പ്രപഞ്ച സത്യങ്ങള്‍ എന്നും മനുഷ്യനെ വിസ്മയിപ്പിച്ചിട്ടേയുള്ളു. പ്രപഞ്ചത്തിന്റെ നിഗൂഢതകള്‍ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ ശാസ്ത്രലോകവും. ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹമുണ്ടോയെന്നും ഉണ്ടെങ്കില്‍ അവിടുത്തെ ജീവന്റെ പ്രകൃതി എത്തരത്തിലായിരിക്കും എന്നെല്ലാം അറിയാനുള്ള ശ്രമം എത്രയോ വര്‍ഷങ്ങള്‍ക്കുമുന്നേ ആരംഭിച്ചിരിക്കുന്നു.
സാങ്കല്പിക കഥകളിലൂടെ കേട്ടുപരിചയമുള്ള അന്യഗ്രഹ ജീവികള്‍ ഒരു യാഥാര്‍ത്ഥ്യമാണെങ്കില്‍ അവയെ ഒരുനാള്‍ ശാസ്ത്രലോകം കണ്ടെത്തുകതന്നെ ചെയ്തേക്കാം. ഇത്തരത്തില്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളെയെല്ലാം സന്ദര്‍ശിച്ച ശേഷം സൗരയൂഥവും കടന്ന് യാത്ര ചെയ്യുകയാണ് വോയേജര്‍ എന്ന ബഹിരാകാശ പേടകം. ഈ പേടകത്തിനുള്ളിലുണ്ട് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒന്ന്. കേസര്‍ബായ് കേര്കര് എന്ന സംഗീതജ്ഞയുടെ ശബ്ദം!
സൗരയൂഥത്തെക്കുറിച്ചും അതിന് പുറത്തുള്ള നക്ഷത്രാന്തരീയ മാദ്ധ്യമത്തെക്കുറിച്ചും പഠിക്കുന്നതിനായി 1977 സപ്തംബര്‍ 5 ന് നാസ വിക്ഷേപിച്ചതാണ് വോയേജര്‍ 1. മണിക്കൂറില്‍ 40,000 മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ പേടകം സൗരയൂഥം കടന്ന് നക്ഷത്രാന്തര ലോകത്തെത്തുന്ന ആദ്യ മനുഷ്യനിര്‍മ്മിത വസ്തുവാണ്. വോയേജര്‍, 2012 ആഗസ്റ്റില്‍ സൗരയൂഥത്തിന് പുറത്തുകടന്നു. ഇതിന്റെ സഹോദര ഉപഗ്രഹമായ വോയേജര്‍ 2 ഉം ഇതേ ദൗത്യനിര്വഹണത്തിനായാണ് പുറപ്പെട്ടത്. നിരവധി പ്രത്യേകതകളാണ് വോയേജര്‍ 1 ന് ഉള്ളത്.
അതില്‍ പ്രധാനം സുവര്‍ണ രേഖ എന്നറിയപ്പെടുന്ന 12 ഇഞ്ച് സ്വര്‍ണം പൂശിയ ചെമ്പ് ഡിസ്കാണ്. സംഗീതം ഉള്‍പ്പെടെയുള്ള ശബ്ദങ്ങള്‍ ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു. കാറ്റ്, ഇടിമുഴക്കം, പക്ഷിമൃഗാദികളുടെ ശബ്ദങ്ങള്‍, ചുംബന ശബ്ദം, മനുഷ്യശിശുവിന്റെ കരച്ചില്, 59 ഭാഷകളിലുള്ള ആശംസകള്‍ ഇതെല്ലാമാണ് ഗോള്‍ഡന്‍ റെക്കോഡിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നത്. അമേരിക്കന്‍ ജ്യോതി ശാസ്ത്രജ്ഞനായ കാള്‍ സാഗനാണ് ശബ്ദങ്ങളുടെ സമാഹര്‍ത്താവ്. സൗണ്ട്സ് ഓഫ് എര്‍ത്ത് എന്നാണ് ഈ സംഗീതങ്ങളുടെ കൂട്ടത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ കൂട്ടത്തില്‍ ഇടം നേടിയ ഒരു ഭാരതീയ സംഗീതജ്ഞയുണ്ട്. കേസര്‍ബായ് കേര്കര്. സംഗീത സമ്രാട്ടുകളായ മൊസാര്‍ട്ട്, ബിഥോവന്, ബ്ലൈന്‍ഡ് വില്ലി ജോണ്സണ്, യോഹാന്‍ സെബാസ്റ്റ്യന്‍ ബാഹ് എന്നിവര്‍ക്കൊപ്പമാണ് കേസര്ബായിയും. ഭൈരവി രാഗത്തിലുള്ള ‘ജാത് കഹാം ഹൊ’ എന്ന ഹിന്ദുസ്ഥാനി കമ്പോസിഷനാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1893 ല്‍ ഗോവയിലെ കേരി ഗ്രാമത്തിലായിരുന്നു കേസര്‍ബായ് ജനിച്ചത്. അക്കാലത്തെ ശ്രദ്ധേയയായ ഗായികയായിരുന്നു. ബഹുമാനാര്‍ത്ഥം 1938 ല്‍ സുര്‍ശ്രീ(സംഗീത രാജ്ഞി) പട്ടം നല്കി ആദരിച്ചത് സാക്ഷാല്‍ രവീന്ദ്രനാഥ ടഗോര്‍. ടഗോറിന്റെ പ്രിയ ഗായികയായിരുന്നു ഈ സംഗീത രത്നം. ജയ്പൂര്‍-അത്രൗളി ഘരാനയെന്നറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീത ശൈലി പിന്തുടര്ന്നിരുന്ന സംഗീതജ്ഞയായിരുന്നു കേസര്‍ബായ്. കിരാന ഘരാനയില്‍ പ്രസിദ്ധനായിരുന്ന അബ്ദുള്‍ കരിം ഖാന്, ഗ്വാളിയോര്‍ ഘരാന ശൈലി സ്വീകരിച്ചിരുന്ന രാമകൃഷ്ണബുവ വസെ, സെനിയ ഘരാനയിലെ ബര്‍ക്കത്തുള്ള ഖാന്, ജയ്പൂര്‍-അത്രൗളി ഘരാനയിലെ ഭാസ്കര്‍ബുവ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. ആ പഠനകാലയളവ് വളരെ ഹൃസ്വമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതം ആഴത്തില്‍ പഠിക്കുകയെന്ന ആഗ്രഹവുമായി മറ്റൊരു ഗുരുവിനെ കേസര്‍ബായ് തേടി. ആ അന്വേഷണം അല്ലാദിയ ഖാനിലെത്തിയാണ് അവസാനിച്ചത്.
പരിശീലനകാലയളവില്‍ അദ്ദേഹത്തിന്റെ ശൈലി പിന്തുടരാന് കേസര്ബായിക്ക് സാധിച്ചിരുന്നില്ല. അദ്ദേഹം ആ പെണ്‍കുട്ടിയെ ശിഷ്യയായി സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ കൊലാപൂര്‍ ഭരണാധികാരിയായിരുന്ന ഷാഹു മഹാരാജ് കേസര്ബായിക്കുവേണ്ടി ഇടപെട്ടതോടെയാണ് അല്ലാദിയ ഖാന് അവരെ ശിഷ്യയായി സ്വീകരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കീഴില്‍ തുടര്‍ച്ചയായി 25 വര്‍ഷം പരിശീലനം. രാജ്യത്തുടനീളം ഇക്കാലയളവില്‍ അവര്‍ സംഗീത പരിപാടികളും അവതരിപ്പിച്ചു.
1953 ല്‍ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 1969 ല്‍ പത്മഭൂഷണ്‍ ബഹുമതിയും തേടിയെത്തി. അതേവര്‍ഷം തന്നെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ രാജ്യഗായിക പുരസ്കാരവും ലഭിച്ചു. അവരുടെ മാസ്മരിക ശബ്ദത്തിന് ആരാധകര്‍ ഏറെയുണ്ടായിരുന്നു. അതിലൊരാളായിരുന്നു സംഗീത ഗവേഷകനായ റോബര്‍ട്ട് ഇ.ബ്രൗണ്‍ കേസര്‍ബായിയുടെ ഭൈരവി രാഗത്തിലുള്ള ഗാനം, അന്ത്യന്‍ ശാസ്ത്രീയ സംഗീത്തിലെ ഉദാത്ത ഉദാഹരണം എന്നാണ് വിലയിരുത്തിയിരിക്കുന്നത്. വോയേജര്‍ 1 ന്റെ സുവര്‍ണ രേഖയില്‍ കേസര്‍ബായിയുടെ ശബ്ദം ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തത് റോബര്‍ട്ടാണ്.
ഗോള്‍ഡന്‍ റെക്കോഡിന്റെ പ്രൊഡ്യൂസറായിരുന്ന തിമോത്തി ഫെറിസ്, 1978 ല്‍ രചിച്ച മര്‍മേഴ്സ് ഓഫ് എര്‍ത്ത് എന്ന പുസ്തകത്തില്‍ ഭാരതത്തിന്റെ സംഭാവനയെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. 1977 ലാണ് കേസര്‍ ബായ് ഈ ലോകത്തോട് വിടപറഞ്ഞത്. പ്രപഞ്ച നിഗൂഢതകള്‍ തേടി വോയേജര്‍ 1 അന്ന് യാത്ര തുടങ്ങിയിട്ട് 10 ദിവസം പിന്നിട്ടതേയുണ്ടായിരുന്നുള്ളു. 1965 ലാണ് അവര്‍ അവസാനമായി സംഗീത കച്ചേരി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: