കോഴിക്കോട്: മത്സ്യലഭ്യതക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ബാങ്കുകളുടെ വക ഇരുട്ടടി. വായ്‌പകളിലെ തിരിച്ചടവ് കുടിശ്ശികയായതിന്റെ പേരില്‍ ജപ്തി നടപടികള്‍ തുടങ്ങിയതാണ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്. 38 കുടുംബങ്ങള്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ മാത്രം ഇപ്പോള്‍ ജപ്തി നടപടി നേരിട്ടിരിക്കുന്നത്. 4500 പേര്‍ ജില്ലയില്‍ വിവിധ ബാങ്കുകളിലായി കടക്കെണിയിലാണ്.
കാലാവസ്ഥാവ്യതിയാനം മൂലം മുകള്‍ത്തട്ടിലെ മത്സ്യസമ്പത്തിന് കുറവ് വന്നിട്ടുണ്ടെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മത്സ്യലഭ്യതക്കുറവ് കടലോരമേഖലയുടെ സാമ്പത്തികരംഗത്തെ തകര്‍ച്ചയിലേക്ക് നയിച്ചു. ഇതിനിടയിലാണ് ബാങ്കുകളിലെ വായ്‌പകളില്‍ തിരിച്ചടവ് മുടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ കടം 75,000 രൂപ വരെയുള്ളത് എഴുതിത്തള്ളുമെന്ന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മതിയായ ഫണ്ട് ബജറ്റില്‍ വകയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചതിനാല്‍ തീരുമാനം പൂര്‍ണമായും നടപ്പിലായില്ല. 2014 വരെയുള്ള കടം എഴുതിത്തള്ളാന്‍ ആവശ്യമായ തുക വകയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
സമുദ്രോല്‍പ്പന്ന കയറ്റുമതിയിലൂടെ രാജ്യത്തിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന ഈ മേഖലക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മതിയായ പരിഗണന നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. ഈ ആവശ്യം ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
















