കല്‍പ്പറ്റ : രാജ്യത്ത് മതേതര പരിചയണിഞ്ഞുകൊണ്ടുള്ള ആടിതിമര്‍ക്കലാണ് സമകാലിക ഇന്ത്യന്‍ രാഷ്‌ട്രീയമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫസര്‍ ടി. മോഹന്‍ ബാബു അഭിപ്രായപ്പെട്ടു. അധികാരമോഹം രാഷ്‌ട്രീയ പാര്‍ട്ടികളും മതവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളിലേക്കും ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യ മതേതര രാഷ്‌ട്രമാണെന്ന് ഭരണ ഘടനയില്‍ പറയുമ്പോഴും ആദ്യകാലം മുതല്‍ നാളിതുവരെ അത്തരമൊരു സാഹചര്യത്തിലൂടെയല്ല ഇന്ത്യ കടന്നുവന്നതെന്ന് മനസ്സിലാക്കാം. ഭരണഘടന മതേതരത്വം ഉദ്‌ഘോഷിക്കുമ്പോഴും അതിലെ വൈരുദ്ധ്യങ്ങള്‍ മാറ്റിയെടുക്കുന്നതിന് നിയമസംവിധാനങ്ങള്‍ക്കോ, നിയമ നിര്‍മ്മാണ സഭകള്‍ക്കോ അതുമല്ലെങ്കില്‍ പൊതുസമൂഹത്തിനോ സാധിക്കാതെ പോകുന്നതും ഇന്ത്യന്‍ രാഷ്‌ട്രീയം നേരിടുന്ന വെല്ലുവിളിയാണ്. ബേബിപോള്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ചു നടന്ന വാര്‍ഷിക പ്രഭാഷണത്തില്‍ ‘സമകാലിക ഇന്ത്യന്‍ രാഷ്‌ട്രീയവും മതേതരത്വവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി. രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു.
ഇ.ടി. രാജു അനുസ്മരണ പ്രഭാഷണം നടത്തി. ബേബിപോള്‍ സ്മാരക പുരസ്‌കാരം ആദിവാസി നേതാവ് വി.ടി. കുമാറിന് ബേബിപോളിന്റെ മാതാവ് പുല്ലിട്ടയില്‍ ഏലിയാമ്മ സമ്മാനിച്ചു. കാലത്ത് നടന്ന സന്നദ്ധസംഘടനകളുടെ കൂടിച്ചേരലില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഫിലിപ്പോസ് പി., പി.സി. ജോസ്, എം.എം. അഗസ്റ്റിന്‍, ടി.കെ. ഓമന, സി.കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
















