കൊച്ചി: ബിസിനസ്, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ ആവശ്യങ്ങള്‍ക്കായി ചെക്ക് റിപ്പബ്ലിക്കിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊച്ചിയില്‍ ഇന്നലെ തുറന്ന ചെക്ക് റിപ്പബ്ലിക്കിന്റെ വിസ പ്രോസസിംഗ് സെന്റര്‍, ഏറെ ഉപകാരപ്പെടുമെന്ന് ചെക്ക് വിദേശകാര്യ ഉപമന്ത്രി മാര്ട്ടിന് സ്മോളെക് പറഞ്ഞു. കൊച്ചിയില്‍ കേരളാ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ തുറന്ന ചെക്ക് വിസാകേന്ദ്രം സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ പതിനൊന്നാമത്തേതുമാണ്. ഇത്രയും കാലം ചെന്നൈയിലെ ചെക്ക് വിസാ കേന്ദ്രത്തെയാണ് കേരളത്തിലുള്ളവര്‍ ആശ്രയിച്ചിരുന്നത്. കൊച്ചിയില്‍ വിസാകേന്ദ്രം വന്നതോടെ കേരളത്തില്‍ നിന്ന് ചെക്ക് റിപ്പബ്ലിക്ക് സന്ദര്‍ശിക്കുന്ന ബിസിനസ്സുകാരുടേയുംം വിനോദസഞ്ചാരികളുടേയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വൈകാതെ തിരുവനന്തപുരത്തും ചെക്ക് വിസാകേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പല തവണ ചെക്ക് റിപ്പബ്ലിക് സന്ദര്‍ശിക്കാവുന്ന വിസകള്‍ നല്കുന്ന കാര്യമാണ് തങ്ങള്‍ പരിഗണിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യയിലെ ചെക്ക് അംബാസഡര്‍ മിലാന് ഹൊവോര്‍ക്ക പറഞ്ഞു. ഇന്ത്യയ്ക്കും ചെക്ക് റിപ്പബ്ലിക്കിനുമിടയില്‍ നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തുനിന്നുള്ള ബിസിനസ് പ്രതിനിധി സംഘത്തിന്റെ ചെക്ക് റിപ്പബ്ലിക് സന്ദര്‍ശനത്തിനായി കെസിസിഐ മുന്‍കയ്യെടുക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച കെസിസിഐ ചെയര്മാന് രാജാ സേതുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: