മന് കീ ബാത്തിനു മുമ്പ് ഞാന്‍ അഭിപ്രായങ്ങള്‍ ചോദിക്കുമ്പോള്‍ നരേന്ദ്രമോദി ആപ്പിലും ട്വിറ്ററിലും ഫേസ്ബുക്കു വഴിയായും തപാലിലൂടെയും അനേകം അഭിപ്രായങ്ങള്‍ അയയ്ക്കുന്ന ജനങ്ങള്‍ക്കുള്ള നന്ദി ഞാന്‍ ആദ്യമായി വ്യക്തമാക്കട്ടെ. ഇതിന് ഞാന്‍ എല്ലാവരോടും കടപ്പെട്ടവനാണ്.
ശോഭാ ജാലാന്‍ നരേന്ദ്രമോദി ആപ്പില്‍ എഴുതി- വളരെയേറെ ആളുകള്‍ക്ക് ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളെപ്പറ്റി അറിയുകയില്ല. അതുകൊണ്ട് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിനെക്കുറിച്ചും ഇന്റര്‍സെപ്റ്റര്‍ മിസൈലിനെക്കുറിച്ചും അറിവു പകരണമെന്നാണ് അവര്‍ പറയുന്നത്. ശോഭാജീ, ഭാരതത്തിന്റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതില്‍ വളരെയേറെ നന്ദി. ദാരിദ്ര്യത്തെ നേരിടാനാണെങ്കിലും രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനാണെങ്കിലും ലോകവുമായി ബന്ധപ്പെടാനാണെങ്കിലും അറിവുകള്‍ നേടാനാണെങ്കിലും സാങ്കേതികവിദ്യയും ശാസ്ത്രവും അതിന്റെ പങ്ക് അടയാളപ്പെടുത്തിയിരിക്കുന്നു.
2017 ഫെബ്രുവരി 15 ഭാരതത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ ദിനമാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ ലോകത്തിന്റെ മുന്നില്‍ ഭാരതത്തിന്റെ ശിരസ്സ് സാഭിമാനം ഉയര്‍ത്താനവസരമുണ്ടാക്കിയിരിക്കുന്നു. ഐഎസ്ആര്‍ഒ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുമ്പില്ലാത്തവിധമുള്ള അനേകം ദൗത്യങ്ങള്‍ വിജയപ്രദമായി പൂര്‍ത്തിയാക്കി എന്ന് നമുക്കെല്ലാമറിയാം. ചൊവ്വാ ഗ്രഹത്തില്‍ മംഗള്യാന് എത്തിക്കുന്നതിലുള്ള വിജയത്തിനുശേഷം ഇപ്പോള്‍ കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ ശൂന്യാകാശത്ത് ഒരു ലോക റെക്കാര്‍ഡ് സ്ഥാപിച്ചിരിക്കയാണ്.
ഐഎസ്ആര്‍ഒ മെഗാദൗത്യത്തിലൂടെ അമേരിക്ക, ഇസ്രായേല്‍, കസാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലന്റ്, യുഎഇ, ഭാരതം തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങള്‍ വിജയപ്രദമായി അന്തരീക്ഷത്തിലേക്കു വിക്ഷേപിച്ചിരിക്കുന്നു. ഒരുമിച്ച് 104 ഉപഗ്രഹങ്ങളെ അന്തരീക്ഷത്തിലേക്കെത്തിച്ച് ചരിത്രം രചിച്ച ഭാരതം ലോകത്തെ ആദ്യ രാജ്യമായിരിക്കുന്നു. 38-ാം പ്രാവശ്യമാണ് പിഎസ്എല്‍വി ഇങ്ങനെ വിജയപ്രദമായി വിക്ഷേപിക്കപ്പെടുന്നുവെന്നത് സന്തോഷപ്രദമായ കാര്യമാണ്. ഇത് ഐഎസ്ആര്‍ഒയ്ക്കു മാത്രമല്ല, ഭാരതത്തിനു മുഴുവനുള്ള ചരിത്രനേട്ടമാണ്.
ഐഎസ്ആര്‍ഒ യുടെ ചെലവുകുറഞ്ഞ, കഴിവുറ്റ അന്തരീക്ഷ ദൗത്യം ലോകത്തിനുമുഴുവന്‍ ആശ്ചര്യകരമായിരിക്കുന്നു. ലോകം തുറന്ന മനസ്സോടെ ഭാരതത്തിലെ ശാസ്ത്രജ്ഞരുടെ വിജയത്തെ അഭിനന്ദിച്ചിരിക്കുന്നു. സഹോദരീ-സഹോദരന്മാരേ, ഈ 104 ഉപഗ്രങ്ങളില്‍ ഒന്ന് ഏറ്റവും മഹത്തായതാണ്. കാര്‍ട്ടോസാറ്റ്-2ഡി, ഇത് ഭാരതത്തിന്റെ ഉപഗ്രഹമാണ്. ഇതുവഴി ചിത്രങ്ങളെടുക്കുക, വിഭവങ്ങളുടെ വിവരശേഖരണം, അടിസ്ഥാനവികസനോപാധികളുണ്ടാക്കുക, വികസനങ്ങള്‍ തിട്ടപ്പെടുത്തുക, നഗരവികസനത്തിന്റെ ആസൂത്രണം എന്നിവയ്ക്ക് വളരെ സഹായകമാകും.
വിശേഷിച്ചും എന്റെ കര്‍ഷക സഹോദരീ-സഹോദരന്മാര്ക്ക്, രാജ്യത്ത് ലഭ്യമായ ജലസ്രോതസ്സുകള്‍ എത്രയാണ്, അവയുടെ ഉപയോഗം എങ്ങനെ നടക്കുന്നു, എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് തുടങ്ങിയ വിഷയങ്ങളില്‍ നമ്മുടെ ഈ പുതിയ ഉപഗ്രഹം-കാര്‍ട്ടോസാറ്റ് 2 ഡി വളരെ സഹായിക്കും.
നമ്മുടെ ഉപഗ്രഹം അവിടെ എത്തിയ ഉടന്‍ ചില ചിത്രങ്ങളയച്ചിട്ടുണ്ട്. അത് അതിന്റെ ജോലി ആരംഭിച്ചിരിക്കുന്നു. ഈ ദൗത്യത്തിന്റെ മുഴുവന്‍ നേതൃത്വം നമ്മുടെ യുവശാസ്ത്രജ്ഞരും നമ്മുടെ മഹിളാ ശാസ്ത്രജ്ഞരുമാണ് വഹിച്ചത് എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. യുവാക്കളുടെയും മഹിളകളുടെയും ഇത്രയധികം പങ്ക് ഐഎസ്ആര്‍ഒയുടെ വിജയത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ്.
ഞാന്‍ രാജ്യത്തെ ജനങ്ങളുടെ പേരില്‍ ഐഎസ്ആര്ഒശാസ്ത്രജ്ഞര്ക്ക് ആശംസകള്‍ നേരുന്നു. സാധാരണ ജനത്തിനായി, രാഷ്ട്രസേവനത്തിനായി അന്തരീക്ഷ ശാസ്ത്രത്തെ കൊണ്ടുവരികയെന്ന തങ്ങളുടെ ലക്ഷ്യം അവരെന്നും പുലര്‍ത്തിപ്പോന്നിട്ടുണ്ട്, നിത്യേനയെന്നോണം പുതിയ പുതിയ തൂവലുകള്‍ അവരുടെ കിരീടത്തില്‍ തുന്നിച്ചേര്‍ക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരേയും, അവരുടെ മുഴുവന്‍ സംഘത്തെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
ശോഭാജി മറ്റൊരു ചോദ്യം കൂടി ചോദിച്ചിട്ടുണ്ട്. അത് ഭാരതത്തിന്റെ സുരക്ഷയെക്കുറിച്ചാണ്. അക്കാര്യത്തില്‍ ഭാരതം ഒരു വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. അതെക്കുറിച്ച് അധികം ചര്‍ച്ചകള്‍ നടന്നിട്ടില്ല. എങ്കിലും ആ മഹത്തായ കാര്യത്തില്‍ ശോഭാജിയുടെ ശ്രദ്ധ പതിഞ്ഞു. ഭാരതം സുരക്ഷാമേഖലയിലെ ബാലിസ്റ്റിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയപ്രദമായി പരീക്ഷിച്ചിരിക്കുന്നു. ഇന്റര്‍സെപ്ഷന്‍ ടെക്നോളജിയുള്ള ഈ മിസൈല്‍ പരീക്ഷണപ്രയോഗത്തില്‍ ഭൂമിയില്‍ നിന്ന് ഉദ്ദേശം 100 കിലോമീറ്റര്‍ ഉയരത്തില്‍ ശത്രുമിസൈലിനെ നശിപ്പിച്ചുകൊണ്ട് വിജയം കൈവരിച്ചു. സുരക്ഷാമേഖലയില്‍ ഇത് വളരെ മഹത്തായ നേട്ടമാണ്.
ലോകത്തിലെ, കഷ്ടിച്ച് നാലോ അഞ്ചോ രാജ്യങ്ങള്‍ക്കേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ എന്നറിയുന്നത് സന്തോഷപ്രദമായിരിക്കും. ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ ഇതു കൈവരിച്ചു കാണിച്ചു. ഭാരതത്തെ ലക്ഷ്യമിട്ടു വരുന്ന മിസൈല്‍ 2000 കിലോമീറ്റര്‍ ദൂരെനിന്നാണെങ്കില്‍ പോലും ഈ മിസൈല്‍ അന്തരീക്ഷത്തില്‍വച്ചുതന്നെ അതിനെ നശിപ്പിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം.
പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ കാണുമ്പോള്‍, പുതിയ പുതിയ ശാസ്ത്രനേട്ടങ്ങള്‍ കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നുന്നു. മനുഷ്യന്റെ വികസനയാത്രയില്‍ ജിജ്ഞാസ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വിശേഷബുദ്ധിയും പ്രതിഭയുമുള്ളവര്‍ ജിജ്ഞാസയെ ജിജ്ഞാസയായിരിക്കാനനുവദിക്കുന്നില്ല. അവര്‍ അതിനുള്ളില്‍ ചോദ്യമുയര്‍ത്തുന്നു, പുതിയ ജിജ്ഞാസകളന്വേഷിക്കുന്നു, പുതിയ ജിജ്ഞാസകള്‍ക്ക് ജന്മം കൊടുക്കുന്നു. ആ ജിജ്ഞാസ പുതിയ കണ്ടുപിടുത്തത്തിന് കാരണമാകുന്നു. അവരുടെ ജിജ്ഞാസയ്ക്കു ശമനമുണ്ടാകുന്നതുവരെ അവര്‍ ശാന്തരായി ഇരിക്കുന്നില്ല.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട മനുഷ്യന്റെ വികസനയാത്ര അവലോകനം ചെയ്താല്‍ മനുഷ്യജീവിതത്തിന്റെ ഈ വികസനയാത്രയ്ക്ക് എവിടെയും പൂര്‍ണ്ണവിരാമം ഉണ്ടാവില്ലെന്നു നമുക്കു കാണാം. പൂര്‍ണ്ണ വിരാമം അസാധ്യമാണ്. ബ്രഹ്മാണ്ഡത്തെ, സൃഷ്ടിനിയമങ്ങളെ, മനുഷ്യമനസ്സിനെ അറിയാനുള്ള ശ്രമം നിരന്തരം നടന്നുപോരുന്നു. പുതിയ ശാസ്ത്രം, പുതിയ സാങ്കേതിക വിദ്യ അതില്‍ നിന്നാണു ജന്മംകൊള്ളുന്നത്. എല്ലാ സാങ്കേതിക വിദ്യയും, ശാസ്ത്രത്തിന്റെ എല്ലാ പുതിയ രൂപങ്ങളും ഒരു പുതിയ യുഗത്തിനാണ് ജന്മം കൊടുക്കുന്നത്.
എന്റെ പ്രിയപ്പെട്ട യുവാക്കളേ, നാം ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും കഠിനാദ്ധ്വാനത്തിന്റെ കാര്യം പറയുന്നു. പലപ്പോഴും നമ്മുടെ യുവതലമുറയ്ക്ക് ശാസ്ത്രത്തോടുള്ള അഭിനിവേശം വര്‍ദ്ധിക്കണമെന്ന് ഞാന്‍ ‘മന് കീ ബാത്തി’ല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. രാജ്യത്തിന് വളരെയേറെ ശാസ്ത്രജ്ഞരെ ആവശ്യമുണ്ട്. ഇന്നത്തെ ശാസ്ത്രജ്ഞര്‍ വരുംയുഗങ്ങളിലെ വരുംതലമുറയുടെ ജീവിതത്തില്‍ ഒരു പുതിയ മാറ്റത്തിന് കാരണക്കാരായി മാറുന്നു.
മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട് -‘ഒരു ശാസ്ത്രവും തികഞ്ഞ രൂപത്തില്‍ ആകാശത്തു നിന്നു പൊട്ടി വീണതല്ല. എല്ലാ ശാസ്ത്രങ്ങളും വികസിച്ച് അനുഭവങ്ങളുടെ മേല്‍ കെട്ടിപ്പടുക്കപ്പെട്ടതാണ്.’
പൂജനീയ ബാപ്പു ഇതുംകൂടി പറഞ്ഞു, ‘സത്യത്തിനു പിന്നാലെയുള്ള ആധുനിക ശാസ്ത്രജ്ഞരുടെ അന്വേഷണത്തില്‍ അവരെ നയിച്ച ഉത്സാഹം, അദ്ധ്വാനശീലം, സമര്‍പ്പണം എന്നിവയെ ഞാന്‍ നിറഞ്ഞ മനസ്സോടെ പ്രകീര്‍ത്തിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: