ഷോട്ട്സും ടീ ഷര്‍ട്ടുമിട്ട് കണ്ണടയും വെച്ച് റോഡിലൂടെ പായുന്ന ന്യൂജെന്‍ പയ്യന്മാര് ഇന്ന് സ്ഥിരം കാഴ്ച. ബുള്ളറ്റിലൊന്നുമല്ല, അവരുടെ ഈ ചീറിപ്പായല്‍. ഹോണ്ടയുടെ ഡിയോയിലാണ് സഞ്ചാരം. ന്യൂജനറേഷന് ബൈക്കുകളില്‍ നിന്ന് സ്കൂട്ടറിലേക്ക് യുവത്വം വഴിമാറിയപ്പോള്‍, പലരും കൂട്ടുപിടിച്ചത് ഡിയോയെയാണ്. എല്ലാവരെയും ആകര്‍ഷിക്കുന്ന കുഞ്ഞന്‍ രൂപം തന്നെയാണ് ഡിയോയെ നിരത്തിലെ യോ യോ ചാമ്പ്യനാക്കുന്നത്.
രാജ്യത്ത് ബിഎസ് ഫോര്‍ എന്‍ജിനുകള്‍ നിര്‍ബന്ധമാക്കിയതോടെ, ഡിയോയും പുതിയ മോഡലുമായി രംഗത്തെത്തി. റോഡിലൂടെ പോകുമ്പോള്‍ ആരും ഒന്ന് നോക്കി നിന്ന് പോകുന്ന കലക്കന്‍ നിറം ഡിയോയ്ക്ക് നല്കാന് ഹോണ്ട ശ്രമിച്ചു. പേള്‍ സ്പോര്‍ട്സ് യെല്ലോ, സ്പോര്‍ട്സ് റെഡ്, വൈബ്രന്റ് ഓറഞ്ച്, മാറ്റേ ആക്സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ജാസി ബ്ലൂ തുടങ്ങിയ നിറങ്ങളില്‍ ലഭിക്കും. ഒപ്പം തകര്‍പ്പന്‍ ബോഡി ഗ്രാഫിക്സുമുണ്ട്. ന്യൂജനറേഷന്റെ കണ്ണ് മഞ്ഞളിക്കാന്‍ വേറെന്ത് വേണം.
103 കിലോ ഗ്രാം മാത്രം തൂക്കമുള്ള സ്കൂട്ടര്‍ ഏത് ഗതാഗതക്കുരുക്കിലും വെട്ടിച്ചുമാറ്റി പറപറപ്പിക്കാം. 109 സിസിയാണ് എന്ജിന്. 7000 ആര്‍പിഎമ്മില്‍ എട്ട് ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.91 എന്‍എം ടോര്ക്കുമേകുന്നതാണിത്. 55 കിലോമീറ്ററാണ് മൈലേജ്. സെല്‍ഫ് സ്റ്റാര്‍ട്ടും കിക്ക് സ്റ്റാര്‍ട്ടുമുണ്ട്. ഫ്രണ്ട് അപ്രോണും ലൈറ്റിങ് സിസ്റ്റവും പുതുക്കിയിട്ടുണ്ട്. 60,126 രൂപയാണ് ഡിയോയുടെ ഓണ്‍റോഡ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: