കോട്ടയം: കേരളത്തിന് ശുഭപ്രതീക്ഷ നല്കി കുമരകത്തെ കാര്‍ഷിക ഗവേഷണ കേന്ദ്രം പുതിയ നെല്ലിനങ്ങള്‍ വികസിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് മൂന്നര മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താന്‍ കഴിയുന്ന വിത്തുകളാണ് ഇവ. വെറൈറ്റി റിലീസിങ് സമിതി അംഗീകരിക്കുന്നതോടെ കര്‍ഷരിലേക്ക് എത്തിച്ചേരും.ഇനി ഇവയ്ക്ക് പേരിടണം.
135, 120 ദിവസങ്ങള്‍ വേണ്ട വിത്തുകളാണ് നെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്. പുതിയ വിത്തിനങ്ങള്‍ എത്തുന്നതോടെ ഇത് 95 ദിവസമായി കുറയും. കാര്‍ഷിക കേന്ദ്രം അസോഷിയേറ്റ് ഡയറക്ടര്‍ ഡോ.ഡി. അംബികാദേവി വിശദീകരിച്ചു. വിതച്ചു പതിമൂന്നര ആഴ്ചകള്‍ക്കുള്ളില്‍ കൊയ്യാവുന്ന ഇനം മണ്ണുത്തിയിലും, 115ദിവസത്തെ കാലയളവില്‍ കൊയ്യാവുന്നത് മങ്കൊമ്പിലും വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായതാണ് കുമരകത്ത് തയാറാകുന്നത്.
ഒരു ഹെക്ടറില്‍ ആറു മുതല്‍ ഏഴ് ടണ്‍വരെ വിളവ് ലഭിക്കുന്ന പുതിയ ഇനം വിത്ത് കേരളത്തിലെവിടെയും കൃഷി ചെയ്യാന്‍ പാകത്തിലുള്ളതാണെ്. 1977ല്‍ പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച ജ്യോതി, മങ്കൊമ്പ് കേന്ദ്രത്തില്‍ വികസിപ്പിച്ച ഉമ നെല്ലിനങ്ങളാണ് കര്‍ഷകരില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത്.
ഹെക്ടറൊന്നിന് എട്ട് ടണ്‍വരെ വിളവ് ലഭിക്കുന്ന ഉമയ്ക്ക് 135 ദിവസവും ജ്യോതിക്ക് 120 ദിവസവുമാണ് വിളവെടുപ്പിനുള്ള കാലം. പുതിയ നെല്‍വിത്തിനങ്ങള്‍ ജൂണില്‍ കര്‍ഷകരില്‍ എത്തിക്കാന്‍ കഴിയും. ഇത് നിലവില്‍ വരുന്നതോടെ പ്രതിവര്‍ഷം മൂന്ന് കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: