ലോസ് ഏയ്ഞ്ചലസ്: ആദ്യം പറഞ്ഞു ലാ ലാ ലാന്‍ഡ് ആണെന്ന്. സദസ്സില്‍ കരഘോഷം, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ആലിംഗനം. പുരസ്കാരം സ്വീകരിക്കാനായി നിര്‍മാതാക്കള്‍ വേദിയിലെത്തി…ഓസ്കര് ശില്‍പ്പവുമായി അവര്‍ നില്ക്കുമ്പോള് അതാ വരുന്നു, തിരുത്ത്. മികച്ച ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കൊടുത്തു വിട്ട എന്‍വലപ്പ് മാറിപ്പോയി എന്ന വിശദീകരണവും.
മുമ്പൊന്നും പരിചയമില്ലാത്ത തരത്തിലാണ് പ്രഖ്യാപന പിശകിന്റെ ഈ ദൃശ്യം, ഡോള്‍ബി തിയെറ്ററില്‍ ഓസ്കര് പ്രഖ്യാനത്തിന്റെ നിറം കെടുത്തിയത്. മികച്ച ചിത്രം എന്ന പ്രധാന പ്രഖ്യാപനത്തില്‍ത്തന്നെ പിഴവുണ്ടായത് അന്വേഷിക്കും എന്നു പറഞ്ഞ ഓസ്കര് സമിതി ഖേദം പ്രകടിപ്പിച്ച് പത്രക്കുറിപ്പും ഇറക്കി.
മികച്ച ചിത്രം ഏതെന്നു പ്രഖ്യാപിക്കാനായി വേദിയില്‍ എത്തിയത്. ഫെയ് ഡുനാവെയും വാറന്‍ ബീറ്റിയും. എന്നാല്‍ ഇവരുടെ കൈയില്‍ കൊടുത്തു വിട്ട എന്വലപ്പില് മികച്ച നടിക്കുള്ള പുരസ്കാരത്തെക്കുറിച്ചുള്ള അറിയിപ്പായിരുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ മികച്ച ചിത്രമേതെന്നു പ്രഖ്യാപിക്കാന്‍ ഇവര്‍ എത്തിയത്. ഇതാണ് എന്‍വലപ്പ് മാറിപ്പോകാന്‍ ഇടയാക്കിയത് എന്നാണ് കരുതുന്നത്. എമ്മ സ്റ്റോണ്‍, ലാ ലാ ലാന്‍ഡ് എന്നെഴുതിയ എന്‍വലപ്പ് തുറന്ന് ഡുനാവെ പ്രഖ്യാപിച്ചു, ഓസ്കര് ഫോര്‍ ബെസ്റ്റ് പിക്ച്ചര്‍ ഗോസ് റ്റു ലാ ലാ ലാന്‍ഡ്.
ലാ ലാ ലാന്‍ഡിന്റെ നിര്‍മാതാവ് ജോര്ഡന് ഹോറോവിറ്റ്സ് വേദിയില്‍ എത്തി ഓസ്കര് ശില്‍പ്പം സ്വീകരിച്ചതിനു തൊട്ടു പിന്നാലെയാണ് പിശകുണ്ടായെന്ന് അറിയിപ്പു വന്നത്. മൂണ്‍ലൈറ്റിനാണ് അവാര്‍ഡ് എന്ന കാര്‍ഡ് സദസ്സിനെ ഉയര്‍ത്തിക്കാണിച്ച് അത് വായിച്ചത് ജോര്ഡന് ഹോറോവിറ്റ്സ് തന്നെയായിരുന്നു. അതോടെ ആഹ്ലാദം മൂണ്‍ലൈറ്റിന്റെ അണിയറപ്രവര്ത്തരുടേതായി.
മൂണ്‍ലൈറ്റിന്റെ സംവിധായകന് ബാരി ജെന്കിന്സ്് വേദിയില്‍ എത്തി അവാര്‍ഡ് സ്വീകരിച്ചു. കഴിഞ്ഞ ഇരുപതു മിനിറ്റുള്ളിലെ സംഭവങ്ങള്‍ എന്നെ കൂടുതല്‍ വികാരാധീനനാക്കുന്നു എന്നായിരുന്നു ബാരിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: