കര്‍മ്മങ്ങള്‍ക്കു വിളനിലമാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.
ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും
സക്തരായ വിഷയീജനങ്ങള്‍ക്കും
ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമിയറിഞ്ഞാലും
വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.
അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും
ഭൂപത്മത്തിനു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കര്‍മ്മബീജമതീന്നു മുളയ്‌ക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും,
കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത
മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.
കലികാലമഹിമ
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാന്‍.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീര്‍ത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമ്മൂന്നിലുമുള്ള ജനങ്ങളൂം
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യത വരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്‌കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?
(ജ്ഞാനപ്പാനയില്‍നിന്ന്)
















