ഉത്തരാഗര്ഭത്തില് കിടന്ന് അഭിമന്യുപത്മവ്യൂഹ രഹസ്യങ്ങള്‍ പഠിച്ചെടുത്തു. ഇത് പുരാണം.
അമ്മയുടെ ഉദരത്തിലേക്ക് ജീവന്റെ തുടിപ്പിനായി ഒന്നാമതായി ഓടി എത്തി മറ്റു ബീജങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട് അനുവാദമില്ലാതെ നുഴഞ്ഞു കയറുന്നു. അപൂര്‍വ്വം ദമ്പതിമാര്‍ തപമിരുന്ന് നേടുന്നത്. എന്നാല്‍ 90 ശതമാനവും സ്നേഹ പ്രകടനത്തില്‍ അറിയാതെ സംഭവിക്കുന്നത്.
നുഴഞ്ഞ് കയറി കതക് താഴിട്ട് പൂട്ടി ജീവിതത്തിലെ ചൂഷണങ്ങള്‍ക്ക് ആരംഭം കുറിക്കുന്നു. മാതാവിന്റെ രക്തം കവര്‍ന്ന് സ്വയം പ്രതിരോധം ഗര്‍ഭപാത്രത്തില്‍ തന്നെ കുറിക്കുന്നു. പിന്നെ സുഖ സമാധിയാണ്. അമ്മയില്‍ കിടന്ന് ആഗ്രഹങ്ങള്‍ അറിയിച്ച് പിതാവിനേയും നെട്ടോട്ടം ഓടിച്ച് രസിക്കുന്നു. അവസാനം കവര്‍ന്നെടുത്ത സൗകര്യങ്ങള്‍ ഒരു വാക്കു പോലും ചോദിക്കാതെ ഉപേക്ഷിച്ച് എല്ല് നുറുങ്ങുന്ന വേദനസംമ്മാനിച്ചു കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം പുറം ലോകത്തേക്ക് പ്രയാണം.
മാതാപിതാക്കളുടെ ലോകം പിറന്ന ഈ ഉണ്ണി മാത്രം. ആണായാലും പെണ്ണായാലും അവരുടെ ലോകം ആ കുരുന്നിനു ചുറ്റും മാത്രം വട്ടം കറങ്ങുന്നു.
കിട്ടാവുന്നതില്‍ സുന്ദരമായ കളിപ്പാട്ടങ്ങള്‍. വസ്ത്രങ്ങള്‍. ആഹാരം… സാമ്പത്തിക നില നോക്കാതെ അവര്‍ പൊന്നുണ്ണിക്ക് വേണ്ടി അലയുന്നു. സ്ക്കൂള്, കോളേജ് എല്ലാം സന്താനത്തിന്റെ ഇഷ്ടം നോക്കി. ഓട്ടമത്സരത്തില്‍ മാതാപിതാക്കള്‍ ജീവിക്കാന്‍ മറക്കുന്നു.
പങ്കാളി എന്ന അനിവാര്യതയിലേക്ക് പൊന്നുമക്കള് എത്തുമ്പോള്‍ അതും കിട്ടാവുന്നതില്‍ നല്ലത് മാത്രം തെരഞ്ഞെടുത്ത് സമ്മാനിക്കുന്നു.( അല്ലാതേയും ഒളിച്ചോട്ടം നടക്കുന്നുണ്ട്)
ഈ കാലഘട്ടം മാതാപിതാക്കളുടെ വാര്‍ദ്ധക്യ കാലം കൂടി ആകുന്നു. ആരോഗ്യം ക്ഷയിച്ച് രോഗബാധിതര്‍ ആയിരിക്കും പലരും.
പങ്കാളി വരുന്നതോടെ ആണാലും പെണ്ണായാലും മാറ്റം മക്കളില്‍ പ്രത്യക്ഷമാകുന്നു (എല്ലാരേയും അടച്ചു പറയുകയല്ല. ഇന്ന് കാണുന്ന പ്രവണത .ഈ വിഷയങ്ങളില്‍ ധാരാളം ഇടപെടുന്ന വ്യക്തി
എന്ന നിലക്ക് ആധികാരികമായി പറയാന്‍ കഴിയും )
ആരോഗ്യം പണം എല്ലാം മക്കള്‍ക്ക് വേണ്ടി ചെലവഴിച്ച് വാര്‍ദ്ധക്യം മാത്രം സ്വന്തമായ ഇവരില്‍ ചിലര്‍ ഇണയെ കൂടി നഷ്ടപ്പെട്ടവരായിരിക്കും.
പിന്നെ ഈ മക്കള്‍ക്ക് വേണ്ടത് അവരുടെ സ്നേഹം പങ്കിടലില്‍ പിറന്ന ഉണ്ണികളെ വളര്‍ത്താന്‍ ഉള്ള സഹായം മാത്രമാണ്.
വീടിനുള്ളിലേ ഒരു മുറിയിലേക്കവര്‍ ചുരുങ്ങുന്നു. മരണം മാത്രം പ്രതീക്ഷിച്ചുള്ള ആ ജീവിതം ദുസ്സഹമായി സ്നേഹം കിട്ടാതെ, സ്വാതന്ത്ര്യം കിട്ടാതെ എരിഞ്ഞടങ്ങുന്നു. ഇതൊരു തുടര്‍കഥ. ചരാചരങ്ങള്‍ ഉണ്ടായ കാലം മുതല്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്ന കഥ. വലിപ്പച്ചെറുപ്പമില്ലാത്ത സത്യം.
വീട്ടില്‍ ഒരു മുറിയില്‍ വിരുന്നുകാരെ പോലും കാണാന്‍ അനുവദമില്ലാത്ത മാതാപിതാക്കളെ എനിക്കറിയാം.
വൃദ്ധസദനത്തേ മോശമായി കാണുന്നവര്‍ ഇതൊന്നു ചിന്തിക്കുന്നത് നന്നായിരിക്കും. ഒരു മുറിയില്‍ ഒറ്റപ്പെട്ട് സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ജനിപ്പിച്ച മക്കളുടെ അടിമയായി സ്നേഹത്തിനു വേണ്ടി നെടുവീര്‍പ്പുകള്‍ ഇടുന്ന പ്രായമായ ആളുകള്‍ ഒന്ന് മാറിച്ചിന്തിച്ചാല്‍ അവര്‍ക്ക് മരണം പ്രതീക്ഷയാകില്ല.
ഒരേ ചിന്താഗതിക്കാരായ മനുഷ്യര്‍ ലിംഗഭേദമില്ലാതെ ഒരിടത്തില്‍ ഒത്തുകൂടി അറിയാവുന്ന ജോലികള്‍ സ്വന്തമായി ചെയ്ത് ഒരു കൂട്ടായ്മ ആയി പച്ചക്കറി മുതല്‍ ഇറച്ചി വരെ സ്വന്തമായി ഉല്പാദിപ്പിച്ച് തല നിവര്‍ന്ന് മരണഭയത്തെ മാറ്റി നിര്‍ത്തി ഒരു ലൗവില്ലേജ് പടുത്തുയര്‍ത്താം. അതല്ലേ അവഗണനയേക്കാള്‍ നല്ലത്. ആ നല്ല കാലം എന്റെ സ്വപ്നമാണ്. വേദനിക്കുന്ന കുറെ അധികമാളുകളുടെ ഒരു കൂട്ടായ്മ.
‘ദയനീയമായ ഒരു വശം മാറ്റി ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. പ്രിയപ്പെട്ടവരാല്‍ ഒരു ദിവസം ഉപേക്ഷിക്കപ്പെട്ട് തെരുവിലേക്കിറങ്ങുന്ന ഒരു വിഭാഗം വയോധികര്‍.
അവരുടെ രോദനം കരള്‍ പിളര്‍ക്കുന്നത്. തെരുവോരങ്ങളില്‍ അന്തി ഉറങ്ങുന്ന ഈ പാവങ്ങള്‍ ലൈംഗീകമായി കൂടി ആക്രമിക്കപ്പെടുന്നു. രാത്രിയുടെ യാമങ്ങളില്‍ ആ നേരിയ ശബ്ദം ആരും കേള്‍ക്കുന്നില്ല.
കൊച്ചു മക്കളെക്കാള്‍ ചെറിയ കുട്ടികള്‍ മദ്യം കുടിപ്പിച്ച് കഞ്ചാവ് കൊടുത്ത് അടഞ്ഞുകിടക്കുന്ന സ്കൂള്‍ മുതല്‍ ആള്‍ത്താമസമില്ലാത്ത വീടു വരെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഈ നിരാലംബരെ സഹായിക്കാന്‍ ധാരാളം പ്രസ്ഥാനങ്ങള്‍ ഉണ്ട്.
ഓരോ വാര്‍ഡ് മെമ്പര്‍മാരും അവരവരുടെ പരിധിയില്‍ വരുന്ന ഇങ്ങനെയുള്ളവരെ കണ്ട് വേണ്ട സഹായം മേലിടത്തില്‍ അദ്യര്ത്ഥിക്കാവുന്നതേ ഉള്ളു. കൈകാര്യം ചെയ്യാന്‍ പറ്റാത്ത കേസുകള്‍ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, എംഎല്‍എ മുതലായവര്‍ക്ക് കൈമാറുക. നമ്മുടെ അമ്മമാര്‍ക്ക് വേണ്ടി മറ്റൊന്നും പ്രതീക്ഷിക്കാതെ ഇങ്ങനെ ഒരു കാര്യം പഞ്ചായത്ത് തലത്തില്‍ തുടരാന്‍ എന്താണ് നിയമ തടസം?
സത്യത്തില്‍ ഇത് വളരെ പ്രയോജനകരമായ ആശയമാണ്. ഒരമ്മയും തെരുവില്‍ പീഡിപ്പിക്കപ്പെടരുത്. അമ്മ, ആ വാക്കിന് കുറെ അധികം അര്‍ത്ഥ തലങ്ങള്‍ ഉണ്ട്. പ്രസവിച്ചാല്‍ മാത്രമല്ല, അമ്മ… പാലൂട്ടിയാല്‍ മാത്രമല്ല അമ്മ.
കാലം അറിയാതെ അമ്മയാക്കപ്പെടുന്നവര്‍. സ്നേഹിക്കുന്നവന്റെ തലോടലില്‍ അമ്മയാക്കപ്പെടുന്നവര്‍. ചിതയിലൂടെ അമ്മയാക്കപ്പെടുന്നവര്‍. ആ മാതൃത്വം കൊച്ചുമക്കളോടുള്ള ലാളനം തന്നെ ആയിരിക്കും. വേഴ്ചക്കു വരുന്ന ഈ കിരാതന്മാരോടും. ആ മാതൃത്വത്തെ പ്രാപിക്കുന്ന ഈ വിഭാഗം യുവത്വം പിന്തുടരുന്ന ശാപം ഏത് ഗംഗയില്‍ കഴുകിയാലും ഒലിച്ചുപോകില്ല.
വാര്‍ഡ് മെമ്പര്‍മാര്‍ അതാത് വാര്‍ഡിലെ സംസ്കാരിക നായകരുമായി ചേര്‍ന്ന് ഈ സമൂഹത്തിനു വേണ്ടി ഒരു സ്നേഹ മതില് നിര്‍മ്മിക്കാന്‍ കഴിയും. നിരാലംബരായ ഇവര്‍ക്ക് ഇതിലൂടെ ഒരു കൈത്താങ്ങ്. സങ്കടം പറയാന്‍ ഒരാളുണ്ട് എന്ന അറിവ് ജിവിക്കാന്‍ പ്രേരണയാകും.
കണ്ടതെല്ലാം അഹം എന്ന് കൃഷ്ണന് പറഞ്ഞതും ഞാന്‍ സത്യത്തിന്റെ വഴിയില്‍ എന്ന് യേശു പറഞ്ഞതും എല്ലാം ഇതുതന്നേ അല്ലേ?
സ്വന്തം വീടുകളില്‍ ഏതെങ്കിലും ഒരു വിധത്തില്‍ വിളക്കായി തെളിഞ്ഞ ഈ വയോധികര്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ തന്നേ. ഉപേക്ഷിക്കുന്നവര്‍ക്കും കാലം ഇതുതന്നേകരുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: