കോഴിക്കോട്: മിഠായിത്തെരുവിലെ തീപ്പിടിത്തമുണ്ടായ മോഡേണ്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടെന്ന വാര്‍ത്ത പരിഭ്രാന്തി പടര്‍ത്തി. തീ അണയ്‌ക്കാനുള്ള തീവ്ര പരിശ്രമത്തിനിടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുമെന്ന ഭീതി രക്ഷാ പ്രവര്‍ത്തകരിലും ജനങ്ങളിലും പരിഭ്രാന്തി പടര്‍ത്തി. അഗ്നിശമന സേനാംഗങ്ങള്‍ ശ്രമകരമായ ദൗത്യത്തിലൂടെ ചുട്ടുപഴുത്ത ഗ്യാസ് സിലിണ്ടറുകള്‍ തണുപ്പിച്ചതിനു ശേഷം പുറത്തെത്തിച്ചു. കടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചതെന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ കരുതുന്നത്.
നിയമവിരുദ്ധമായ ഇത്തരം നിരവധി കാര്യങ്ങളാണ് മിഠായിത്തെരുവിലെ ആവര്‍ത്തിച്ചുള്ള തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറയുന്നു. ആവശ്യത്തിന് ഫയര്‍ ഹൈഡ്രന്റുകള്‍ ഇല്ലാത്തതും രക്ഷാ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിച്ചു. തിരക്കുള്ള തെരുവുകളിലും റോഡുകളിലും രക്ഷാപ്രവര്‍ത്തനത്തിനാണ് ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുക. മിഠായിത്തെരുവിന്റെ പല ഭാഗങ്ങളിലും ഇതുണ്ടെങ്കിലും ആവശ്യത്തിന് സമ്മര്‍ദ്ദത്തില്‍ ജലം ലഭിക്കാത്തതു കാരണം രക്ഷാപ്രവര്‍ത്തനത്തിനാശ്രയിച്ചത് മാനാഞ്ചിറയെ. ശാസ്ത്രീയമായ രീതിയില്‍ ഫയര്‍ ഹൈഡ്രന്റുകള്‍ ഇടുങ്ങിയ തെരുവുകളില്‍ ആവശ്യത്തിന് സ്ഥാപിച്ച് ജലം ലഭ്യമാക്കിയില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം അവതാളത്തിലാവും. ജല അതോറിറ്റിയാണ് ഫയര്‍ ഹൈഡ്രന്റുകള്‍ക്കാവശ്യമായ ജലം ലഭ്യമാക്കേണ്ടത്.
















