സഞ്ചരിക്കുന്ന കൊട്ടകകളുടെ നാളുകളില്‍ ചലച്ചിത്രങ്ങളുടെ വിപണനാവകാശം കരസ്ഥമാക്കുന്നവര്‍ തന്നെ പ്രൊജക്ടറുകള്‍ കൊണ്ടുവന്ന് ഓരോയിടങ്ങളില്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രൊജക്ടറുകളും വാടകയ്ക്ക് നല്കുന്ന വിതരണ സംവിധാനത്തിലേയ്ക്ക് മാറി. പ്രദര്ശനശാലയുടമകള് പ്രൊജക്ടറുകള്‍ വാടകയ്ക്ക് എടുക്കുന്നതിനു പകരം കൊട്ടകകളില്‍ സ്ഥിരമായ പ്രൊജക്ടര്‍ സ്ഥാപിക്കുന്ന സംവിധാനം കേരളത്തില്‍ വ്യാപകമാകുന്നതിന് നിമിത്തമായത് ‘ഫിലിംകോ’ എന്ന പേരിലറിയപ്പെട്ടിരുന്ന ഫിലിം ഡിസ്ട്രിബ്യൂട്ടിങ് കമ്പനിയാണ്. അവര്‍ ചിത്രങ്ങല്‍ മാത്രമേ വിതരണത്തിന് നല്കിയിരുന്നുള്ളൂ. പ്രൊജക്ടറുകള്‍ നല്‍കിയിരുന്നില്ല.
തിരുവല്ലയ്ക്കടുത്ത് വള്ളംകുളം സ്വദേശിയായ കെ.വി. കോശിയായിരുന്നു ഫിലിംകോയുടെ ഉടമസ്ഥന്. ബി.എ.ബി.എല്‍ ബിരുദം നേടിയശേഷം കുറച്ചുനാല്‍ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. പിന്നീട് നാഷണല്‍ ക്വയിലോണ്‍ ബാങ്കിന്റെ എറണാകുളം ശാഖയില്‍ മാനേജരായി.
മുഴുവന്‍ സമയ വ്യാപനമായിട്ടല്ല കെ.വി. കോശി വിതരണ കമ്പനി ആരംഭിച്ചത്. ഒരു പാര്‍ട്ട് ടൈം വ്യാപനമായിട്ടായിരുന്നു തുടക്കം. പിന്നീട് വിതരണ ശൃംഖല കൂടുതല്‍ സമയം ആവശ്യപ്പെടുകയും അതനുസരിച്ചുള്ള മെച്ചം അതില്നിന്നുണ്ടാകുന്നു എന്നു ബോധ്യമാവുകയും ചെയ്തപ്പോള്‍ അദ്ദേഹം മുഴുവന്‍ സമയവും അതില്‍ വ്യാപൃതനാവുകയായിരുന്നു.
മൗലാനയുടെയും പോള്‍ വിന്‍സന്റിന്റെയും പിലാക്കണ്ടി കുഞ്ഞിരാമന്റെയും പിന്തുടര്ച്ചയില് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് (1967ല്‍) പ്രദര്‍ശനശാലകളുടെ പരിവൃത്തത്തില്‍ മുന്ഗാമിയായതിനു തുല്യമായി വിതരണ മേഖലയില്‍ മുന്‍ നടന്നത് കെ.എസ്.അഖിലേശ്വരയ്യര്‍ എന്ന കോട്ടയത്തുകാരനാണ്. 1932 ല്‍ ആലപ്പുഴയില്‍ നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്വാമി ഫിലിംസ് ഈ രംഗത്തു കടന്നുവന്നത്. ഏറെ വൈകാതെ കെ.വി. കോശിയുടെ ഫിലിംകോ കൊച്ചിയില്‍ ആരംഭിച്ചു. സ്വാമി ഫിലിംസിന്റെ ആസ്ഥാനം കോട്ടയത്തായിരുന്നു. ഏതാണ്ടു വലിയ കാലവ്യത്യാസമില്ലാതെയാവണം എറണാകുളത്തെ രാധാകൃഷ്ണ പിക്ചേഴ്സും നിലവില്‍ വന്നത്. കേരളത്തില്‍ പിന്നീട് നിലവില്‍ വന്ന വിതരണ സ്ഥാപനയുടമകളും അവയുടെ സാരഥികളും അധികം പേരും ഈ മൂന്നു സ്ഥാപനങ്ങളിലുമായി പ്രവര്‍ത്തിച്ച് അനുഭവ പരിചയം നേടിയവരായിരുന്നു. മദിരാശിയിലെ ജെമിനി ഫിലിം സര്‍ക്യൂട്ടിനും എറണാകുളത്തൊരു ശാഖയുണ്ടായിരുന്നു.
സര് സിപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കെ.എസ്. അഖിലേശ്വരയ്യര്‍ മുന്‍കൈയെടുത്താണ് നമ്മുടെ നാട്ടില്‍ ചലച്ചിത്രരംഗത്ത് ആദ്യമായൊരു സംഘടനയുണ്ടായതത്രെ. ‘തിരുവിതാംകൂര്‍ സിനിമാ അസോസിയേഷന്’ അതിന്റെ തുടര്‍ച്ചയിലാണ് പിന്നീട് ഇന്നത്തെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഉണ്ടായതെന്നും കേട്ടിട്ടുണ്ട്.
സ്വാമിയിലേക്ക് പിന്നീട് വരാം. യാചകന്, മനഃസാക്ഷി തുടങ്ങിയ ചിത്രങ്ങളുടെ നിര്മാതാവുമായിരുന്നല്ലോ അദ്ദേഹം. അക്കൂട്ടത്തിലാവട്ടെ വിശദമായ ഊഴം.
വെള്ളിനക്ഷത്രത്തിന്റെ പരാജയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കുഞ്ചാക്കോയുടെ വിശ്വസ്ത സുഹൃത്തായിരുന്ന കെ.വി. കോശിയാണ് നിയമോപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്കി പിന്തുണച്ചത്. ഉദയാ തന്റെ അധീനതയില്‍ വന്നതോടെ കുഞ്ചാക്കോ ചിത്ര നിര്‍മാണം പുനരാരംഭിക്കാനൊരുങ്ങി. 1949 ജനുവരിയിലാണ് വെള്ളിനക്ഷത്രം പ്രദര്‍ശനത്തിനെത്തിയത്. ആ വര്‍ഷം മറ്റു ചിത്രങ്ങളൊന്നും മലയാളത്തില്‍ വേറെ നിര്‍മിക്കപ്പെട്ടില്ല. 1950 ജനുവരിയില്‍ തന്നെ അടുത്ത ചിത്രം നിര്‍മിച്ചിറക്കണമെന്ന് കുഞ്ചാക്കോയ്ക്ക് ആഗ്രഹമുണ്ടായി. കോശിയ്ക്കും നിര്‍മാണത്തില്‍ സഹകരിക്കുവാന്‍ താല്പര്യം തോന്നി. കുഞ്ചാക്കോ അത് സ്വാഗതം ചെയ്തു. അപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ അത് വലിയൊരു കൈത്താങ്ങുമായി. എന്നാല്‍ ഇത്തവണ മുന്‍കരുതലോടെ ബുദ്ധിപൂര്‍വം തന്നെയാണ് കുഞ്ചാക്കോ കരുക്കള്‍ നിരത്തിയത്. അതിന് കോശിയുടെ അംഗീകാരവുമുണ്ടായി.
ഉദയാ, കുഞ്ചാക്കോയുടെ മാത്രം അധീനതയില്‍ നിലനിര്‍ത്തുക; ചലച്ചിത്രനിര്മാണം കുഞ്ചാക്കോയും കോശിയുമായി ചേര്‍ന്നുള്ള നിര്‍മാണ കമ്പനി നടത്തട്ടെ. ഈ തീരുമാനത്തിന്റെ ഫലമായാണ് കുഞ്ചാക്കോ ആന്‍ഡ് കോശി എന്നതിന്റെ ചുരുക്കെഴുത്തായി കെഎന്‍കെ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പുതിയ ഒരു നിര്‍മാണ സ്ഥാപനം ഉണ്ടായത്. കുഞ്ചാക്കോയും അന്നമ്മ കുഞ്ചാക്കോയും കെ.വി. കോശിയും അനുജന് കെ.വി. മാത്യുവും കോശിയുടെ മകന് ജോര്‍ജ്ജുമായിരുന്നു കമ്പനിയിലെ പാര്‍ട്ട്ണര്‍മാര്‍.
‘വെള്ളിനക്ഷത്ര’ത്തിനു കഥ തിരഞ്ഞെടുക്കുന്നതുപോലെയാവരുത്, നല്ലവണ്ണം ആലോചിച്ചുവേണം ഇക്കുറി കഥ തിരഞ്ഞെടുക്കുവാന്‍ എന്ന കോശിയുടെ നിര്‍ദ്ദേശം കുഞ്ചാക്കോയ്ക്ക് സമ്മതമായി. ‘വെള്ളിനക്ഷത്രം’ കുഞ്ചാക്കോയുടെ താല്പര്യ നിര്ദ്ദേശമായിരുന്നുമില്ലല്ലോ. കഥാ ചര്‍ച്ചകളില്‍ വിന്‍സന്റും, സാഹിത്യവാസനയും കഥാബോധവുമുണ്ടായിരുന്ന അന്നാമ്മ കുഞ്ചാക്കോയും പങ്കാളികളായി. സ്നാപക യോഹന്നാനോ, ജനീവയോ ആയാലോ എന്ന് വിന്‍സന്റ് ചോദിച്ചപ്പോള്‍ പൊതു സ്വീകാര്യത വേണമെന്ന പരിഗണനയില്‍ അത് രണ്ടും വേണ്ടെന്ന് വച്ചു.
‘സന്താനഗോപാല’ മായാലോ എന്നു കോശി.
പെണ്ണുങ്ങളെ ആകര്‍ഷിക്കുന്ന കഥ വേണം എന്നായി പൊതുതാല്പര്യം.
അന്നാമ്മ കുഞ്ചാക്കോയാണ് ചോദിച്ചത്.
”നമുക്ക് നല്ലതങ്കയായാലോ?”
”കൊള്ളാം. സ്ത്രീകളെ കരയിക്കുന്ന കഥയാണത്.”
കോശിയും കുഞ്ചാക്കോയും പിന്താങ്ങി.
അതങ്ങനെ തീരുമാനമായി, മുതുകുളം രാഘവന്‍പിള്ളയെ സാഭാഷണമെഴുതുവാനേല്പ്പിച്ചു. പാട്ടുകള്‍ അഭയദേവാണെഴുതിയതെന്ന് നേരത്തെ പറഞ്ഞിരുന്നു. സംഗീതം വി. ദക്ഷിണാമൂര്‍ത്തിയും രാമാറാവുവും ചേര്‍ന്നാണ്. സംവിധായകനായി ‘നിര്‍മ്മല’യുടെ സംവിധായകനായിരുന്ന പി.വി. കൃഷ്ണയ്യരെ നിശ്ചയിച്ചു. കൃഷ്ണയ്യരുമായി ആലോചിച്ച് നിലവിലുള്ള സാങ്കേതിക വിദഗ്ദ്ധരില്‍ പലരെയും കുഞ്ചാക്കോ ഇളക്കിപ്രതിഷ്ഠിച്ചു. ഛായാഗ്രാഹകരായി പി.കെ. മാധവന് നായരും ഷണ്മുഖവും വന്നു. ശബ്ദലേഖന ചുമതല രാമമൂര്‍ത്തിക്കും എം. നടരാജിനുമായി, അങ്ങനെ പല മേഖലകളിലും മാറ്റമുണ്ടായി. എഡിറ്റിങ് കെ.ജി. ജോര്‍ജ്ജ് തന്നെ കൈയാളി. അപ്രന്റീസുകള്‍ പലരും അതേവിധം തുടര്‍ന്നു.
അഗസ്റ്റിന് ജോസഫ് ഭാഗവതര്‍ എന്ന ഗായക നടനെ വി.എസ്. ആന്‍ഡ്രൂസും പി.ജെ. ചെറിയാനും കൂടി കണ്ടെത്തി നാടകരംഗത്തേയ്ക്കാനായിച്ചിരുന്നുവല്ലോ. അവിടെ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ക്കൊപ്പം തന്നെ പേരും പെരുമയും ജനപ്രീതിയും അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞു. ‘നല്ലതങ്കാ’യിലെ നായകനായ നല്ലണ്ണന്റെ വേഷത്തിലേക്ക് കോശിയും കുഞ്ചാക്കോയും കൃഷ്ണയ്യരും ചേര്‍ന്ന് അഗസ്റ്റിന് ജോസഫിനെ തീരുമാനിച്ചു. വൈക്കം മണി, മുതുകുളം, എസ്.പി. പിള്ള (ഇദ്ദേഹവും ഗായകനായിരുന്നു. ഇദ്ദേഹത്തിന്റെ മകളെയാണ് ശ്രീകുമാരന്‍ തമ്പി വിവാഹം ചെയ്തത്), മാത്തപ്പന്, മുളവന ജോസഫ്, പള്ളം ജോസഫ്, ബേബി ഗിരിജ, ഓമന, ജഗദന്മ, തങ്കമ്മ, ബാലകൃഷ്ണപിള്ള, ജോയി പുന്നൂരാന്‍ എന്നിവരായിരുന്നു മറ്റഭിനേതാക്കള്‍. ഭരണങ്ങാനത്തുകാരി ത്രേസ്യാമ്മ, മിസ്. കുമാരി എന്ന പേരില്‍ നായികയായ വിവരവും മുന്നദ്ധ്യായത്തില്‍ പരാമര്‍ശിച്ചിരുന്നുവല്ലോ.
ദക്ഷിണാമൂര്‍ത്തിയുടെ ആദ്യ ചിത്രമായിരുന്നു ‘നല്ല തങ്ക’. പതിനാലു പാട്ടുകളുണ്ടായിരുന്നു ചിത്രത്തില്‍. അഗസ്റ്റിന് ജോസഫ്, വൈക്കം മണി, പി.ലീല, ജാനമ്മ ഡേവിഡ് എന്നിവരായിരുന്നു ഗായകര്‍. ”മാനം തന്ന മാരിവില്ലെ….” എന്നാരംഭിക്കുന്ന ഗാനം ആ വരികള്‍ ചേര്‍ത്തു വിശേഷ പരസ്യം നല്കുവാന് പ്രേരിപ്പിക്കുംവിധം ജനപ്രീതിയാര്‍ജിച്ചിരുന്നു.
അഭയദേവ് എഴുതിയ ഒരു ഗാനം ദക്ഷിണമൂര്‍ത്തിയെ ഏല്‍പ്പിച്ചശേഷം അതിനു ഈണം പകര്‍ന്നു കേള്പ്പിക്കുവാന് കുഞ്ചാക്കോയും കോശിയും ആദ്യമാവശ്യപ്പെട്ടു. അരമണിക്കൂറിനകം ഒന്നിനുപകരം എട്ട് ഈണങ്ങള്‍ ദക്ഷിണാമൂര്‍ത്തി അവരെ പാടിക്കേള്‍പ്പിച്ചു. അതില്‍ അദ്ഭുതം പൂണ്ട് ആ നിമിഷം അവര്‍ തീരുമാനിച്ചുറയ്ക്കുകയായിരുന്നുവത്രെ ദക്ഷിണാമൂര്‍ത്തിയെ സംഗീത സംവിധാനം ഏല്‍പ്പിക്കുവാന്‍. നൃത്തരംഗങ്ങളും സ്റ്റണ്ടുരംഗങ്ങളും ഒട്ടും കുറവായിരുന്നില്ല. ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്തു. മനസ്വിനിയായ നായിക, നാത്തൂന് പോരിന്റെ ബലിയാടാകുമ്പോഴുള്ള പീഡനമുഹൂര്ത്തങ്ങള് ആവോളം നാടകീയത കലര്‍ത്തി സഹതാപവും അനുകമ്പയും പിഴിഞ്ഞെടുത്തു പെരുപ്പിച്ചു ഇടകലര്‍ത്തി ഈ ആഖ്യാനവടിവിലുള്ള ചിത്രം സത്രീകളെ ആകര്‍ഷിക്കുമെന്ന കണക്കുകൂട്ടല്‍ തെല്ലും തെറ്റിയില്ല. ചിത്രം വന്‍ വിജയമായി.
ഏറെ പ്രചാരം നേടിയ ഒരു കഥയായിരുന്നു നല്ല തങ്കയുടേത്. എപ്പോഴോ വായിച്ച ഓര്‍മയില്‍നിന്നാണ് അന്നാമ്മ ആ കഥ നിര്‍ദ്ദേശിച്ചത്. മുതുകുളവും കോശിയും കുഞ്ചാക്കോയും ചേര്‍ന്നുള്ള കഥാചര്ച്ചകളില് അന്നാമ്മ കുഞ്ചാക്കോ സജീവസാന്നിദ്ധ്യമായിരുന്നു. അവരുടെ പല നിര്‍ദ്ദേശങ്ങളും വിലമതിക്കപ്പെട്ടു. ചിത്രം വലിയ വിജയമായതോടെ തുടര്‍ന്നുള്ള ചിത്രങ്ങളുടെ കഥാ ചര്‍ച്ചകളിലും അവര്‍ സജീവമായി. നിര്‍മാതാവിന്റെ പത്നി എന്ന നിലയിലുള്ള പരിഗണനയ്ക്കപ്പുറത്തും സ്വകീയമായ സിദ്ധിയോടെ അവര്‍ കഥകളില്‍ ഇടപെടുമായിരുന്നു. കുഞ്ചാക്കോയുടെ മരണശേഷം മകന് ബോബന് കുഞ്ചാക്കോ നിര്‍മിച്ച ചിത്രങ്ങളിലും ആദ്യവസാനം ആര്‍ക്കും അലോസരമുണ്ടാക്കാതെ സൗമ്യമായ ഇടപെടലുകളിലൂടെ ക്രിയാത്മകമായ സംഭാവനകള്‍ നല്കിപ്പോന്നിരുന്നു അവര്‍. പതിവു രീതിയില്‍ നിന്നും വേറിട്ട സങ്കീര്ണതലങ്ങളുള്ള പ്രമേയമായിരുന്നു ഉദയായ്ക്കുവേണ്ടി ഭരതനും ഞാനും ചേര്‍ന്നൊരുക്കിയ ‘സന്ധ്യമയങ്ങും നേര’ത്തിന്റേത്. കഥാ ബീജം കേട്ട് അതിലാകൃഷ്ടയായി ആ ചിത്രമെടുക്കുന്നതിന് ബോബന് കുഞ്ചാക്കോയോടൊപ്പം തന്നെ ഉത്സുകിയായി, അവര്‍. ‘നല്ല തങ്കായില്’നിന്ന് ‘സന്ധ്യമയങ്ങും നേര’ത്തിലേക്കുള്ള അകലമെന്ന് പറയുന്നത് 1950 ല്‍ നിന്നും 1983 ലേയ്ക്കുള്ള കാലദൈര്ഘ്യത്തിലുമേറെയായിരുന്നു. അത് അന്നാമ്മ കുഞ്ചാക്കോ അനായാസേന താണ്ടി നടക്കുന്നത് മൗലികമായ സാഹിത്യ താല്പര്യത്താലും വായനാശീലത്താല് സ്വായത്തമാക്കിയ പുതിയ രൂപകങ്ങളോടുള്ള അഭിവാഞ്ഛയാലുമായിരുന്നു.
ചലച്ചിത്രരംഗത്ത് സധൈര്യം കാലുറപ്പിച്ചു മുന്‍പോട്ടു പോകുവാന്‍ കുഞ്ചാക്കോയ്ക്ക് ‘നല്ല തങ്കാ’ വേണ്ടുവോളം ആത്മവിശ്വാസം നല്കി, കെ.വി.കോശിക്കും. ‘നല്ല തങ്ക’യെ തുടര്‍ന്ന് ആ വര്‍ഷം തന്നെ ‘സ്ത്രീ’, ശശിധരന്, ‘പ്രസന്ന’, ‘ചന്ദ്രിക’, ‘ചേച്ചി’ എന്നീ ചിത്രങ്ങള്‍ കൂടി നിര്‍മിക്കപ്പെട്ടു. ‘നല്ല തങ്ക’യുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ശശിധരനും സ്ത്രീയും ‘ഉദയാ’യില്‍ നിര്‍മിക്കുവാനുള്ള സൗകര്യങ്ങള്‍ തേടി നിര്‍മാതാക്കള്‍ വന്നിരുന്നു. ‘ശശിധരന്റെ’ നിര്‍മാതാക്കളാണ് ആദ്യം കുഞ്ചാക്കോയെ സമീപിച്ചത്. ‘നല്ല തങ്ക’യുടെ ഷൂട്ടിങ് കഴിഞ്ഞിട്ടാലോചിക്കാം എന്നൊന്നും കുഞ്ചാക്കോ പറഞ്ഞില്ല. രണ്ടു ഷിഫ്റ്റായി നല്ല തങ്കയുടെയും ശശിധരന്റെയും ഷൂട്ടിങ് നടക്കുംവിധത്തില് ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുകയാണ് പകരം ചെയ്തത്; അതിലൂടെ മറ്റു സിനിമകള്‍ക്കായി ഉദയായുടെ വാതിലുകള്‍ തുറന്നു കൊടുക്കുകയും ഉദയാ കര്മനിരമായി, സജീവമായി കാണുവാന്‍ കുഞ്ചാക്കോയ്ക്ക് തിരക്കായി….
സിനിമയില്‍ കുഞ്ചാക്കോ ആദ്യമായി വിജയത്തിന്റെ രുചി മധുരം നുണയുകയായിരുന്നുവല്ലോ…. ഉദയായും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: