ലോക ചരിത്രം പരിശോധിക്കുമ്പോൾ ഒരു പാട് സ്വേച്ഛാധിപതികളെ നമുക്ക് കാണാനാകും. ജനങ്ങളെ അടിച്ചമർത്തി തങ്ങളുടെ അധികാരം പരമാവധി ദുരുപയോഗം ചെയ്യുന്ന ഇക്കൂട്ടർക്ക് മാനുഷിക മൂല്യങ്ങളുടെ വില അൽപം പോലുമില്ലെന്ന് നിസംശയം പറയാനാകും. ഈ കാലഘട്ടത്തിൽ ഇതിനുള്ള ഉത്തമ ഉദാഹരണമാണ് സിറിയയിലെ ബാഷർ അൽ അസദ് എന്ന ഏകാധിപതി. തന്റെ ഭരണം തീർത്തും പരാജയമെന്ന് തിരിച്ചറിഞ്ഞ ജനങ്ങളെ കൊന്നൊടുക്കി അധികാരം കാത്ത് സൂക്ഷിക്കുന്ന അസദിനെ ഒരു അഭിനവ ഹിറ്റ്‌ലർ എന്ന് വേണമെങ്കിൽ പറയാം. സിറിയയിൽ ഉടലെടുത്ത ആഭ്യന്തര യുദ്ധത്തിന്റെ യഥാർത്ഥ കാരണക്കാരൻ ബാഷർ തന്നെയാണ്.
രാജ്യത്ത് അഴിമതി തുടർക്കഥയായ സാഹചര്യത്തിലാണ് അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയിലും 2011 ല്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള മുറവിളികള്‍ തുടങ്ങിയത്. കുടുംബ ഭരണം രാജ്യത്തിന് നൽകിയത് തൊഴിലില്ലായ്‌മയും സാമൂഹ്യ അരക്ഷിതാവസ്തയുമായിരുന്നു. ഇതിനെതിരെ ഒരുപറ്റം ചെറുപ്പക്കാർ തുടങ്ങിയ സമരം എത്തിപ്പെട്ടത് രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഭ്യന്തര യുദ്ധത്തിലേക്കാണ്. അസദിനെ എതിർക്കുന്നവർ ഫ്രീ സിറിയന്‍ ആര്‍മി (എഫ്.എസ്.എ) എന്ന വിമത സൈന്യം രൂപീകരിച്ചു. വിവിധ ഗോത്രങ്ങളും സൈന്യത്തിലെ സര്‍ക്കാര്‍ വിരുദ്ധരും ചേര്‍ന്നാണ് ഈ സൈനിക സംഘത്തിന് രൂപംനല്‍കിയത്.
ഇവർക്കെതിരെ അസദിന്റെ സൈന്യം നടത്തുന്ന ആക്രമണത്തിൽ കൊല്ലപ്പെടുന്നത് നിരവധി സാധാരണക്കാരാണ്. രാജ്യത്തിന്റെ പല നഗരങ്ങളും ആക്രമണങ്ങളിൽ തകർന്നടിഞ്ഞു. ലോക പൈതൃകഭൂപടത്തിൽ ഏറെ പ്രശ്സ്തിയുള്ള ആലപ്പോ നഗരം ചാരമായി മാറിയിരിക്കുകയാണിപ്പോൾ. വ്യോമാക്രമണവും ഹെലികോപ്റ്റര്‍ ബാരല്‍ ബോംബിങും ആയിരക്കണക്കിന് സാധാരണ ജീവിതങ്ങളെ തൂത്തെറിഞ്ഞു. ഇതിൽ കൊല്ലപ്പെടുന്നവരിൽ ഏറിയ പങ്കും സ്ത്രീകളും കുഞ്ഞുങ്ങളുമാണ് എന്നത് ഏറെ ദു:ഖകരമായ സംഗതിയാണ്. ഇപ്പോഴും സിറിയയിലെ പല നഗരങ്ങളിലും നിന്നും ജനങ്ങൾ യൂറോപ്പിലേക്കും മറ്റ് കുടിയേറിക്കൊണ്ടിരിക്കുകയാണ്.
ആറ് വർഷത്തിലധികമായി നിലനിൽക്കുന്ന യുദ്ധത്തിൽ ഗുരുതരമായ മനുഷ്യാവകാശധ്വംസനം നടന്നതായി ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ കണക്കുപ്രകാരം എകദേശം നാലര ലക്ഷം പേർ കൊല്ലപ്പെടുകയും 40 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തു എന്നാണു വിലയിരുത്തൽ. അസദിന്റെ ക്രൂരതയ്‌ക്കൊപ്പം ഭീകരസംഘടയായ ഐഎസിന്റെ ആക്രമണം കൂടിയായപ്പോള്‍ സിറിയയുടെ മണ്ണിൽ ചോരപ്പുഴ ഒഴുകാൻ തുടങ്ങി. ഇപ്പോൾ ക്രൂരതയുടെ അങ്ങേയറ്റം വരെ ഐ.എസ് അവിടെ ചെയ്തു കഴിഞിരിക്കുന്നു.
അധികാരത്തിനു വേണ്ടി അസദ് ഭരണകൂടം സ്വന്തം ജനങ്ങളെ തന്നെ കൂട്ടക്കൊല ചെയ്യുമ്പോൾ നഷ്ട്മാകുന്നത് രാജ്യത്തിന്റെ ഭാവി തലമുറയെ തന്നെയാണ്. അതോടൊപ്പം വിശുദ്ധ യുദ്ധത്തിന്റെ പേരിൽ ഭീകരത എളുപ്പത്തിൽ പടർത്താൻ ഐഎസിന് സഹായകമാകുകയും ചെയ്യും.
ഇവിടെ ഒരു കാര്യം വിസ്മരിക്കാൻ സാധിക്കില്ല, പേരുകേട്ട പല ഏകാധിപതികളെയും തെരുവിൽ ജനങ്ങൾ തന്നെയാണ് കൊലപ്പെടുത്തിയത്. ഫാസിസ്റ്റായിരുന്ന മുസോളിനിയെ കൊലപ്പെടുത്തി ജനങ്ങൾ നഗരമധ്യത്തിൽ തലകീഴായി കെട്ടിത്തുക്കിയതും ഗദ്ദാഫിയെ പരസ്യമായി വിമതർ മർദ്ദിച്ച് വെടിവച്ച് കൊലപ്പെടുത്തിയതും ഇതിന് ഉദാഹരണമാണ്. അധികാരം എന്നത് എപ്പോഴും തങ്ങൾക്ക് ശക്തി നൽകുമെന്ന അഹങ്കാരം ബാഷർ അൽ അസദിനും ഒരു നാൾ ഉപേക്ഷിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: