മോസ്‌കോ: റഷ്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നിരന്തരമായി ഇടപെടുന്നുവെന്ന് വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. 2000, 2012 റഷ്യന്‍ തെരഞ്ഞെടുപ്പുകളില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷോടൈം ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോപണങ്ങള്‍ സാധൂകരിക്കാനാവശ്യമായ തെളിവുകള്‍ തന്റെ പക്കലുണ്ട്. എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, നയതന്ത്രപ്രതിനിധികള്‍ മുഖേനയാണ് ഇടപെടലുകള്‍ നടത്തിയതെന്നും വ്യക്തമാക്കി. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ അംഗങ്ങളെ സ്വാധീനിച്ചാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടപെടല്‍ നടത്തിയതെന്ന സൂചനയും അദ്ദേഹം നല്‍കി.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ്് ബരാക് ഒബാമയോടും മുന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയോടും താന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു- പുടിന്‍ പറഞ്ഞു.
















