കോഴിക്കോട്: നഗരത്തെ വീണ്ടും തീ വിഴുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി ഹോട്ടല്‍ ആര്യഭവന്‍. ഇന്നലെ രാവിലെ പതിനൊന്നേകാലോടെ തീപിടിത്തമുണ്ടായതു മുതല്‍ തീ കെടുത്തുന്നതുവരെ മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നീണ്ടപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് താങ്ങായത് മിഠായിത്തെരുവിലെ ഹോട്ടല്‍ ആര്യഭവനാണ്. ലഘുഭക്ഷണം, കുടിവെള്ളം, ചായ തുടങ്ങി ഉച്ചയ്‌ക്കുള്ള ഊണു വരെ ഇവിടെ നിന്നാണ് സൗജന്യമായി നല്‍കിയത്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പോലീസ് സംഘം, ചുമട്ടുതൊഴിലാളികള്‍, സമീപത്തെ കടകളിലെ തൊഴിലാളികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം ഭക്ഷണം സൗജന്യമായി നല്‍കി.
ഏകദേശം ആയിരത്തോളം പേര്‍ക്കാണ് ഊണ് നല്‍കിയത്. ഇതിനു മുമ്പും മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായപ്പോള്‍ ആര്യഭവനില്‍ നിന്നാണ് ഭക്ഷണം സൗജന്യമായി നല്‍കിയത്. സഹോദരങ്ങളായ കോളിയോട്ട് രൂപേഷ്, ബിഗേഷ്, റിനിത്ത്, ബിജിത്ത് എന്നിവരാണ് ഹോട്ടലിന്റെ ഉടമസ്ഥര്‍.
















