മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ തിളങ്ങുന്ന ഉദാഹരണം
ഇന്ത്യയുടെ യശസ്സും വൈഭവവും ഉയര്‍ത്താന്‍ രണ്ടുകൊല്ലമായി നടക്കുന്ന അനേകം നൂതനപദ്ധതികളില് ചിലതാണ് മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നിവ. ഈ പദ്ധതികളെല്ലാം സമന്വയിച്ച പദ്ധതിയാണ് ജനുവരി 12 ന് വൈക്കം ബോട്ടുജെട്ടിയില്‍ കേരള മുഖ്യമന്ത്രിയും കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രിയും ചേര്‍ന്ന് നീറ്റിലിറക്കിയ ‘ആദിത്യ’ സൗരോര്‍ജ്ജ യാത്രാ ബോട്ട്. ആദിത്യ വൈക്കത്തു നിന്ന് ആലപ്പുഴ ജില്ലയിലെ തവണക്കടവിലേക്ക് ഓടാന്‍ തുടങ്ങിയത് ഭാരതത്തിന്റെ ഗതാഗത ചരിത്രത്തിലെതന്നെ നാഴികക്കല്ലായി. ജലഗതാഗത മേഖലയില്‍ പുതു വിപ്ലവത്തിന് നാന്ദികുറിച്ച ആദിത്യ സൗരോര്‍ജ്ജ ബോട്ടിന്റെ ഉത്ഭവ നാളുകളിലേക്ക്.
കൊച്ചിന് സര്‍വ്വകലാശാലയിലെ ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ അദ്ധ്യാപകരായ ഡോ. കെ. ശിവപ്രസാദും ഡോ.ദിലീപ് കൃഷ്ണനും 1997ലും 1998ലും രണ്ട് ദേശീയ സെമിനാറുകളില്‍ സൗരോര്‍ജ്ജ ബോട്ടിന്റെ രൂപകല്‍പ്പന സംബന്ധിച്ച സാങ്കേതിക പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 2001 ല്‍ ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ രണ്ടുവിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ബി-ടെക് പ്രോജക്ടായി സൗരോര്‍ജ്ജ ബോട്ടായിരുന്നു രൂപകല്‍പ്പന ചെയ്തത്. ഒന്ന് 35 പേര്‍ക്ക് കയറാവുന്ന രണ്ടുഹള്ളുകള് ഉള്ള കട്ടമരാന് ബോട്ട്, പേര് എം.വി.ആദിത്യ എന്നുതന്നെ. ഡോ.ദിലീപ് കൃഷ്ണനും ഡോ.കെ. ശിവപ്രസാദും ആയിരുന്നു ഓരോ ബോട്ടിന്റേയും രൂപകല്പനയുടെ ഗൈഡുമാരായിരുന്നത്. 2006 ല്‍ കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ തന്നെയുള്ള മറൈന്‍ എന്‍ജിനീയറിങ് ബി-ടെക് വിദ്യാര്‍ത്ഥികള്‍ ഡോ.ദിലീപ് കൃഷ്ണന്റെ നേതൃത്വത്തില്‍ ചെയ്ത അവസാന വര്‍ഷ ബിടെക് പ്രോജക്ട്, 6 പേര്‍ക്ക് കയറാവുന്ന സൗരോര്‍ജ്ജ ബോട്ട് നിര്‍മ്മിച്ച് കൊച്ചിയില്‍ നടന്ന ഒരു ബോട്ട് പ്രദര്‍ശനത്തില്‍ വെള്ളത്തില്‍ ഓടിച്ചു കാണിക്കുകയും ചെയ്തു.
2011-12 കാലഘട്ടത്തില്‍ കേരളത്തിലെ ഉള്‍നാടന്‍ ഗതാഗതത്തിന് ഊന്നല്‍ കൊടുത്തുള്ള പല പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. കേരള ജലഗതാഗതവകുപ്പ് മേധാവി ഷാജി നായരുടെ മനസ്സില്‍ ഉദിച്ച പദ്ധതിയാണ് ഈ ആധുനിക ബോട്ട് സര്‍വ്വീസ്. സൗരോര്‍ജ്ജത്തില്‍ അധിഷ്ഠിതമായ ബോട്ടിനെക്കുറിച്ച് ഡോ.ദിലീപ് കൃഷ്ണനും ഡോ.കെ.ശിവപ്രസാദും കൂടി പഠിച്ചതിന് ശേഷം റിപ്പോര്‍ട്ട് ജലഗതാഗതവകുപ്പിന് നല്കി. ഒന്നരക്കോടി രൂപയിലേറെ രൂപ ചിലവുവരുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചലിപ്പിക്കുന്ന ബോട്ടിന് കേരള സര്‍ക്കാര്‍ നിര്‍മ്മാണ അനുമതിയും നല്കി. സാമുദ്രിക, ഊര്‍ജ്ജ വകുപ്പുകളിലെ വിദഗ്ധരുള്‍പ്പെട്ട സമിതിയെ മേല്‍നോട്ടത്തിന് നിയോഗിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കേരള പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ്, ജലഗതാഗതവകുപ്പ്, പാരമ്പര്യേതര ഊര്‍ജ്ജ ഏജന്‍സിയായ അനെര്‍ട്ട് എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ അടങ്ങുന്ന സമിതിയായിരുന്നു ഈ സൗരോര്‍ജ്ജ ബോട്ടിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഈ സാങ്കേതിക സമിതിയുടെ പ്രത്യേക തീരുമാനപ്രകാരം ഐഐടി മദ്രാസിലെ മുന്‍ പ്രൊഫസറും ഫൈബര്‍ ബോട്ടിന്റെ സാങ്കേതിക വിദഗ്ധനുമായ ഡോ.എന്‍.ജി.നായരേയും സമിതിയില്‍ ഉള്‍പ്പെടുത്തി.
ബോട്ടിനുള്ളില്‍ ഒരു തുള്ളി ഇന്ധനം പോലും ഉണ്ടാകരുത് എന്ന ദൃഢമായ തീരുമാനത്തോടെയാണ് രൂപകല്‍പ്പന നീങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ പര്‍ച്ചേസ് നിയമപ്രകാരം രണ്ടുതവണ കരാര്‍ സംബന്ധിച്ച രേഖകള്‍ പ്രസിദ്ധപ്പെടുത്തിയാണ് ബോട്ട് നിര്‍മ്മാണം നവാള്‍ട്ടിന് നല്‍കിയത്. ബോട്ടിന്റെ നിര്‍മ്മാണം കേരളത്തിലെ ആദ്യത്തെ മേക്ക്-ഇന്‍ ഇന്ത്യ പദ്ധതിയുടെ നാന്ദിയായിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓടുന്ന ഈ സൗരോര്‍ജ്ജ ബോട്ടിന്റെ നിര്‍മ്മാണം കേരളത്തില്‍വച്ചുതന്നെ നടത്തണം എന്നത് നിര്‍ബന്ധമായിരുന്നു. ഫ്രഞ്ച് സ്ഥാപനമായ ആള്ട്ടെനും നവഗതി മറൈന്‍ ഡിസൈന്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡും കേരളത്തിലെ വിവിധ സാങ്കേതിക സ്ഥാപനങ്ങളുമായി ഒത്തുചേര്‍ന്ന് ബോട്ടിന്റെ നിര്‍മ്മാണം നടത്തി. ഇന്ത്യന്‍ സാമുദ്രിക സാങ്കേതിക സ്ഥാപനമായ ഐആര്എസ്സാണ് ഓരോ ഘട്ടത്തിലും അനുമതി നല്‍കിയത്.
