കോഴിക്കോട്: സ്ത്രീ സുരക്ഷയ്‌ക്കായുള്ള കേരള പൊലീസിന്റെ പിങ്ക് പട്രോളിംഗ് സംവിധാനത്തിന് കോഴി ക്കോട്ടും തുടക്കമായി.
രാവിലെ എട്ടിന് സിറ്റി പൊലീസ് കമ്മീഷണര്‍ ജെ. ജയനാഥ് ഫഌഗ് ഓഫ് ചെയ്തു. 1515 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വനിതാ പൊലീസ് സംഘം വാഹനത്തിലെത്തും. അടുത്തയാഴ്ചയോടെയേ നമ്പര്‍ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. അതുവരെ 100 അല്ലെങ്കില്‍ 1090 എന്ന നമ്പറില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ സേവനം ലഭിക്കും. ആദ്യ ഘടത്തില്‍ രണ്ട് വാഹനങ്ങളാണുണ്ടാവുക.
അടിയന്തരഘട്ടങ്ങളില്‍ പാഞ്ഞെത്താവുന്ന തരത്തില്‍ പിങ്ക് വാഹനത്തില്‍ വനിതാപൊലീസുകാര്‍ നഗരം ചുറ്റും. എവിടെയെങ്കിലും അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സംഘം അവിടെയെത്തി സഹായം ഉറപ്പാക്കും.
ഇതിനു പുറമെ ആര്‍ക്കെങ്കിലും പിങ്ക് പട്രോള്‍ ടീമിന്റെ സഹായം ആവശ്യമാണെങ്കില്‍ ബന്ധപ്പെടാം. പൊതുസ്ഥലങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഈ സംഘം പട്രോളിംഗ് നടത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങളുമായാണ് പിങ്ക് പട്രോള്‍ സംഘത്തിന്റെ കാര്‍ പട്രോളിംഗ്.
സിഡാക്കിന്റെ സഹായത്തോടെയാണ് വാഹനത്തിന്റെ പ്രവര്‍ത്തനം. പരാതി ലഭിച്ച സ്ഥലം കണ്ടെത്തി വേഗത്തില്‍ എത്തുന്നതിനായി ജിപിഎസ് സംവിധാനവും വാഹനത്തിലുണ്ടാകും. ഇതിനു പുറമെ ചുറ്റിലുമുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രാപ്തമായ ക്യാമറാ സംവിധാനവും കാറിലുണ്ടാകും.
ജില്ലയില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങളെ ഒരു പരിധിവരെ കുറയ്‌ക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
















