കൽപ്പറ്റ: ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും ആരോഗ്യ വകുപ്പിലെ ഒഴിവുകൾ നികത്താൻ തയ്യാറാകാത്ത സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് യുവമോർച്ച ജില്ലക്കമ്മിറ്റി. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് സാധാരണക്കാരായ രോഗികളെ വലയ്ക്കുകയാണ്. കാലവർഷം ആരംഭിച്ചതോടെ പനിയടക്കമുള്ള രോഗങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികൾ ചികിൽസ ലഭിക്കാതെ തിരികെപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ജില്ല ആശുപത്രിയിലെ സൂപ്രണ്ടിന്റെ കസേര പോലും ഒഴിഞ്ഞുകിടക്കുകയാണ്.ഇത് അംഗീകരിക്കാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ ആരോഗ്യമേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ ജില്ലയെ പാടെ അവഗണിക്കുകയാണ്.ഈ വിഷയത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ പ്രതികരിക്കാൻ തയ്യാറാവണം. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഒഴിവുകൾ നികത്താൻ അധികാരികൾ തയ്യാറാകാത്തതെന്നും ജില്ലക്കമ്മിറ്റി ആരോപിച്ചു. എത്രയും പെട്ടന്ന് ഒഴിവുകൾ നികത്താൻ തയ്യാറായിലെങ്കിൽ ഡി.എം.ഒ ഓഫീസ് മാർച്ച് അടക്കമുള്ള സമര പരിപാടികൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി അധ്യക്ഷത വഹിച്ചു. ജിതിൻ ഭാനു, പ്രശാന്ത് മലവയൽ, ധനിൽകുമാർ, അരുൺ കെ.കെ, വിപിൻദാസ്, ഉദിഷ എ.പി , സുനിത ടി.സി, ധന്യരാമൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: