കോഴിക്കോട്: തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നേരെയുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം മാര്‍ച്ച് 2ന് കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉപജീവനത്തിനായി വള്ളം, വല, എഞ്ചിന്‍ എന്നിവ വാങ്ങുന്നതിന് മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്‌പ കുടിശ്ശികയായതിന്റെ പേരിലാണ് ജപ്തി നടപ്പാക്കുന്നത്. മത്സ്യലഭ്യത കുറവ് നേരിടുന്ന തീരദേശ മേഖല സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. മുപ്പത് മുതല്‍ 40 പേര്‍ വരെ അടങ്ങുന്ന ഗ്രൂപ്പ് എടുത്ത വായ്‌പകളുടെ പേരില്‍ ബാങ്കിന് ഈടായി നല്‍കിയ കുടുംബങ്ങളുടെ ഭൂമിയാണ് ജപ്തി നടപടിക്ക് വിധേയമാകുന്നത്.
സാമ്പത്തികത്തകര്‍ച്ച നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വാങ്ങിയ മറ്റു വായ്‌പകളിലും ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ കെ. രജിനേഷ് ബാബു, ജോയിന്റ് കണ്‍വീനര്‍ പി. പീതാംബരന്‍, മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സെക്രട്ടറി പി.പി. സദാനന്ദന്‍, ജില്ലാ പ്രസിഡന്റ് തെങ്ങില്‍ ശിവദാസന്‍, സംഘടനാ സെക്രട്ടറി എ. കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.
