ആലപ്പുഴ അരൂരിലെ ഉന്നത സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് ബില്‍ഡിംഗ് യാര്‍ഡിലാണ് ബോട്ടിന്റെ ഹള്‍ നിര്‍മ്മിച്ചത്. ഏറ്റവും പ്രധാനകണ്ണിയായ സൗരോര്‍ജ്ജ പാനലുകള്‍ ഭാരതത്തില്‍ തന്നെയാണ് നിര്‍മ്മിച്ചത്. മുന്തിയ ഇനം ആധുനിക ലിഫിയം ബാറ്ററികളാണ് സോളാര്‍ പാനലുകളില്‍ നിന്ന് വരുന്ന ഊര്‍ജ്ജ സംഭരണവും പങ്കയിലേക്കും ചുക്കായത്തിലേക്കും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള വൈദ്യുത ഊര്‍ജ്ജം കൊടുക്കുന്നത്. ഈ ബാറ്ററികള്‍ വിദേശ നിര്‍മ്മിതമാണ്.
ആദിത്യയുടെ അമരവും ചുക്കായവും കൂട്ടിയോജിപ്പിച്ച് ഓടിക്കുന്നത് അന്താരാഷ്ട്ര ഗുണനിലവാരത്തില്‍ നിര്‍മ്മിച്ച സ്റ്റിയറിംഗ് ഗിയര്‍ സംവിധാനത്തിന്റെ സഹായത്തോടുകൂടിയാണ്. ഐആര്‍എസിന്റെ മുദ്രകിട്ടിയിട്ടുള്ള ഈ സ്റ്റിയറിംഗ് ഗിയര്‍ സംവിധാനം മറൈന്‍ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മുതല്‍ക്കൂട്ടാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ സംഗമമായ ഈ സൗരോര്‍ജ്ജ ബോട്ടിന്റെ സമഗ്രമായ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നതിനുള്ള വൈദ്യുതി നിയന്ത്രണവും സോഫ്റ്റ് വെയറും ആള്‍ട്ടണ്‍ കമ്പനിയുടേതാണ്. അങ്ങനെ മേക്ക്-ഇന്‍-ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവന്ന ഉന്നത സാങ്കേതികവിദ്യയുടെ ഉദാഹരണമാണ് സൗരോര്‍ജ്ജ ബോട്ട് ആദിത്യ. പരിസ്ഥിതി സംരക്ഷണത്തിനും ഹരിതകേരളത്തിനും മുതല്‍ക്കൂട്ടായ ഈ ബോട്ട് സ്വച്ഛ് ഭാരതത്തിന്റെ കൊടിപാറിച്ചുകൊണ്ട് വേമ്പനാട് കായലില്‍ ഇന്ന് ഓടുന്ന കാഴ്ച പ്രകൃതി സ്നേഹികളെ പുളകംകൊള്ളിക്കുന്നുണ്ടാകും.
ഉപഗ്രഹ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എവിടെനിന്നു വേണമെങ്കിലും ബോട്ടിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കുമെന്നതുകൊണ്ട് ആദിത്യയെ ഡിജിറ്റല്‍ ഇന്ത്യ വിഭാഗത്തിലും ഉള്‍പ്പെടുത്താം. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഉള്‍നാടന്‍ ബോട്ടാണ് ആദിത്യ.
ഇന്ത്യയുടെ സാങ്കേതിക പുരോഗതിയുടെ പര്യായമായി വൈക്കം കടവില്‍നിന്ന് മലയാളികളെ മറുകര കടത്തുന്ന ഈ മഹത്തരമായ കടത്തുവഞ്ചിയെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ അത്യന്തം അപലപനീയംതന്നെ. പ്രബുദ്ധരായ നാട്ടുകാര്‍ ഇതിനെതിരെ ശക്തമായി ശബ്ദം ഉയര്‍ത്തേണ്ടതുണ്ട്.
(കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നേളജിയിലെ അസോസിയേറ്റ് പ്രൊഫസറും, സോളാര്‍ ബോട്ട് നിര്‍മ്മാണ സമിതി, എസ്ഡബ്ള്യൂടിഡി ചെയര്‍മാനുമാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: