ആലപ്പുഴ: കുട്ടനാട്ടിലെ ഇക്കൊല്ലത്തെ പുഞ്ചക്കൃഷിയുടെ നെല്ലു സംഭരണം സപ്ലൈകോ ആരംഭിച്ചു. 500 മെട്രിക് ടണ്ണിലേറെ നെല്ലു സംഭരിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. പതിവു പോലെ കൂലിത്തര്‍ക്കവും ഈര്‍പ്പത്തിന്റെ പേരിലുള്ള ചൂഷണവും സംഭരണത്തിന്റെ തുടക്കത്തിലെ ആരംഭിച്ചത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു. കുട്ടനാട്ടില്‍ കാവാലം കൃഷിഭവന് പരിധിയിലെ കട്ടക്കുഴി പാടശേഖരത്തിലാണ് നെല്ലു സംഭരണം ആരംഭിച്ചത്.
കൊയ്തെടുത്ത നെല്ലില്‍ ഈര്‍പ്പത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്നാണ് സപ്ളൈകോ പറയുന്നത്. ഈര്പ്പമുള്ളതിന്റെ പേരില്‍ സംഭരിക്കുന്ന നെല്ലിന്റെ തൂക്കത്തില്‍ സപൈ്ളകോ കിഴിവ് ഈടാക്കുന്നത് കര്‍ഷകരുടെ പ്രതിഷേധത്തിനിടയാക്കുന്നു. ഇതിനാല്‍ മാണിക്യമംഗലം കായലിലെ സംഭരണം ഇനിയും ആരംഭിച്ചിട്ടില്ല. തൂക്കത്തില്‍ കുറവു വരുത്തി നെല്ല് സപ്ലൈകോയ്ക്കു നല്കാന് കര്‍ഷകര്‍ തയ്യാറാകാത്തതു മൂലമാണ് സംഭരണം വൈകുന്നത്.
കടുത്ത വേനലിലും നെല്ലില്‍ ഈര്പ്പമുണ്ടെന്ന് സപ്ളൈകോ ഉദ്യാഗസ്ഥര്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ചൂടുമൂലം നേരത്തെ വിളഞ്ഞതിനെത്തുടര്ന്ന് മിക്ക പാടശേഖരങ്ങളിലും പ്രതീക്ഷിച്ചിരുന്നതിലും നെല്ലിന് തൂക്കം കുറവായിരുന്നു. സാധാരണയായി സംഭരിക്കുന്ന നെല്ലില്‍ ഈര്‍പ്പത്തിന്റെ അളവ് 17 ശതമാനം വരെ മാത്രമെ സപൈ്ളകോ അനുവദിക്കുകയുള്ളു. കൂടുതലായി വരുന്ന ഓരോ ശതമാനത്തിനും ക്വിന്റലൊന്നിന് ഓരോ കിലോ വീതം തൂക്കത്തില്‍ കുറവു ചെയ്യുമെന്നാണ് സപൈ്ളകോ അധികൃതര്‍ പറയുന്നത്. കൂടാതെ നെല്ലെടുപ്പു സംബന്ധിച്ചു പ്രാദേശിക തൊഴിലാളികളും യൂണിയനുകളുമായുള്ള തര്‍ക്കവും നെല്ലു സംഭരണത്തെ ബാധിക്കുന്നു.
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ 531 പാടശേഖരങ്ങളിലായി 26,606 ഹെക്ടറിലാണ് ഇത്തവണ പുഞ്ചകൃഷി നടത്തുന്നത്. 1.29 ലക്ഷം മെട്രിക് ടണ്‍ നെല്ലാണു പ്രതീക്ഷിക്കുന്നത്. മഴക്കുറവും കടുത്ത ചൂടും കൃഷിയെ ദോഷകരമായി ബാധിച്ചതായാണു വിലയിരുത്തല്‍. ശക്തമായ ചൂടിനെത്തുടര്‍ന്നു 120 ദിവസം കൊണ്ടു വിളവെത്തേണ്ട നെല്ല് ചിലയിടങ്ങളില്‍ ഒരാഴ്ച മുമ്പെ വിളവെടുപ്പിനു പാകമായിരുന്നു.
പുഞ്ചക്കൃഷിയുടെ ആരംഭഘട്ടങ്ങളില്‍ മുഞ്ഞ, പട്ടാളപ്പുഴു എന്നിവയുടെ ഉപദ്രവവും ഉപ്പുവെള്ളം കയറിയതും ഭീഷണിയായിരുന്നു. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 15 മുതല്‍ 20 ശതമാനം വരെ ഉല്പാദനത്തില് കുറവുണ്ടാകുമെന്നാണു കൃഷിവകുപ്പ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിനിടെയാണ് ഈര്‍പ്പത്തിന്റെ പേരിലുള്ള സപ്ളൈകോയുടെ ചൂഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: