ഒഴിവാക്കാം സപ്ത തിന്മകള്‍ (3)
മഹാത്മാഗാന്ധി പറഞ്ഞ, ഒഴിവാക്കേണ്ട ഏഴ് തിന്മകളെക്കുറിച്ച്, സര്‍വ്വോദയസമൂഹത്തിന്റെ നിര്‍മ്മിതിയെക്കുറിച്ച്….
ഗാന്ധിജി ചൂണ്ടിക്കാട്ടിയ അഞ്ചാമത്തെ തിന്മ ധാര്‍മ്മികതയില്ലാത്ത കച്ചവടമായിരുന്നു.
സമൂഹജീവിതത്തിലെ അനിവാര്യമായ സേവനമാണ് കച്ചവടം. മനുഷ്യന് ഉപജീവനത്തിനാവശ്യമായ വസ്തുക്കള്‍ കച്ചവടത്തിലൂടെയാണ് ഏവര്‍ക്കും ലഭ്യമാകുന്നത്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം, വില, തൂക്കം, കൈമാറ്റരീതികള്‍ എന്നിവയിലെല്ലാം പരമാവധി സത്യസന്ധതയും സുതാര്യതയും പാലിക്കേണ്ടത് വ്യാപാരിയുടെ ധര്‍മ്മമാണ്. ഇത്തരം സേവന പ്രവര്‍ത്തനത്തിലൂടെ ചെറിയൊരു ലാഭം വരുമാനമാകുന്നതും ധാര്‍മ്മികമാണ്. കൊള്ളലാഭത്തിന് മായം ചേര്‍ത്തും അനാവശ്യമായ രാസകീടനാശിനികള്‍ ചേര്‍ത്തും അമിതവില ചുമത്തിയും അളവിലും തൂക്കത്തിലും വെട്ടിപ്പുനടത്തിയും കൈമാറ്റ രീതിയില്‍ നിഗൂഢത സൃഷ്ടിച്ചും ഉപഭോക്താക്കളെ വഞ്ചിക്കുന്ന കച്ചവടം അധാര്‍മ്മികമാണ്. തിന്മയാണ്.
6. ത്യാഗമില്ലാത്ത മതം
ത്യാഗവും സേവനവുമാണ് ഏതൊരു മതത്തിന്റെയും മുഖമുദ്ര സ്‌നേഹമാണ് ഇതിന്റെ ചാലകശക്തി. സകലജീവജാലങ്ങളിലും ഈശ്വരചൈതന്യം ഉള്‍ക്കൊള്ളുന്നു എന്ന സത്യമാണ് ഇതിന്റെ അടിസ്ഥാനം. ഈശ്വരാംശം തന്നെയായ ഏതൊരു ജീവിക്കുംവേണ്ടി ചെയ്യുന്ന സേവനവും അര്‍പ്പിക്കുന്ന ത്യാഗവും ഈശ്വര ആരാധന തന്നെയാണ്. വ്യക്തിജീവിതത്തിലെ സുഖഭോഗങ്ങളെ അല്‍പ്പം ഒന്നു മാറ്റി നിര്‍ത്തുമ്പോള്‍ ലഭ്യമാകുന്ന സമ്പത്തും സമയവും ശ്രദ്ധയും സഹജീവികള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ യജ്ഞസംസ്‌കാരം. റംസാന്‍കാലത്തെ സക്കാത്തിന്റെ ദര്‍ശനവും ഇതുതന്നെ. ഏറ്റവും എളിയവന് നല്‍കുമ്പോള്‍ നീ എനിക്ക് തന്നെ നല്‍കുന്നു എന്ന് യേശുക്രിസ്തുവിന്റെ വിശദീകരണവും ഈയൊരു പശ്ചാത്തലത്തിലാണ്. മാനവസേവ മാധവസേവയാകുന്നത് അപ്പോഴാണ്. ഇപ്രകാരം ചെയ്യുന്നവനാണ് മതവിശ്വാസി. അയല്‍ക്കാരനും സമൂഹത്തിനും പരമാവധി ദോഷങ്ങള്‍ വരുത്തിവച്ച് അധര്‍മ്മത്തിലൂടെ നേടുന്ന സമ്പത്തിന്റെ ഒരു വിഹിതം പേരിനും പ്രശസ്തിക്കുംവേണ്ടി ആരാധനാലയങ്ങളില്‍ സമര്‍പ്പിക്കുന്നത് ത്യാഗമോ സേവനമോ അല്ല.
7. മനുഷ്യത്വമില്ലാത്ത ശാസ്ത്രം
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സത്യത്തെ കണ്ടെത്തുന്ന പ്രക്രിയയാണ് ശാസ്ത്രം. ഇത് രണ്ടുവിധമുണ്ട്. മനുഷ്യന്റെ ആന്തരികമായ നിരീക്ഷണങ്ങളിലൂടെ ധ്യാനമനനങ്ങളിലൂടെ ആത്മീയമായ ഏകത്വത്തെ കണ്ടെത്തലാണ് ആദ്ധ്യാത്മികശാസ്ത്രം.
ബാഹ്യമായ പ്രതിഭാസങ്ങളെ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിച്ചേരുന്നതിനെ ഭൗതികശാസ്ത്രം എന്നുപറയുന്നു.
ആദ്ധ്യാത്മിക ശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും ലക്ഷ്യം സമൂഹനന്മയാണ്. ശാസ്ത്രത്തിന്റെ നേട്ടങ്ങളെ വ്യക്തിയുടെയും സമൂഹത്തിന്റെയും ഗുണത്തിനുവേണ്ടി ഉപയോഗപ്പെടുത്തണം. ജീവിതത്തില്‍ സമാധാനവും സുസ്ഥിരതയും നേടാന്‍ ഇത്തരം ശാസ്ത്രത്തിന്റെ പ്രയോഗത്തിന് സാധിക്കും.
എന്നാല്‍ മനുഷ്യത്വഹരിതമായി ശാസ്ത്രത്തെ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ സമൂഹത്തിന്റെ സര്‍വനാശത്തിന് അത് കാരണമാകും. മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ പ്രയോഗമാണ് ശാസ്ത്രത്തിന് ഉണ്ടാകേണ്ടത്. മനുഷ്യത്വരഹിതമായി പ്രയോഗിക്കുന്ന ശാസ്ത്രം തീര്‍ച്ചയായും തിന്മതന്നെ.
(പ്രമുഖ സര്‍വ്വോദയ പ്രവര്‍ത്തകനാണ് ലേഖകന്‍. 9446401576)
















