ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ജനകീയനാക്കുന്നത് നല്ല ഇടയന്റെ നേര്‍വഴി ദൗത്യം ഉള്ളതുകൊണ്ടാണ്. മനുഷ്യരില്‍ ദൈവ സാന്നിധ്യം കണ്ടെത്തുന്ന കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കാഴ്ചപ്പാട് പരത്തിക്കൊണ്ട് വിപ്ളവകരമായ അനവധി തീരുമാനങ്ങളും ഉപദേശങ്ങളും നല്‍കിയാണ് മാര്‍പ്പാപ്പ ജനമനസ് കീഴടക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഓരോ വാക്കും വലിയ ആവേശത്തിലാണ് ജനം സ്വീകരിക്കുന്നത്. കഴിഞ്ഞിടെ വിശുദ്ധ കുര്‍ബാനയ്ക്കിടെ പാപ്പ പറഞ്ഞത് നാണം കെട്ട ജീവിതം നയിച്ച് വിശ്വാസിയെന്നു പറഞ്ഞു നടക്കുന്നതിനെക്കാള്‍ നല്ലത് നിരീശ്വരവാദിയാകുന്നതാണു നല്ലതെന്നാണ്. കപട മതവിശ്വാസികള്‍ക്കെതിരെയുള്ള ശക്തമായ പരാമര്‍ശമായിരുന്നു അത്. അര്‍ജന്റീനയിലെ ആടിന്റെ ചൂടും ചൂരുമറിഞ്ഞ സാധാരണക്കാരനായ ഒരു അച്ചനില്‍ നിന്നുമുയര്‍ന്ന പാപ്പയ്ക്ക് അങ്ങനെയാകാനേ കഴിയൂ.
അപ്രിയ സത്യം വിളിച്ചു പറയുന്നതുകൊണ്ട് വിശ്വാസികളിലും പുരോഹിതര്‍ക്കിടയിലും അദ്ദേഹത്തോടു നീരസമുള്ളവരുണ്ട്. പക്ഷേ പലര്‍ക്കുമത് പ്രത്യക്ഷത്തില്‍ പറയാനാവില്ല, പാപ്പ പറയുന്നതാണ് നേരെന്നു അവര്‍ക്കുമറിയാം. വിശ്വാസിയായ കത്തോലിക്കന് ജീവിക്കുന്നതിനു ഒരു രീതിയുെണ്ടന്നാണ് പാപ്പ ഓര്‍മ്മിപ്പിച്ചത്. ദിവസവും പള്ളിയില്പ്പോകുമെന്നു പറയുന്നവര്‍ ജീവിക്കുന്നത് മറ്റൊരു തരത്തിലാണ്. ഒന്നു പറയും മറ്റൊന്നു പ്രവര്‍ത്തിക്കും. ജോലിക്കാര്‍ക്കു കൂലി കൊടുക്കില്ല. ആളുകളെ ചൂഷണം ചെയ്യും. കള്ളപ്പണം വെളുപ്പിക്കും. വലിയൊരു ശതമാനം ക്രിസ്ത്യാനികളും ജീവിക്കുന്നതു ഇതുപോലെയാണ്. സാധാരണ വിശ്വാസികള്‍ മാത്രമല്ല മത പ്രഭാഷണം നടത്തുന്ന പുരോഹിതര്‍പോലും ഇത്തരത്തിലാണെന്നും പാപ്പ വിമര്‍ശിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പുരോഹിതര്‍ സാത്താന്റെ കുര്‍ബാന അര്പ്പിക്കുന്നവരാണെന്നും അവരെ സഭയില്‍ നിന്നും പുറത്താക്കുമെന്നുവരെ മാര്‍പാപ്പ പറയുകയുണ്ടായി. ലൈംഗികമായി കുട്ടികളെ പുരോഹിതര്‍ ചൂഷണം ചെയ്യുന്നതിനെതിരെ പാപ്പ ലോകത്തോടു തന്നെ ക്ഷമ യാചിച്ചിട്ടുണ്ട്.
മാറ്റത്തിന്റെ അപ്പോസ്തല വചനങ്ങളാണ് പാപ്പയുടേത്. എന്റെ പാപങ്ങളെക്കുറിച്ചു ഓര്‍ക്കാനും അഹങ്കരിക്കാതിരിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. കാരണം കുറച്ചു കാലത്തേക്കേ ഇതുണ്ടാവൂ എന്നെനിക്കറിയാം. രണ്ടോ മൂന്നോ വര്‍ഷത്തിനു ശേഷം എനിക്കെന്റെ പിതാവിന്റെ പക്കലേക്കു പോകണം. മാധ്യമ പ്രവര്‍ത്തകരുടെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു ഈ മറുപടി. അഭയാര്‍ഥികള്‍ക്കു മുന്നില്‍ വാതില്‍ അടയ്ക്കുന്നവന് ക്രൈസ്തവനല്ലെന്നു പാപ്പ പറഞ്ഞു. അവരെ സ്വാഗതം ചെയ്യേണ്ടത് അത്യാവശ്യമാണ്.അതു ക്രൈസ്തവരുടെ കടമയും ഉത്തരവാദിത്വവുമാണ്. ഭീകരരുടെ ആക്രമണങ്ങള്‍കൊണ്ട് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തിനെതിരെ ചില രാഷ്ട്രങ്ങള്‍ വാതിലടച്ചപ്പോഴാണ് പാപ്പയുടെ പ്രതികരണമുണ്ടായത്.
ഭീകരതയ്ക്കെതിരേയും പാപ്പ ആഞ്ഞടിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ ഇറാഖില്‍ നടക്കുന്ന ക്രൂരമായ കശാപ്പുകള്ക്കെതിരെയാണ് അദ്ദേഹം ശക്തമായ ഭാഷയില്‍ ശബ്ദമുയര്‍ത്തിയത്. മാനവികതയ്ക്കും ദൈവത്തിനുമെതിരായ അവഹേളനമാണിത്. ദൈവത്തിന്റെ പേരില്‍ ഒരിക്കലും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കരുത്. ദൈവത്തിന്റെ പേരില്‍ യുദ്ധം ഉണ്ടാക്കുകയുമരുത് എന്നാണ് പാപ്പ പറഞ്ഞത്.
ക്രിസ്ത്യാനിയെ ക്രിസ്ത്വനുഭവമുള്ളവരാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നു തോന്നുന്നു പാപ്പ. ചുങ്കക്കാരെ ദേവാലയത്തില്‍ നിന്നും ചാട്ടവാറിനടിച്ചോടിച്ച യേശുവിനെപ്പോലെ ചിലപ്പോഴെല്ലാം പാപ്പ തന്റെ വാക്കുകളാകുന്ന ചാട്ടവാര്‍ ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: