച്ച യുവതികളുടെ പടങ്ങള്‍ പോലീസ് കണ്ടെത്തി. കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലെ പല സ്ഥലങ്ങളില്‍ നിന്നായി നിരവധി യുവതികളില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയതായി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
















